Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ നിലം തൊടീക്കാതെ ഇന്ത്യൻ കുട്ടിത്താരങ്ങൾ; കൊൽക്കത്തയ്ക്കും ആശ്വാസം

Shubhman-Gill സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെ ആഹ്ലാദം. (ചിത്രം: ഐസിസി, ട്വിറ്റർ)

ക്രൈസ്റ്റ്ചർച്ച് ∙ കഴിഞ്ഞ വർഷം നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടേറ്റ തോൽവി ഇന്ത്യൻ ആരാധകർ മറന്നു കാണില്ല. കിരീട പ്രതീക്ഷയുമായെത്തിയ ഇന്ത്യയെ പാക്കിസ്ഥാൻ തകർത്തുവിട്ട കാഴ്ചയാകും 2017ൽ ഇന്ത്യൻ ആരാധകരെ ഏറ്റവും വേദനിപ്പിച്ച നിമിഷം. ചേട്ടൻമാരെ ഇംഗ്ലണ്ടിന്റെ മണ്ണിൽ നാണംകെടുത്തിയ പാക്കിസ്ഥാന് ന്യൂസീലൻഡിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യയുടെ കുട്ടിപ്പട്ടാളം. അണ്ടർ 19 ലോകകപ്പ് സെമിയിൽ 203 റൺസിന്റെ കൂറ്റൻ തോൽവിയാണ് ദ്രാവിഡിന്റെ കുട്ടികൾ പാക്കിസ്ഥാന് സമ്മാനിച്ചത്. ഇന്ത്യ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ വെറും 69 റൺസിന് പുറത്തായി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ പൃഥ്വി ഷാ ബാറ്റിങ് തിരഞ്ഞെടുത്തതിൽ തുടങ്ങുന്നു ഇന്ത്യയുടെ കുതിപ്പ്. മികച്ച ബോളിങ് നിരയുള്ള പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് ശക്തമായ അടിത്തറയിട്ടിട്ടുള്ള ഓപ്പണിങ് സഖ്യം പാക്കിസ്ഥാനെതിരായ സെമിയിലും മോശമാക്കിയില്ല. ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ പൃഥ്വി ഷായും മൻജോത് കൽറയും ഉൾപ്പെട്ട സഖ്യം സ്വന്തമാക്കിയത് 89 റൺസ്.

പൃഥ്വി ഷാ 42 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 41 റൺസെടുത്തപ്പോൾ 59 പന്തുകൾ നേരിട്ട കൽറ ഏഴു ബൗണ്ടറികളോടെ 47 റൺസെടുത്തു. അഞ്ചു റൺസിന്റെ ഇടവേളയിൽ ഇരുവരെയും മടക്കിയ പാക്കിസ്ഥാൻ മൽസരത്തിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പരമ്പരയിലെ മിന്നുന്ന ഫോം തുടർന്ന ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ചുറിയുമായി കാര്യങ്ങൾ ശുഭമാക്കി.

ഹിമാൻഷു ദേശായ്, അനുകൂൽ റോയ് എന്നിവർക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഗിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചു. 94 പന്തുകൾ നേരിട്ട ഗിൽ ഏഴു ബൗണ്ടറികളോടെ 102 റൺസെടുത്ത് പുറത്താകാതെ നിന്നു. ദേശായ് 34 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 20 റൺസെടുത്തും റോയ് 45 പന്തിൽ നാലു ബൗണ്ടറികളോടെ 33 റൺസെടുത്തും പുറത്തായി. ശിവം മാവി ആറു പന്തിൽ രണ്ടു ബൗണ്ടറികളോടെ 10 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് ഒരിക്കൽപ്പോലും കാര്യങ്ങൾ ശുഭകരമായില്ല. മൂന്നു പേർ മാത്രം രണ്ടക്കം കടന്ന പാക്കിസ്ഥാൻ നിര 29.3 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി. 18 റൺസെടുത്ത റുഹൈൽ നസീറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. സാദ് ഖാൻ 15 റൺസെടുത്ത് പുറത്തായപ്പോൾ ബോളർ മുഹമ്മദ് മൂസ 11 റൺസോടെ പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ഇഷാൻ പൊറേലാണ് പാക്കിസ്ഥാനെ തകർക്കുന്നതിന് നേതൃത്വം നൽകിയത്. ശിവാ സിങ്, പരാഗ് എന്നിവർ രണ്ടും അനുകൂൽ റോയ്, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കൊൽക്കത്തയ്ക്കും സന്തോഷം

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കുമ്പോൾ അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചിരിക്കുക ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡഴ്സിന്റെ ആരാധകർ കൂടിയാകും. തകർപ്പൻ സെഞ്ചുറിയുമായി ഈ മൽസരത്തിൽ ഇന്ത്യൻ പോരാട്ടം മുന്നിൽനിന്ന് നയിച്ച ശുഭ്മാൻ ഗില്ലിനെ അവർ ഐപിഎൽ താരലേലത്തിൽ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. 1.8 കോടി രൂപയ്ക്കാണ് ഗില്ലിനെ കൊൽക്കത്ത സ്വന്തമാക്കിയത്. ഗില്‍ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ അണ്ടർ‌ 19 താരങ്ങളെ കോടികൾ മുടക്കി വാങ്ങിയ കൊൽക്കത്ത ടീം അധികൃതർ ഏറെ പഴി കേട്ടിരുന്നു. വൻതോതിൽ കാശിറക്കിയിട്ടും മികച്ച ടീമിനെ കണ്ടെത്താനായില്ലെന്നായിരുന്നു വിമർശനത്തിന്റെ കാതൽ.

മൂന്നു കോടിയിലധികം രൂപ മുടക്കി കൊൽക്കത്ത തന്നെ ടീമിലെടുത്ത ശിവം മാവിയും കമലേഷ് നാഗർകോട്ടിയും ഈ മൽസരത്തിലും യോഗ്യത തെളിയിച്ചു. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും പൊറേൽ ഉൾപ്പെടെയുള്ള മറ്റു താരങ്ങൾക്ക് യഥേഷ്ടം വിക്കറ്റ് വീഴ്ത്താൻ വഴിയൊരുക്കിയത് ഇരുവരും തന്നെ. നാല് ഓവർ ബോൾ ചെയ്ത ശിവം മാവി അഞ്ചു റൺസ് മാത്രം വഴങ്ങിയപ്പോൾ അഞ്ച് ഓവർ ബോൾ ചെയ്ത നാഗർകോട്ടി വഴങ്ങിയത് വെറും ഏഴു റൺസ്.

ഈ മൽസരത്തിൽ കളിച്ച ഓപ്പണർമാരായ മൻജോത് കൽറ, ക്യാപ്റ്റൻ കൂടിയായ പൃഥ്വി ഷാ, ഓൾറൗണ്ടർ അഭിഷേക് ശർമ എന്നിവരെ കൂടരാത്തിലെത്തിച്ച ഡൽഹി ഡെയർഡെവിൾസിനും ആശ്വസിക്കാം. മുംബൈ ഇന്ത്യൻസ് 20 ലക്ഷത്തിന് സ്വന്തമാക്കിയ അനുകൂൽ റോയിയാണ് ഈ ടീമിൽനിന്ന് ഐപിഎല്ലിലെത്തിയ മറ്റൊരു താരം.

related stories