റൺനിരക്ക് നിയന്ത്രിച്ചെന്ന ആശ്വാസത്തിനു വേണ്ടിയല്ല, വിക്കറ്റെടുക്കാനാണ് ബോൾചെയ്യുന്നത്: ചാഹൽ

സെഞ്ചൂറിയൻ ∙ റൺനിരക്ക് നിയന്ത്രിക്കുന്നതിനേക്കാൾ വിക്കറ്റെടുക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 8.2 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയാണ് ചാഹൽ കളിയിലെ കേമനായി മാറിയത്.

ഏകദിനത്തിൽ ചാഹലിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ദക്ഷിണാഫ്രിക്കയിലേത്. സിംബാബ്‌വെയ്ക്കെതിരെ ഹരാരെയിൽ 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ചാഹൽ പുതുക്കിത്. 1999 സെപ്റ്റംബറിൽ നയ്റോബിയിൽ ആറു റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ സുനിൽ ജോഷിക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

ദക്ഷിണാഫ്രിക്കൻ താരം നിക്കി ബോയെ, മുത്തയ്യ മുരളീധരൻ എന്നിവർക്കു ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ സ്പിന്നർ കൂടിയാണ് ചാഹൽ. അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ചാഹലിന്റെയും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിന്റെയും മികവിൽ ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടിലെ ഏറ്റവും ചെറിയ സ്കോറിനും ഇന്ത്യ പുറത്താക്കിയിരുന്നു.

ചാഹലിന്റെ വാക്കുകളിലൂടെ

റൺനിരക്ക് നിയന്ത്രിക്കുന്നതിനെക്കാൾ പന്ത് ഫ്ലൈറ്റ് ചെയ്യിച്ച് വിക്കറ്റ് വീഴ്ത്തുന്നതിലാണ് എന്റെ ശ്രദ്ധ. ഓരോ പന്ത് എറിയുമ്പോഴും അത് ബൗണ്ടറി കടക്കാൻ സാധ്യതയുണ്ടെന്ന് എനിക്കറിയാം. എന്നാൽ, ക്യാപ്റ്റനും ടീം മാനേജ്മെന്റും ഉറച്ച പിന്തുണയുമായി ഒപ്പമുണ്ടെങ്കിൽ എന്തു ഭയക്കാനാണ്? ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഇതിലും ഫ്ലാറ്റായ പിച്ചിൽ ഞാൻ ബോൾ ചെയ്തിട്ടുണ്ട്. അതുപോലെ ഇവിടെയും മുഴുവൻ കരുത്തും പുറത്തെടുക്കുക എന്നതാണ് പ്രധാനം – ചാഹൽ പറഞ്ഞു.

ബോൾ ചെയ്യുമ്പോൾ എതിരെ നിൽക്കുന്ന ബാറ്റ്സ്മാനെയും അയാളുടെ മുൻകാല പ്രകടനങ്ങളെയും ഭയന്നാൽ നമുക്ക് പൂർണ കരുത്തോടെ പന്തെറിയാനാകില്ല. എന്നെ സംബന്ധിച്ച് ഇതൊരു നിഷ്ഠയുടെ ഭാഗമാണ്. ഐപിഎല്ലിൽ നാല് ഓവറിൽ 40 റൺസ് വഴങ്ങിയ ചരിത്രം എനിക്കുണ്ട്. എങ്കിൽക്കൂടി ചില നല്ല ബോളുകൾ എറിഞ്ഞെന്ന ആത്മവിശ്വാസം എനിക്കുണ്ട്. റൺനിരക്ക് നിയന്ത്രിച്ചെന്ന ആശ്വാസത്തിനു വേണ്ടിയല്ല ഞാൻ ബോൾ ചെയ്യുന്നത്. വിക്കറ്റുകൾ വീഴ്ത്തുന്നതാണ് എന്റെ ശക്തി. അതിനാണ് എന്നെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതും – ചാഹൽ പറഞ്ഞു.

കുൽദീപുമായി മികച്ച മനപ്പൊരുത്തത്തോടെ കളിക്കാൻ സാധിക്കുന്നതും പ്രധാനപ്പെട്ടതാണെന്ന് ചാഹൽ പറഞ്ഞു. വിക്കറ്റെടുക്കുന്നതിൽ മാത്രമാണ് ഞങ്ങളുെട ശ്രദ്ധ. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നതിനാണ് ഞങ്ങളെ ടീമിലെടുത്തിരിക്കുന്നതു തന്നെ – ചാഹൽ ചൂണ്ടിക്കാട്ടി.

രണ്ടാം ഏകദിനത്തിൽ ഏറ്റവും സംതൃപ്തി നൽകിയത് ജെ.പി. ഡുമിനിയുെട വിക്കറ്റാണെന്നും ചാഹൽ വ്യക്തമാക്കി. അദ്ദേഹമൊരു ഇടംകയ്യൻ ബാറ്റ്സ്മാനാണ്. ഐപിഎല്ലിൽ ഡുമിനിക്കൊപ്പം കളിച്ച പരിചയം എനിക്കുണ്ട്. അവസാന ഓവറുകളിൽ കളി മാറ്റാൻ കഴിവുള്ള താരമാണ് ഡുമിനി. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ വേഗം കുറഞ്ഞ പന്തുകളെറിയാനായിരുന്നു ശ്രമം. അത് ഫലിക്കുകയും ചെയ്തു – ചാഹൽ പറ‍ഞ്ഞു.

മാച്ച് വിന്നർമാരെന്ന നിലയിലേക്കുള്ള വളർച്ചയിൽ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും ഇപ്പോഴത്തെ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ഉറച്ച പിന്തുണയാണ് തങ്ങൾക്കു നൽകുന്നതെന്നും ചാഹൽ വെളിപ്പെടുത്തി. സിക്സ് വഴങ്ങിയാൽ പോലും കുഴപ്പമില്ലെന്നാണ് കോഹ്‍ലി എപ്പോഴും ഞങ്ങളോടു പറയാറ്. എന്നാൽ, കഴിവിന്റെ പരമാവധി പുറത്തെടുത്ത് കളിക്കണമെന്നും പറയും. ഇങ്ങനെയൊരു ക്യാപ്റ്റൻ കൂടെയുള്ളപ്പോൾ രണ്ടോ മൂന്നോ സിക്സ് വഴങ്ങേണ്ടി വന്നാലും കൂടുതൽ ആവേശത്തോടെ ബോൾ ചെയ്യാൻ നമുക്കു കഴിയും – ചാഹൽ ചൂണ്ടിക്കാട്ടി.

വിക്കറ്റിനു പിന്നിൽ ധോണി നൽകുന്ന നിർദ്ദേങ്ങളും പ്രധാനപ്പെട്ടതാണ്. ഓരോ ബാറ്റ്സ്മാനും എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തിനു പെട്ടെന്ന് മനസ്സിലാകും. അതുകൊണ്ട് ഞങ്ങൾക്കും കാര്യങ്ങൾ എളുപ്പമാകും – ചാഹൽ പറഞ്ഞു.

കുൽദീപ്–ചാഹൽ ദ്വയത്തിന്റെ ആദ്യത്തെ പ്രധാന പരമ്പര കൂടിയാണ് ഇത്. 2016ൽ സിംബാബ്‌വെയിലും 2017ൽ വെസ്റ്റ് ഇൻഡീസിലും പര്യടനം നടത്തിയ ടീമിൽ ഇവരുണ്ടായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കൻ പര്യടനമാണ് ഇവർക്കു മുന്നിലെ ആദ്യത്ത പ്രധാന വെല്ലുവിളിയായി അവതരിപ്പിക്കപ്പെട്ടിരുന്നത്.