ആകാശനീലയ്ക്കു കാരണം കണ്ടെത്തിയത് ഒരു ദ്രാവിഡനായിരുന്നു- സി.വി.രാമൻ. അണ്ടർ 19 ലോകകപ്പിൽ നിറഞ്ഞ ഇന്ത്യൻ നീലയ്ക്കു കാരണമന്വേഷിച്ചാലെത്തുന്നതും മറ്റൊരു ദ്രാവിഡനിൽ- രാഹുൽ ദ്രാവിഡ്. തോക്ക് ഉപയോഗിക്കാത്ത യുദ്ധം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റിൽ 203 റൺസിന്റെ വിജയവുമായി ഇന്ത്യ ‘റിപ്പബ്ലിക് ഡേ’ ആഘോഷിച്ചപ്പോൾ ഒരു ക്രിക്കറ്റ് പ്രേമി ഫെയ്സ്ബുക്കിൽ കുറിച്ചു: ‘ഒരു മതിലു പൊളിഞ്ഞുചാടിയതാ ചേട്ടാ, അടിയിൽപ്പെട്ടു പോയതു നിങ്ങളുടെ ദൗർഭാഗ്യം’. മതിലേതെന്നു പറയേണ്ടതില്ലല്ലോ. ആകപ്പാടെ നമുക്ക് ഒരു മതിലല്ലേ ഉണ്ടായിരുന്നില്ലുള്ളൂ...
സമ്പൂർണ സമർപ്പണം
വിരമിച്ചാൽ ബിസിസിഐ ഉപദേശകസമിതിയിൽച്ചേർന്ന് വചനപ്രഘോഷണവും ഫെയ്സ്ബുക് നേർവഴികാട്ടലും കമന്ററി ബോക്സിലെ വാചകമടിയുമാണു താരങ്ങളുടെ പതിവ്. പക്ഷേ, ക്രീസിൽ തുടരാനും വെയിലുകൊള്ളാനുമായിരുന്നു ദ്രാവിഡിന്റെ തീരുമാനം. സമർപ്പണം ക്രിക്കറ്റിനോടും രാജ്യത്തോടും മാത്രം. പൊന്നുംവില കിട്ടുന്ന ഐപിഎൽ പരിശീലകസ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ് ‘നഴ്സറി’ (അണ്ടർ 19) പിള്ളേരുടെ കോച്ചായി. വിവാദങ്ങളും ഫേവറേറ്റിസവും ഒഴിവാക്കാൻ ടീം സിലക്‌ഷനിൽപ്പോലും പങ്കെടുക്കാതെ ഇന്ത്യൻ ക്രിക്കറ്റിലെ എ.കെ.ആന്റണിയുമായി.
കിട്ടിയ ടീമിനെ ഉരുക്കുമതിലാക്കുന്നതിലായിരുന്നു താൽപര്യം. എല്ലാ കളിക്കാർക്കും അവസരം കിട്ടണം, സൈഡ് ബെഞ്ചിലിരിക്കാനും വെള്ളം കൊടുക്കാനും മാത്രമായി ഒരു തലമുറയുണ്ടാവരുതെന്ന വിശ്വാസത്തിൽ ടീമംഗങ്ങളെ മാറിമാറി പരീക്ഷിച്ചു. ഒരു അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു: ‘ഏതു കൂട്ടത്തിലുമുണ്ടാകും രണ്ടോ മൂന്നോ മികച്ച പ്രതിഭകൾ, അവരെ കണ്ടെത്തുകയാണു ലക്ഷ്യം’. ദ്രാവിഡ് ഇത്തരത്തിൽ കണ്ടെടുത്തു രാജ്യത്തിനു സമ്മാനിച്ചവരിൽ സഞ്ജു സാംസണും കരുൺ നായരും ദീപക് ഹൂഡയും ഹാർദിക് പാണ്ഡ്യയും ഉൾപ്പെടുന്നു.
ഡൈ വേണ്ട, ഡു ഓർ ഡൈ മതി
നര മറയ്ക്കാൻ ഡൈ അടിക്കാത്തവർ മാന്യരാകാതെ തരമില്ല. പാക്കിസ്ഥാൻ മത്സരത്തിനു തൊട്ടു മുൻപുള്ള പത്രസമ്മേളനത്തിൽ നരച്ച മുടിയുള്ള നാൽപ്പത്തഞ്ചു വയസ്സുകാരനായി ദ്രാവിഡ് പങ്കെടുത്തു. എന്നിട്ടു പറഞ്ഞു: ‘എനിക്കു നേടാനാവാത്ത ലോകകപ്പ് നേടണമെന്ന് യുവതാരങ്ങളോടു വാശി പിടിക്കുന്നതിൽ കാര്യമില്ലല്ലോ.. ഞാൻ പറയുന്നത് മികച്ച ക്രിക്കറ്റ് കളിക്കാനാണ്, ജയിക്കാൻ അതു മതി.’ വാക്കുകളിലും ദ്രാവിഡ് ഒന്നും മറച്ചുപിടിക്കുന്നില്ല. ഗതകാല പ്രൗഢിയിൽ അഭിരമിച്ച് ഒന്നും മറന്നുപോകുന്നുമില്ല.
വിസ്ഡം
പാളവും ട്രെയിനും ഒരുമിച്ചോടരുത്. ഏതെങ്കിലും ഒന്നു നിൽക്കണം, ഒന്നോടണം. ചോരത്തിളപ്പുള്ള അണ്ടർ 19 സ്ക്വാഡും സെൻഗുരുവിനെപ്പോലെ സൂക്ഷ്മജ്ഞാനമുള്ള ദ്രാവിഡും മികച്ച ചേരുവകളായതിൽ അദ്ഭുതമില്ല. കൂറ്റനടികൾക്കു ശ്രമിച്ചു പുറത്താകാറുള്ള ശുഭ്മാൻ ഗില്ലിന് രാഹുൽ ദ്രാവിഡ് നൽകിയ ഉപദേശം ആകാശ അടികളിലൂടെ ഇനി റൺസെടുക്കരുതെന്നായിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ ശുഭ്മാൻ ഇതു പരീക്ഷിച്ചു വിജയിക്കുകയും ചെയ്തു.
ഐപിഎൽ ലേലം വിളികൾക്കു കാതോർക്കാതെ ലോകകപ്പിൽ ശ്രദ്ധിക്കുക എന്നതായിരുന്നു അടുത്ത ഉപദേശം. ‘ഐപിഎൽ വർഷാവർഷം വരും, ലോകകപ്പിൽ കളിക്കാൻ എപ്പോഴും അവസരം കിട്ടണമെന്നില്ല’. 2000 ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം വാങ്ങിയ ദ്രാവിഡിന്റെ വിസ്ഡം താരങ്ങൾക്കു ഗുണമാകുന്ന കാഴ്ചകളാണു പിന്നീടു കണ്ടത്. റമീസ് രാജ എന്ന മുൻ പാക്ക്താരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോടു നിർദേശിച്ചതും ദ്രാവിഡിനെ കോച്ചാക്കിയതുപോലെ വിസ്ഡമുള്ള തീരുമാനങ്ങളെടുക്കാനാണ്.
അഗ്രസീവ്
96 പന്തിൽനിന്നു 12 റൺസെടുത്ത് ഇഴച്ചിലിനു പേരുകേട്ട താരമാണ് ദ്രാവിഡ്. ഇതേ താരത്തെക്കുറിച്ചാണ് ഹെയ്ഡൻ ഒരിക്കൽ പറഞ്ഞത്: ‘ ക്രിക്കറ്റിൽ ഇപ്പോൾ കാണുന്നതെല്ലാം ആക്രമണോത്സുകതയല്ല, ശരിയായ ആക്രമണോത്സുകത കാണണമെങ്കിൽ ദ്രാവിഡിന്റെ കണ്ണുകളിലേക്കു നോക്കുക.’ പാക്കിസ്ഥാനെ നിലംപരിശാക്കിയ കളിക്കുശേഷം ഇപ്പോൾ എല്ലാവരും ആ ക്രൗര്യം തേടി ദ്രാവിഡിന്റെ കണ്ണുകളിലേക്കു നോക്കുന്നു. പക്ഷേ, അവിടെ വിനയവും താഴ്മയും നിശ്ചയദാർഢ്യവും മാത്രം.
ഒരിക്കൽ സി.വി.രാമനോടു സായിപ്പ് ചോദിച്ചു: ‘ രാമനിൽ ആൽക്കഹോളിന്റെ ഇഫക്ട് കാണിച്ചു തരട്ടേ’. സി.വി.രാമൻ വിനയത്തോടെ മറുപടി പറഞ്ഞു: ‘വേണമെങ്കിൽ ആൽക്കഹോളിൽ രാമൻ ഇഫക്ട് കാണിച്ചു തരാം’. ദ്രാവിഡിന്റെ കാര്യത്തിലും ഇതു തന്നെ പറയാം. ‘അഗ്രസീവ് ക്രിക്കറ്റിലെ ജെന്റിൽമാൻ ഇഫക്ട്’.