ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഉറക്കെ പ്രഖ്യാപിക്കുന്നു; ഞങ്ങൾക്കും ഒരു പേസ് നിരയുണ്ട്!

‘ചത്ത പിച്ചുകളിൽ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലെ പച്ചപ്പു നിറഞ്ഞ പിച്ചിലും വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾക്കറിയാം’. ഇന്ത്യൻ ബോളർമാർ അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചാൽ അതു കണ്ണുമടച്ചങ്ങു സമ്മതിച്ചുകൊടുത്തേക്കണം. മുട്ടിനു മുകളിൽ പന്തെറിയാനറിയാത്തവർ എന്ന ചീത്തപ്പേര് ഒരുപാടു കേട്ടതാണ് ഇന്ത്യയുടെ പേസ് ബോളർമാർ. അതിനു കാരണം ഇവിടത്തെ ഫ്ലാറ്റ് വിക്കറ്റുകളാണെന്നതു സൗകര്യപൂർവം മറന്നാണ് പലരും വിമർശനമുന്നയിക്കുന്നതും. 

‘പേസർ ഫ്രണ്ട്‌ലിയല്ലാത്ത’ ഇന്ത്യൻ പിച്ചുകളിൽ നന്നായി കഷ്ടപ്പെട്ടുതന്നെയാണ് ഓരോ പേസ് ബോളർമാരും ടീമിൽ ഇടം പിടിച്ചത്. പേസും ബൗൺസുമില്ലാത്ത സ്പിൻ കെണികളൊരുക്കി ടീമുകളെ നാട്ടിലൊരു പരമ്പരയ്ക്കു ക്ഷണിക്കുന്നതിനിടെ പേസ് ബോളിങ് എന്നൊരു ഡിപ്പാർട്മെന്റുതന്നെ ഉണ്ടെന്ന കാര്യം പിച്ച് ക്യുറേറ്റർമാർ മറന്നുപോകും. ഇപ്പോഴിതാ, തങ്ങൾക്കുമൊരു പേസ് നിരയുണ്ടെന്ന് സധൈര്യം പ്രഖ്യാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളിലും ഇന്ത്യൻ ടീമിന്റെ പ്രകടനം വിശകലനം ചെയ്താൽ മനസ്സിലാകും പേസ് നിരയുടെ കരുത്തെന്താണെന്ന്. പേസ് പിച്ചുകളിൽ കളിച്ചു പരിചയിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ മൂന്നു ടെസ്റ്റിലും ചുരുട്ടിക്കെട്ടാൻ ഇന്ത്യൻ ബോളിങ് നിരയ്ക്കു കഴിഞ്ഞു. 20 വിക്കറ്റുകൾ രണ്ട് ഇന്നിങ്സിലും വീഴ്ത്തുക ചെറിയ കാര്യമല്ല. ഇതിൽത്തന്നെ ആദ്യ ടെസ്റ്റിലെ 18 വിക്കറ്റുകളും നേടിയതു പേസർമാരാണ്. രണ്ടാം ടെസ്റ്റിൽ 13 വിക്കറ്റുകളും പേസർമാർ കീശയിലാക്കി.

വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ പേസ് ബോളർമാർ മികവിന്റെ പാരമ്യത്തിലെത്തി. പിച്ചിന്റെ സ്വഭാവം പരിഗണിച്ച് ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നറായ ആർ. അശ്വിനെ പുറത്തിരുത്തി കളത്തിലിറങ്ങിയ ഇന്ത്യയ്ക്കായി പേസ് ബോളർമാർ രണ്ടിന്നിങ്സിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു. ഒരു റണ്ണൗട്ട് ഒഴികെ 19 വിക്കറ്റുകളും പേസ് ബോളർമാർ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയും മികവുകാട്ടി.

പേസും ബൗണ്‍സുമുള്ള പിച്ചുകളിൽ കളിച്ച ശീലിച്ച ദക്ഷിണാഫ്രിക്കയെ പേസും ബൗൺസും നിറഞ്ഞ ബോളിങ്ങിലൂടെ ഇന്ത്യൻ ബോളർമാർ വരിഞ്ഞുമുറുക്കുന്ന സുന്ദരമായ കാഴ്ചയും ജൊഹാനസ്ബർഗിൽ നടന്ന മൂന്നാം ടെസ്റ്റ് സമ്മാനിച്ചു. ഈ മൽസരത്തിൽ, പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാരുടെ തീപ്പന്തുകളേറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ വലയുന്ന കാഴ്ച ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം സമീപകാല ക്രിക്കറ്റ് കാഴ്ചകളിൽ ഏറ്റവും ആവേശം പകരുന്ന കാഴ്ചയായിരുന്നു. ആവേശം ആകാശത്തോളമുയർത്തി മൽസരത്തിൽ ടീം വിജയവും നേടി.  

‘ഇന്ത്യയുടെ ബോളിങ് നിരയുടെ പ്രകടനം ഞങ്ങളെ അദ്ഭുതപ്പെടുത്തി. പേസ് ആക്രമണത്തിൽ അവർ‌ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഗ്രൗണ്ടിൽ ഇവിടത്തെ ബോളർമാരോടു കിടപിടിക്കുന്ന പ്രകടനമായിരുന്നു അവരുടേത്’ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്സ് പറഞ്ഞതാണിത്. മൂന്നു ടെസ്റ്റുകളിലെ ആറ് ഇന്നിങ്സിലുമായി 60 വിക്കറ്റ് വീഴ്ത്താനായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും എടുത്തുപറഞ്ഞു.

ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷാമി തുടങ്ങി പരമ്പരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. ഒന്നാം ടെസ്റ്റിൽ ബോളിങ് ഡിപ്പാർട്ട്മെന്റിനു നേതൃത്വം നൽകിയ ഭുവനേശ്വർ കുമാറിനെ രണ്ടാം ടെസ്റ്റിൽ കളിപ്പിക്കാതിരുന്നതിന്റെ പേരിൽ വിവാദങ്ങളുണ്ടായെങ്കിലും പകരം വന്ന ഇഷാന്ത് ശർമയും മോശമാക്കിയില്ല.

പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മൂന്നു താരങ്ങളിൽ ഒരാൾ ഇന്ത്യൻ താരമാണ്. 15 വിക്കറ്റ് വീതം വീഴ്ത്തിയ വെർനോൺ ഫിലാ‍ൻഡർ, കഗീസോ റബാഡ എന്നിവർക്കൊപ്പം മുഹമ്മദ് ഷാമിയാണ് 15 വിക്കറ്റുമായി ഒന്നാമതുള്ളത്. അരങ്ങേറ്റ പരമ്പരയിൽ 14 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് രണ്ടാമത്. 13 വിക്കറ്റുമായി മോണി മോർക്കൽ മൂന്നാം സ്ഥാനത്താണ്. രണ്ട് ടെസ്റ്റ് മാത്രം കളിച്ച ഭുവനേശ്വർ കുമാർ 10 വിക്കറ്റുമായി നാലാമതുണ്ട്. ഇഷാന്ത് ശർമ (രണ്ട് ടെസ്റ്റിൽനിന്ന് എട്ടു വിക്കറ്റ്), ഹാർദിക് പാണ്ഡ്യ (മൂന്നു ടെസ്റ്റിൽനിന്ന് മൂന്നു വിക്കറ്റ്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. രണ്ട് ടെസ്റ്റിൽ കളിച്ച ആർ.അശ്വിൻ ഏഴു വിക്കറ്റും സ്വന്തമാക്കി. 

പേസ് ബോളിങ് ഡിപ്പാർട്മെന്റ് ശക്തിപ്പെട്ടിട്ടും ഇന്ത്യൻ പിച്ചുകൾ ഇന്നും സ്പിൻ ബോളർമാർക്കും ബാറ്റ്സ്മാൻമാർക്കും മാത്രം അനുകൂലമായി നിർമിക്കുന്നു. എതിരാളികൾ പോലും ഇന്ത്യൻ പേസ് മികവിനെ പ്രശംസിക്കുമ്പോൾ അതിൽ വിശ്വാസമില്ലാത്തതുപോലെയാണ് ഇന്ത്യയിൽ പിച്ചൊരുക്കുന്നത്. പേസ് ബോളിങ്ങിനെതിരെ നാട്ടിൽ കളിച്ചു പരിചയിക്കുന്നതു പേരുകേട്ട ബാറ്റിങ് നിര വിദേശ പര്യടനങ്ങളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നുവെന്ന പരാതിക്കും ഒരു പരിധിവരെ പരിഹാരമുണ്ടാക്കും.

വിദേശപര്യടനങ്ങളിൽ അവർക്കനുകൂലമായി പേസ് പിച്ച് ഒരുക്കുന്നുണ്ടല്ലോ, പിന്നെന്താ ഇവിടെ സ്പിൻ പിച്ചുകൾ ഒരുക്കിയാലെന്നു ചോദിക്കുന്നവർ ടീം ഇന്ത്യ എത്രതവണ ലോകകിരീടം ചൂടിയിട്ടുണ്ടെന്നു മാത്രം നോക്കിയാൽ മതി. എല്ലാക്കാലത്തും പ്രതിഭകളുടെ ധാരാളിത്തമുള്ള ടീമിനു രണ്ട് ലോകകിരീടിങ്ങൾ മാത്രമേ നേടാനായുള്ളൂവെന്നതിന് എന്തു ന്യായീകരണമാണു നൽകാനുണ്ടാകുക. ലോകകപ്പ് കിരീടങ്ങളിൽ ഒന്ന് ഇന്ത്യൻ പിച്ചിൽനിന്നുതന്നെയാകുമ്പോൾ പ്രത്യേകിച്ചും. അടുത്ത ലോകകപ്പ് ഇംഗ്ലണ്ടിലാണെന്നതും മറക്കാതിരിക്കാം.

ചേട്ടൻമാരെ ‘ഞെട്ടിച്ച്’ അനിയൻമാരും

ഇതിനിടെ, ചേട്ടൻമാരുടെ പേസ് പാരമ്പര്യത്തിന് ഒട്ടും മങ്ങലേൽപിക്കില്ലെന്ന പ്രതീക്ഷ പങ്കുവച്ചാണ് അണ്ടർ 19 ലോകകപ്പിൽ കംലേഷ് നാഗർകോട്ടിയും ശിവം മാവിയും പന്തെറിയുന്നത്. ലൈനും ലെങ്തും നിലനിർത്തി 140– 150 കി.മീ പരിധിയിൽ തുടർച്ചയായി പന്തെറിയുന്നതു ശോഭനമായ പേസ് ഭാവിയിലേക്കാണു വിരൽചൂണ്ടുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ഐപിഎൽ താരലേലത്തിൽ ഇതിന്റെ ഗുണവും ഇവർക്കു ലഭിച്ചു. ഇരുവരെയും മൂന്നു കോടിയിലേറെ രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലേലത്തിലെടുത്തത്.