മുംബൈ∙ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിസിഐ വിലക്കി. മുൻകാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്. ഫലത്തിൽ, 2017 ഓഗസ്റ്റ് 15 ന് ആരഭിച്ച വിലക്ക് ഈ മാസം 14ന് അവസാനിക്കും. ഇതോടെ പഠാന് ഈ വർഷത്തെ ഐപിഎൽ മൽസരങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തേക്ക് വിലക്കേർപ്പെടുത്തിയ വിവരം ബിസിസിഐ പുറത്തുവിട്ടതിനു പിന്നാലെ, തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകിയ ബിസിസിഐയ്ക്ക് നന്ദിയറിയിച്ച് പഠാനും ട്വീറ്റ് ചെയ്തു.
2017 മാർച്ച് 16ന് ഡൽഹിയിൽ നടന്ന ഒരു ആഭ്യന്തര ട്വന്റി20 മൽസരത്തിനിടെയാണ് പഠാൻ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. ചുമയ്ക്കുള്ള മരുന്നിലെ നിരോധിത ഘടകമാണു പഠാനു വിനയായത്. ബിസിസിഐയുടെ ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഉത്തേജക മരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ രഞ്ജി സീസണിൽ ബറോഡ ടീമിൽ മുപ്പത്തഞ്ചുകാരനായ പഠാനെ ഉൾപ്പെടുത്തിയിരുന്നില്ല. ബിസിസിഐയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന പഠാനെ ഇത്തവണ അവർ ടീമിൽ നിലനിർത്തിയിട്ടില്ല. ഇതോടെ ജനുവരി 27, 28 തീയതികളിൽ നടക്കുന്ന താരലേലത്തിൽ പഠാനും ലേലത്തിനു വരും.
ഉത്തേജക വിരുദ്ധ ഏജൻസി നിരോധിത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയുള്ള ‘ടെർബ്യൂറ്റാലി’നാണ് വില്ലനായത്. പനി ബാധിച്ച സമയത്തു കഴിച്ച മരുന്നാണിതെന്നും പ്രകടനം മെച്ചപ്പെടുത്തുന്നതിനല്ല ഇത് ഉപയോഗിച്ചതെന്നും കാട്ടി പഠാൻ നൽകിയ മറുപടി തൃപ്തികരമാണെന്നും ബിസിസിഐ വ്യക്തമാക്കി.