ഇത് കണ്ണുതുറപ്പിക്കുന്ന തോൽവി; ധോണിയുടെ പ്രകടനം പ്രതീക്ഷിച്ചത്: രോഹിത് ശർമ

ധരംശാല ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന ഒന്നാണെങ്കിലും, ഈ തോൽവി ടീമിന്റെ കണ്ണു തുറപ്പിച്ചെന്ന് താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ടോസ് നഷ്ടപ്പെട്ടെങ്കിലും 70–80 റൺസ് കൂടി അധികം കണ്ടെത്താനായിരുന്നെങ്കിൽ കളി മാറിയേനെയെന്നും രോഹിത് അഭിപ്രായപ്പെട്ടു. അതേസമയം, ധരംശാലയിലെ പിച്ച് ബാറ്റിങ്ങിന് ഒട്ടും അനുയോജ്യമായിരുന്നില്ലെന്നു പറഞ്ഞ ശ്രീലങ്കൻ ക്യാപ്റ്റൻ തിസാര പെരേര, ബോളർമാരുടെ മികവാണ് ആദ്യ ഏകദിനത്തിലെ വിജയത്തിന് കാരണമെന്നും വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത് 70 മുതൽ 80 റൺസ് വരെ കൂടുതൽ നേടാനായിരുന്നെങ്കിൽ കളി മാറിയേനെയെന്ന് രോഹിത് പറഞ്ഞു. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കളിച്ച് തെളിയിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഈ തോൽവി കണ്ണു തുറപ്പിക്കുന്ന അനുഭവമാണെന്ന് തീർച്ച – മൽസരശേഷം രോഹിത് പറഞ്ഞു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 112 റൺസിന് എല്ലാവരും പുറത്തായപ്പോൾ വെറും 20.4 ഓവറിൽ ശ്രീലങ്ക ലക്ഷ്യത്തിലെത്തിയിരുന്നു. ഇന്ത്യൻ ഇന്നിങ്സിലെ ധോണിയുടെ പ്രകടനം തന്നെ അദ്ഭുതപ്പെടുത്തിയില്ലെന്നും രോഹിത് പറഞ്ഞു.

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്താണെന്ന് ധോണിയോളം അറിയാവുന്നവർ വേറെയില്ല. അതുകൊണ്ടുതന്നെ എനിക്ക് അദ്ഭുതവും തോന്നിയില്ല. ധോണിക്ക് പിന്തുണയുമായി നിലയുറപ്പിക്കാൻ ഒരാൾക്കുകൂടി സാധിച്ചിരുന്നെങ്കിൽ വലിയ വ്യത്യാസം വന്നേനെ. ഞങ്ങൾ ബോൾ ചെയ്യുമ്പോഴും പിച്ചിൽനിന്ന് സഹായം ലഭിച്ചിരുന്നു. എന്നാൽ, 112 റൺസെന്നത് തീരെ ചെറിയ ടോട്ടലായിപ്പോയി – രോഹിത് പറഞ്ഞു.

കോഹ്‍ലിയുടെ അഭാവത്തിൽ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള അരങ്ങേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ രോഹിതിന്റെ മറുപടി ഇങ്ങനെ:

അത് അത്ര രസമുള്ള അനുഭവമായിരുന്നില്ല. തോൽക്കുന്ന ഭാഗത്തായിരിക്കാൻ ആർക്കും ഇഷ്ടമല്ലല്ലോ. അടുത്ത രണ്ടു മൽസരങ്ങളിൽ ശക്തമായി തിരിച്ചുവരുന്നതിലാണ് ഇനി ടീമിന്റെ ശ്രദ്ധ.