കഠിനാധ്വാനി, സ്വാര്‍ഥതയില്ലാത്തവന്‍, എല്ലാത്തിനുപരി ജാഡയില്ലാത്തവന്‍ അല്ലെങ്കില്‍ എളിമയുള്ള വ്യക്തി. ഇതെല്ലാം ചേര്‍ന്നാല്‍ രാഹുല്‍ ദ്രാവിഡായി. അതുകൊണ്ട് തന്നെ ദ്രാവിഡിനെ പരിശീലകനായി ലഭിച്ച യുവ ഇന്ത്യയ്ക്ക് അഭിമാനിക്കാം. സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയാണ് ഈ ലോക കിരീടത്തിനു പിന്നിലെന്ന് രാഹുല്‍ ദ്രാവിഡ് ചാനല്‍ അഭിമുഖത്തില്‍ പറയുമ്പോള്‍ ഇന്ത്യന്‍ ടീം ഒന്നാകെ ദ്രാവിഡിനു പിന്നിലെത്തി ആര്‍പ്പുവിളിച്ചു.
പരീക്ഷയില്‍ 'മക്കള്‍ ഒന്നാമതെത്തുമ്പോള്‍ ഒരപ്പന്റെ മുഖത്ത് കാണുന്ന സന്തോഷം ആയിരുന്നു ദ്രാവിഡില്‍ കണ്ടത്. സ്വന്തം മക്കളെപ്പോലെ ചേര്‍ത്തു നിര്‍ത്തി പ്രോല്‍സാഹിപ്പിച്ചും ശാസിച്ചും ആണ് ദ്രാവിഡ് ഇന്ത്യയെ അണ്ടര്‍ 19 ക്രിക്കറ്റ് ലോക ചാംപ്യന്‍മാരാക്കിയത്. നാലാം തവണയും ഈ കിരീടത്തിലേക്ക് ടീമിനെ എത്തിക്കുന്നതില്‍ പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് കളിക്കാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്.
1. നോ മൊബൈല്‍ ഫോണ്‍, നോ വാട്സാപ്പ്, നോ മീഡിയ
കളിക്കാര്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഇത്. ഫൈനല്‍ കഴിയും വരെ മൊബൈല്‍ ഓഫ് ആക്കി വയ്ക്കുക. വാട്സാപ്പ് സന്ദേശങ്ങള്‍ അയക്കാതെയും നോക്കാതെയും ഇരിക്കുക. മാധ്യമങ്ങളോട് സംസാരിക്കാതെയും മാധ്യമങ്ങളില്‍ വരുന്നത് വായിക്കാതെയും ഇരിക്കുക. എന്തിനും ഏതിനും എടുത്തചാടുന്ന കൗമാരപ്രായക്കാരുടെ മുഴുവന്‍ സമയ ശ്രദ്ധയും ക്രിക്കറ്റില്‍ കേന്ദ്രീകരിക്കുന്നതിനായിരുന്നു ഇത്.
2. ശ്രദ്ധ ലോകകപ്പില്‍ മാത്രം, ഐപിഎല്‍ പടിക്കു പുറത്ത്
ഐപിഎല്‍ ലേലം എല്ലാ വര്‍ഷവും ഉണ്ട്. എന്നാല്‍ ലോകകപ്പ് വീണ്ടും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. അതിനാല്‍ ലോകകപ്പിലെ പ്രകടനത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. ഐപിഎല്ലില്‍ ഇപ്പോള്‍ കളിച്ചില്ലെന്നു കരുതി നിങ്ങളുടെ കരിയറിനെ മോശമായി ബാധിക്കില്ല. എന്നാല്‍ ലോക കിരീടം നിങ്ങളുടെ ഭാവി മാറ്റി മറിക്കും. സ്ഥിരതയുള്ള പ്രകടനം സീനിയര്‍ ടീമിലേക്കും അതുവഴി രാജ്യത്തിന്റെ അഭിമാനമാകുന്നതിനും വഴിവയ്ക്കും എന്നാണ് ദ്രാവിഡ് ടീമിനോട് പറഞ്ഞത്.
3. കഴിവില്‍ വിശ്വസിക്കുക, ആസൂത്രണത്തിന് അനുസരിച്ച് മുന്നേറുക
സ്വന്തം കഴിവില്‍ വിശ്വസിക്കാനാണ് ദ്രാവിഡ് കുട്ടികളെ പഠിപ്പിച്ചത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാറ്റുചെയ്യുന്നതിനും ബോള്‍ ചെയ്യുന്നതിനും, ഓരോ കളിക്കാരില്‍ നിന്നും എന്ത് സംഭാവനയാണ് പ്രതീക്ഷിക്കുന്നത് എന്നെല്ലാം മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് കുട്ടികളെ പഠിപ്പിച്ചു. ബാറ്റിങ്ങിലെ ചെറു തെറ്റുകള്‍പോലും കറക്ട് ചെയ്ത് ദ്രാവിഡ് മുന്നില്‍ നിന്നു. ബോളിങ്ങിനും ഫീല്‍ഡിങ്ങിനും ഫിറ്റ്നസിനും പരിശീലന സഹായികള്‍ വേറെയുണ്ടായിരുന്നു. അതിനാല്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിനോട് ദ്രാവിഡ് നന്ദി പറഞ്ഞു.
4. ആശയവിനിമയം കൃത്യമാക്കുക
കളിക്കാര്‍ തമ്മിലും കളിക്കാരും കോച്ചും തമ്മിലും ഉള്ള ആശയവിനിമയം നിര്‍ണായകമാണ്. ദ്രാവിഡിന്റെ ഇടപെടലുകള്‍ കരിയറില്‍ വഴിത്തിരിവായെന്ന് ഈ ടീമിലെ താരങ്ങള്‍ മാത്രമല്ല, ഹര്‍ദിക് പാണ്ഡ്യ, ചേതേശ്വര്‍ പൂജാര,സഞ്ജു സാംസണ്‍ തുടങ്ങിയ കളിക്കാര്‍ തന്നെ സമ്മതിക്കുന്നു. ഓരോ താരങ്ങള്‍ക്കും ക്രിക്കറ്റ് പരിശീലനം മാത്രമല്ല, മാനസിക പരിശീലനം കൂടി ദ്രാവിഡ് നല്‍കിയിരുന്നു.
ഈ നാലുകാര്യങ്ങളാണ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെ കിരീട ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. 2015ല്‍ ജൂനിയര്‍ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി വന്ന ദ്രാവിഡ് 2016ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. 2016ലെ ടീമില്‍ നിന്ന് റിഷഭ് പന്ത്, സര്‍ഫ്രാസ് ഖാന്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങളെ സീനിയര്‍ ടീമിലേക്ക് എത്തിക്കാൻ ദ്രാവിഡിനായി. ഇപ്പോഴിതാ, ഈ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ നിന്ന് ഏഴുതാരങ്ങളാണ് ഐപിഎല്ലിലെ വിവിധ ടീമുകളിലെത്തിയത്.