Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ടെസ്റ്റിലും ഇന്നിങ്സ് ജയം, പരമ്പര; ശ്രീലങ്കയിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ

CRICKET-SRI-IND ശ്രീലങ്കൻ ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പുറത്തായപ്പോൾ

പല്ലേക്കലെ ∙ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കു കീഴിൽ ശ്രീലങ്കയിൽ ടീം ഇന്ത്യക്കു ചരിത്ര നേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്സിനും 171 റൺസിനും തകർത്ത് 3–0 ത്തിന് ഇന്ത്യ പരമ്പര തൂത്തുവാരി. 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്ത ശ്രീലങ്ക 181 റൺസിനു പുറത്തായി. മൽസരം അവസാനിക്കാൻ രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോഴാണ് ഇന്ത്യൻ ജയം. ലങ്കൻ മണ്ണിൽ ഇന്ത്യ ആദ്യമായാണ് സമ്പൂർണ ടെസ്റ്റ് പരമ്പര വിജയം നേടുന്നത്.

28.3 ഓവറിൽ 68 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ അശ്വിനും 15 ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴിത്തിയ മുഹമ്മദ് ഷാമിയും ചേർന്നാണ് ലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. ഉമേഷ് യാദവ് രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ തുടർച്ചയായ എട്ടാം പരമ്പര വിജയം കൂടിയാണിത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 487 റൺസിനെതിരെ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 135 റൺസാണെടുത്തത്.

ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 304 റൺസിനായിരുന്നു ഇന്ത്യൻ ജയം. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 53 റൺസിനും ഇന്ത്യ ശ്രീലങ്കയെ തകർത്തു. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യുമാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ആദ്യ മൽസരം ഓഗസ്റ്റ് 20നാണ്.

കൂട്ടത്തകർച്ചയുടെ ലങ്കയുടെ ആദ്യ ഇന്നിങ്സ്

ആറാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ശിഖർ ധവാന്റെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ പടുത്തുയർത്തിയ 487 റൺസിനെതിരെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 135 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തമാക്കിയത് 352 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.

sp-ashwin

ഒരു അർധസെഞ്ചുറി പോലും പിറക്കാതെ പോയ ലങ്കൻ ഇന്നിങ്സിൽ 48 റൺസെടുത്ത ക്യാപ്റ്റൻ ദിനേശ് ചണ്ഡിമലാണ് ടോപ് സ്കോറർ. നാലു വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബോളർ കുൽദീപ് യാദവാണ് ലങ്കൻ ബാറ്റിങ് നിരയിൽ കനത്ത നാശം വിതച്ചത്. രണ്ടു വിക്കറ്റു വീതം വീഴ്ത്തിയ മുഹമ്മദ് ഷാമി, അശ്വിൻ എന്നിവർ കുൽദീപിന് മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്സ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ആകെ എടുത്തു പറയാനുള്ളത് അഞ്ചാം വിക്കറ്റിൽ ചണ്ഡിമൽ–ഡിക്ക്‌വല്ല സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ട് മാത്രം. ഇന്ത്യൻ ബോളർമാരെ വെല്ലുവിളിച്ച് ഇരുവരും കൂട്ടിച്ചേർത്തത് 63 റൺസ്.

87 പന്തിൽ ആറു ബൗണ്ടറികളോടെയാണ് ചണ്ഡിമൽ 48 റൺസെടുത്തത്. 31 പന്തുകൾ നേരിട്ട ഡിക്ക്‌വല്ല നാലു ബൗണ്ടറികളോടെ 29 റൺസെടുത്ത് പുറത്തായി. കരുണരത്‌നെ (4), തരംഗ (5), കുശാൽ മെൻഡിസ് (18), മാത്യൂസ് (0), ദിൻറുവാൻ പെരേര (0), പുഷ്പകുമാര (10), സന്ദാകൻ (10), ഫെർണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കൻ താരങ്ങളുടെ പ്രകടനം. കുമാര റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

ലങ്കൻ ബോളർമാരെ ‘തല്ലിച്ചതച്ച്’ ഹാർദിക് പാണ്ഡ്യ

Hardik-Pandya കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുടെ ആഹ്ലാദം. ഉമേഷ് യാദവ് സമീപം.

4, 4, 6, 6, 6... മലിന്ദ പുഷ്പകുമാരയുടെ ഒരോവറിൽ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ അടിച്ചെടുത്ത റൺസാണിത്. ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്. ഒരു വിക്കറ്റ് ബാക്കിനിൽക്കെ ഇതേ സ്കോറിൽ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക്, മൽസരം പുനഃരാരംഭിച്ച് ആദ്യ ഓവറിൽത്തന്നെ പാണ്ഡ്യയെ നഷ്ടമായി. കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ച പാണ്ഡ്യ 108 റൺസെടുത്താണ് പുറത്തായത്. ഉമേഷ് യാദവ് മൂന്നു റൺസോടെ പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

പുഷ്പകുമാരയുടെ ഓവറിൽ ആകെ 26 റൺസ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തം പേരിലാക്കി. 27 വർഷമായി കപിൽ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റൺസിന്റെ റെക്കോർഡാണ് പാണ്ഡ്യയ്ക്കു മുന്നിൽ വഴിമാറിയത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ചുറി കുറിച്ചത്. അവസാന വിക്കറ്റുകളിൽ ‘ട്വന്റി20’യെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തിൽ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉൾപ്പെടെയാണ് 108 റൺസെടുത്തത്. 14 പന്തുകൾ നേരിട്ടാണ് യാദവ് മൂന്നു റൺസ് എടുത്തത്.

എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പം 62 റൺസിന്റെയും 10–ാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പവും 66 റൺസിന്റെയും കൂട്ടുകെട്ട് തീർത്ത ഹാർദിക് പാണ്ഡ്യയാണ് രണ്ടാം ദിനം ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.

അനുപമം, ഈ സെഞ്ചുറിക്കുതിപ്പ്

ഒരു വിക്കറ്റ് മാത്രം ബാക്കിനിൽക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിർത്തിയുള്ള പാണ്ഡ്യയുടെ സെഞ്ചുറിക്കുതിപ്പ് അത്യുഗ്രനായിരുന്നു. ഒൻപതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോൾ 54 പന്തിൽ 38 റൺസെന്ന നിലയിലായിരുന്നു പാണ്ഡ്യ. ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടർന്ന് സെഞ്ചുറിയിലേക്കെത്താൻ വേണ്ടിവന്നത് 32 പന്തുകൾ മാത്രം. പാണ്ഡ്യയുടെ സെഞ്ചുറി തടയാൻ ഫീൽഡിങ് തന്ത്രങ്ങളൊരുക്കിയ ലങ്ക ഉമേഷ് യാദവിനെ ലക്ഷ്യമിട്ടെങ്കിലും, സമ്മർദ്ദ നിമിഷങ്ങൾ അതിജീവിക്കാൻ യാദവിനായതോടെ പാണ്ഡ്യയുടെ കന്നി സെഞ്ചുറിക്ക് അരങ്ങൊരുങ്ങി. ഏഴു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെയാണ് പാണ്ഡ്യ സെഞ്ചുറിയിലെത്തിയത്. അതിനുശേഷം ശിഖർ ധവാനെ അനുകരിച്ചുള്ള പാണ്ഡ്യയുടെ ആഹ്ലാദ പ്രകടനം ഇന്ത്യൻ ഡ്രസിങ് റൂമിൽ ചിരി പടർത്തി.

ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറിന് 329 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം വിക്കറ്റിൽ ധവാൻ–രാഹുൽ സഖ്യം 188 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 141 റൺസിനിടെ ഇന്ത്യ ആറു വിക്കറ്റ് നഷ്ടമാക്കിയത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ പുഷ്പകുമാര, രണ്ടു വിക്കറ്റ് വീഴ്ത്തിയ സണ്ടാകൻ, അശ്വിനെ മടക്കിയ ഫെർണാണ്ടോ എന്നിവരാണ് ഇന്ത്യൻ മുന്നേറ്റത്തിന് കൂച്ചുവിലങ്ങിട്ടത്.

റെക്കോർഡ് ബുക്കിൽ ധവാൻ, രാഹുൽ

CRICKET-SRI-IND

ശ്രീലങ്കയിൽ സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന ഖ്യാതിയോടെ ശിഖർ ധവാനും ലോകേഷ് രാഹുലും ചേർന്ന് പടുത്തുയർത്തിയത് 188 റൺസ്. ഏകദിന ശൈലിയിൽ തകർത്തടിച്ച ധവാൻ 123 പന്തിൽ 17 ബൗണ്ടറികളോടെ 119 റണ്‍സെടുത്തു. 96.74 റൺ ശരാശരിയിലാണ് ധവാന്റെ സെ‍ഞ്ചുറി നേട്ടം. 1993ൽ ഇന്ത്യയുടെ തന്നെ മനോജ് പ്രഭാകർ–സിദ്ധു സഖ്യം പടുത്തുയർത്തിയ 171 റൺസ് കൂട്ടുകെട്ട് മറികടന്നാണ് ധവാൻ–രാഹുൽ സഖ്യം ലങ്കയിലെ സന്ദർശക ടീമിന്റെ ഉയർന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കിയത്. 135 പന്തിൽ എട്ടു ബൗണ്ടറികൾ കണ്ടെത്തിയ രാഹുൽ, സെഞ്ചുറിക്ക് 15 റൺസകലെ പുറത്തായി.

തുടർച്ചയായ ഏഴാം ഇന്നിങ്സിലാണ് ലോകേഷ് രാഹുൽ അർധസെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ കുമാർ സംഗക്കാര, ക്രിസ് റോജേഴ്സ്, ചന്ദർപോൾ, ആൻഡി ഫ്ലവർ തുടങ്ങിയ മഹാരഥൻമാർക്കൊപ്പമെത്തി രാഹുൽ. 2011നു ശേഷം വിദേശ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണറായി ശിഖർ ധവാൻ മാറുന്നതിനും ഈ മൽസരം സാക്ഷ്യം വഹിച്ചു. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രാഹുൽ ദ്രാവിഡാണ് ഏറ്റവും ഒടുവിൽ രണ്ടു ടെസ്റ്റുകളിൽ സെഞ്ചുറി നേടിയത്.

related stories