Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു കുട്ടിക്കളിയല്ല !

TROHY

ക്രൈസ്റ്റ് ചർച്ച്∙ ക്രിക്കറ്റിന്റെ കുട്ടിപ്പൂരത്തിന് ഇന്നു ന്യൂസീലൻഡിൽ കൊടിയേറ്റം. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുമെല്ലാം പേരറിയിച്ച അണ്ടർ 19 ലോകകപ്പ് വീണ്ടുമെത്തുമ്പോൾ നാളെയുടെ സൂപ്പർതാരങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ആതിഥേയരായ ന്യൂസീലൻഡ് നിലവിലെ ചാംപ്യൻമാരായ വെസ്റ്റ് ഇൻഡിസിനെ നേരിടും. പാക്കിസ്ഥാൻ, അഫിഗാനിസ്ഥാൻ മൽസരവും ഇന്നാണ്. 

നാളെ ഓസീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമൽസരം. ‌മൂന്നു തവണ ചാംപ്യൻമാരായ ഓസ്ട്രേലിയയും ഇന്ത്യയുമാണ് കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് കിരീടമുയർത്തിയത്. 

UNDER-19-LOGO

15 ടീമുകളടങ്ങിയ ടൂർണമെന്റിലെ ഫേവ്റിറ്റുകളാണ് ഇന്ത്യ. കഴിഞ്ഞ തവണ ഫൈനലിൽ വിൻഡീസിനോടു കീഴടങ്ങിയ ഇന്ത്യ ഇത്ത‌വണ കിരീടം പിടിക്കാൻ ഒരുങ്ങുന്നത് സാക്ഷാൽ രാഹുൽ ദ്രാവിഡിനു കീഴിൽ. ര​ഞ്ജിട്രോഫിയിലും ദുലീപ് ട്രോഫിയിലും വിസ്മയ പ്രകടനം നടത്തിയ പൃഥ്വി ഷാ നയിക്കുന്ന ടീമിൽ ഓൾറൗണ്ടർ ഹിമാൻഷു റാണ, പഞ്ചാബിന്റെ സൂപ്പർ ബാറ്റ്സ്മാൻ ഷുബ്‍ലാൽ ഗിൽ, വിക്കറ്റ് കീപ്പർ ആര്യൻ ജുയൽ എന്നിവരും പ്രതീക്ഷയാണ്. ‌

മുൻ ഓസീസ് നായകൻ സ്റ്റീവ് വോയുടെയും ദക്ഷിണാഫ്രിക്കൻ പേസർ‌ മക്കായ എൻടിനിയുടെയും മക്കൾ ഈ ലോകകപ്പിൽ മൽസരിക്കുന്നുണ്ട്.

 ഇന്ത്യയുടെ പൃഥ്വി ഷായ്ക്കൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 121.77 റൺസ് ശരാശരിയുള്ള അഫ്ഗാനിസ്ഥാൻ താരം ബഹീർ ഷാ, അരങ്ങേറ്റ മൽസരത്തിൽ എട്ടു വിക്കറ്റു വീഴ്ത്തിയ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി, ആഭ്യന്തര ക്രിക്കറ്റിൽ മിന്നുംപ്രകടനം നടത്തിയ ഓസീസ് ക്യാപ്റ്റൻ ജേസൺ സാംഗ എന്നിവരുടെ പ്രകടനങ്ങളും ലോകം ഉറ്റുനോക്കുന്നു