ന്യൂഡൽഹി∙ ഐപിഎൽ വാതുവയ്പിന്റെ പേരിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യംചെയ്തു ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ മറുപടി ആരാഞ്ഞ് ബിസിസിഐക്കു സുപ്രീം കോടതിയുടെ നോട്ടിസ്. തനിക്കു കളിക്കാൻ അനുമതി നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ശ്രീശാന്തിന്റെ അഭ്യർഥന കോടതി അംഗീകരിച്ചില്ല.
മറുപടി നാലാഴ്ചയ്ക്കകം നൽകാൻ ബിസിസിഐക്കും ഇടക്കാല ഭരണസമിതിയിലെ രണ്ടംഗങ്ങൾക്കുമുള്ള നോട്ടിസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു. കോടതി ആവശ്യപ്പെട്ട കാര്യങ്ങൾ തങ്ങളുടെ നിയമ വിഭാഗം പരിശോധിച്ച്, ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നു ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്ന പ്രതികരിച്ചു.
ശ്രീശാന്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ഹാജരായി. ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ റദ്ദാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ അംഗീകരിച്ച ഡിവിഷൻ ബെഞ്ച്, കഴിഞ്ഞ ഒക്ടോബറിൽ വിലക്ക് ശരിവച്ചു. ഇതിനെതിരെയാണു ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
ഐപിഎല്ലിൽ ഒത്തുകളി ആരോപിച്ച് 2013ലാണു ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. 2015ൽ ശ്രീശാന്തിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു.