അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റം; ബെംഗളുരുവിനു സാധ്യത

അഫ്ഗാന്‍ ക്രിക്കറ്റ് ടീമംഗങ്ങൾ അയർലൻഡിനെതിരായ മൽസരത്തിനിടെ.ചിത്രം: ട്വിറ്റർ

ന്യൂഡൽഹി∙ ടെസ്റ്റ് ടീം യോഗ്യത നേടിയ അഫ്ഗാനിസ്ഥാന്റെ ആദ്യ മൽസരത്തിന് ബെംഗളുരു വേദിയാകാൻ സാധ്യത.  അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെയും ബിസിസിഐയുടെയും സംയുക്ത യോഗത്തിന് ശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു കരുതുന്നത്. അടുത്ത ജൂണിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്കെതിരായി അവരുടെ ആദ്യ ടെസ്റ്റ് മൽസരം കളിക്കുക.

അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മാച്ച് ഇന്ത്യയിൽ നടക്കുമെന്നു ബിസിസിഐ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ടീം യോഗ്യത നേടിയതിനെ തുടർന്നു ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനാണ് ബിസിസിഐ തീരുമാനം. 

യുദ്ധത്തിൽ തകർന്ന അഫ്ഗാന്റെ ഹോം മൽസരങ്ങളെല്ലാം നടക്കുന്നത് ഇന്ത്യയിലാണ്. അടുത്തിടെ അഫ്ഗാൻ – അയര്‍ലൻഡ് ക്രിക്കറ്റ് പരമ്പര നോയിഡയിൽ വച്ചാണ് നടന്നത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവര്‍ കളിച്ചിരുന്നു. ഈ വർഷത്തെ ഐപിഎൽ ലേലത്തില്‍ 13 അഫ്ഗാൻ താരങ്ങൾ പങ്കെടുക്കുന്നുമുണ്ട്.