ജൊഹാനസ്ബർഗ് ∙ മിന്നൽപ്പിണരുകളും മഴയും രസംകൊല്ലിയായ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മിന്നൽജയം. ഇന്ത്യ കുറിച്ച 290 എന്ന ലക്ഷ്യം ഇടവേളയ്ക്കുശേഷം പുനർനിർണയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടിയിരുന്നത് 28 ഓവറിൽ 202 റൺസ്. ക്ലാസ്സന്റെയും മില്ലറുടേയും ഫെലുക്വായോയുടേയും നേതൃത്വത്തിൽ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്ക ആ ലക്ഷ്യം 15 പന്തു ശേഷിക്കെ മറികടന്നു. ഇതോടെ ആതിഥേയർക്ക് ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ചുവിക്കറ്റിന്റെ ആശ്വാസജയവും സ്വന്തം. ആറു മൽസരങ്ങളുള്ള ഏകദിന പരമ്പരയിൽ നാലാം മൽസരത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. പരമ്പരയിൽ ഇന്ത്യ ഇപ്പോഴും 3–1 നു മുന്നിൽ.
സ്കോർ– ഇന്ത്യ: 50 ഓവറിൽ ഏഴിന് 289. ദക്ഷിണാഫ്രിക്ക– 25.3 ഓവറിൽ അഞ്ചിന് 207.
ശിഖർ ധവാനിലൂടെയും വിരാട് കോഹ്‌ലിയിലൂടെയും ഇന്ത്യ നൽകിയ അടിക്ക് അതേ നാണയത്തിലായിരുന്നു ദക്ഷിണാഫ്രിക്കൻ തിരിച്ചടി. ബാറ്റിങ് നിരയിൽ ഇറങ്ങിയ എല്ലാവരും രണ്ടക്കം കണ്ട മൽസരത്തിൽ മാൻ ഓഫ് ദ് മാച്ച് ക്ലാസൻ പുറത്താകാതെ നേടിയ 43 റൺസായിരുന്നു വിജയക്കുതിപ്പിൽ നിർണായകം. ഫെലുക്വായോ 5 പന്തിൽ 23 റൺസോടെ പുറത്താകാതെനിന്നു. മില്ലർ (39), ഡിവില്ലിയേഴ്സ് (26), അംല (33), മർക്രാം (22) എന്നിവരും മികവു കാട്ടി. അഞ്ചാം വിക്കറ്റിൽ മില്ലർ – ക്ലാസൻ സഖ്യം നേടിയ 72 റൺസ് വിജയത്തിൽ നിർണായകമായി. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു.
തകർത്തടിച്ച് ധവാൻ, കൂട്ടിന് കോഹ്‍ലി
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ ശിഖർ ധവാന്റെ (109) സെഞ്ചുറിക്കരുത്തിലാണ് 50 ഓവറിൽ ഏഴുവിക്കറ്റിന് 289 റൺസ് കുറിച്ചത്. ഇടംകൈ ബാറ്റിങ്ങിന്റെ കരുത്തുമായി കളം നിറഞ്ഞ ധവാൻ 109 റൺസ് നേടിയശേഷമാണു മടങ്ങിയത്. ക്യാപ്റ്റൻ കോഹ്‌ലിക്കൊപ്പം രണ്ടാംവിക്കറ്റിൽ ധവാൻ കൂട്ടിച്ചേർത്തതു 158 റൺസ്. രോഹിത് ശർമയെ (അഞ്ച്) തുടക്കത്തിൽത്തന്നെ നഷ്ടപ്പെട്ടതൊഴിച്ചാൽ പിന്നീട് ഇന്ത്യയുടെ പ്രകടനമായിരുന്നു. 83 പന്തിൽ 75 റൺസുമായി കോഹ്‌ലി പുറത്തായശേഷമാണ് ഇന്ത്യൻ സ്കോറിങ്ങിനു ചാഞ്ചാട്ടം നേരിട്ടത്.
മൈതാനത്ത് ഇടിമിന്നലിന്റെ ആധിക്യംമൂലം കളി കുറച്ചുസമയം നിർത്തിവച്ചതിനുശേഷം തിരിച്ചിറങ്ങിയ ആതിഥേയർ ധവാന്റെയും അജിങ്ക്യ രഹാനെയുടെയും ശ്രേയസ്സ് അയ്യരുടെയും വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യൻ കുതിപ്പിനു തടസ്സം നേരിട്ടു. 36–ാം ഓവറിൽ ധവാൻ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 206ൽ എത്തിയിരുന്നു. അവസാന ഓവറുകളിൽ മുൻ നായകൻ എം.എസ്.ധോണിയുടെ 42 റൺസും നിർണായകമായി.
100–ാം ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമാണു ധവാൻ. ദ ധവാൻ 10 ഫോറുകളും രണ്ടു സിക്സറുകളും പറത്തി. പാതി മലയാളിയായ താരം ശ്രേയസ്സ് അയ്യർ 21 പന്തിൽ 18 റൺസിനു പുറത്തായി. രഹാനെ (എട്ട്), ഹാർദിക് പാണ്ഡ്യ (9), ഭുവനേശ്വർ കുമാർ (5) എന്നിവർക്കും തിളങ്ങാനായില്ല. കാഗിസോ റബാദയും ലുംഗി എൻഗിഡിയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
സ്കോർബോർഡ്
ഇന്ത്യ–രോഹിത് സി ആൻഡ് ബി റബാദ–5, ധവാൻ സി ഡിവില്ലിയേഴ്സ് ബി മോർക്കൽ–109, കോഹ്‌ലി സി മില്ലർ ബി മോറിസ്–75, രഹാനെ സി റബാദ ബി എൻഗിഡി–8, അയ്യർ സി മോറിസ് ബി എൻഗിഡി–18, ധോണി–42 നോട്ടൗട്ട്, പാണ്ഡ്യ സി മർക്രാം ബി റബാദ–9, ഭുവനേശ്വർ റൺഔട്ട്–5, കുൽദീപ് നോട്ടൗട്ട്–പൂജ്യം, എക്സ്ട്രാസ് 18. ആകെ 50 ഓവറിൽ ഏഴു വിക്കറ്റിന് 289.
വിക്കറ്റ് വീഴ്ച: 1–20, 2–178, 3–206, 4–210, 5–247, 6–262, 7–282
ബോളിങ്: മോർക്കൽ 10–0–55–1, റബാദ 10–0–58–2, എൻഗിഡി 10–0–52–2, മോറിസ് 10–0–60–1, ഫെലുക്വായോ 6–0–38–0, ഡുമിനി 4–0–20–0.
ദക്ഷിണാഫ്രിക്ക– മർക്രാം എൽബി ബുമ്ര– 22, അംല സി കുമാർ ബി കുൽദീപ്– 33, ഡുമിനി എൽബി കുൽദീപ്– 10, ഡിവില്ലിയേഴ്സ് സി ശർമ ബി പാണ്ഡ്യ– 26, മില്ലർ എൽബി ചാഹൽ– 39, ക്ലാസൻ നോട്ടൗട്ട്– 43, ഫെലുക്വായോ നോട്ടൗട്ട്– 23, എക്സ്ട്രാസ്– 11. ആകെ 25.3 ഓവറിൽ അഞ്ചിന് 207.
വിക്കറ്റ് വീഴ്ച: 1–43, 2–67, 3–77, 4–102, 5–175
ബോളിങ്: ഭുവനേശ്വർ 4–0–27–0, ബുമ്ര 5–0–21–1, കുൽദീപ് 6–0–51–2, പാണ്ഡ്യ 5–0–37–1, ചാഹൽ 5.3–0–68–1