ആദ്യം മഴ തോൽപ്പിച്ചു, പിന്നെ കൈവിട്ട ക്യാച്ചും ആ നോബോളും: ശിഖർ ധവാൻ

സെഞ്ചുറി നേടിയ ശിഖർ ധവാന്റെ ആഹ്ലാദ പ്രകടനം.

ജൊഹാനസ്ബർഗ് ∙ രസംകൊല്ലിയായെത്തിയ മഴയും ഡേവിഡ് മില്ലറിന്റെ വിലയേറിയ വിക്കറ്റ് നഷ്ടപ്പെടുത്തിയതുമാണ് വാണ്ടറേഴ്സ് ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്കു കാരണമായതെന്ന് ഓപ്പണർ ശിഖർ ധവാൻ. ആറു മൽ‌സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മൽസരങ്ങൾ ജയിച്ച ഇന്ത്യയ്ക്ക് നാലാം മൽസരം കൂടി ജയിച്ചിരുന്നെങ്കിൽ പരമ്പര സ്വന്തമാക്കി റെക്കോർഡിടാമായിരുന്നു. എന്നാൽ, നിർണായക മൽസരത്തിൽ അഞ്ചു വിക്കറ്റിന്റെ ആശ്വാസജയം നേടിയ ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്ന സമയത്താണ് ഇടിമിന്നലിന്റെയും കാറ്റിന്റെയും രൂപത്തിൽ നിർഭാഗ്യമെത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലി പുറത്തായശേഷം രഹാനെയ്ക്കൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള ധവാന്റെ ശ്രമം മഴക്കളിയിൽ ആഴ്ന്നുപോയി. ഇന്ത്യൻ ഇന്നിങ്സിന് മഴ തടസം സൃഷ്ടിച്ചതോടെ ബാറ്റിങ്ങിന്റെ താളം നഷ്മായി. ഇതോടെ, ഒരു ഘട്ടത്തിൽ അനായാസം 300 കടക്കുമെന്നു കരുതിയ ഇന്ത്യയുടെ സ്കോർ 289ൽ അവസാനിക്കുകയായിരുന്നു. ധവാൻ സെഞ്ചുറിയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി അർധസെഞ്ചുറിയും നേടിയെങ്കിലും തുടർന്നെത്തിയവർക്ക് ഈ ‘ഫ്ലോ’ നിലനിർത്താനാകാതെ പോയതാണ് ടീമിന് വിനയായത്.

ഡേവിഡ് മില്ലറിന്റെ ക്യാച്ച് നഷ്ടമാക്കിയതു തന്നെയാണ് കളിയിൽ നിർണായകമായതെന്ന് ധവാൻ പറഞ്ഞു. ഇതിനു പിന്നാലെ ചാഹൽ മില്ലറിന്റെ കുറ്റി പിഴുതെങ്കിലും പന്ത് നോബോളായതും തിരിച്ചടിച്ചു. അവിടെ നിന്നാണ് കളി തിരിഞ്ഞത്. അതുവരെ നാം ജയം ലക്ഷ്യമിട്ടു മുന്നേറുകയായിരുന്നു – ധവാൻ പറഞ്ഞു.

മൽസരത്തിനിടെ പെയ്ത മഴയും മൽസരഫലത്തെ ബാധിച്ചു. കഴിഞ്ഞ മൂന്നു മൽസരങ്ങളിലേതുപോലെ നമ്മുടെ സ്പിന്നർമാർക്ക് പന്ത് ടേൺ ചെയ്യിക്കാൻ സാധിച്ചില്ല. മഴമൂലം പന്തിൽ ഗ്രിപ്പു പോലും കഷ്ടിയായിരുന്നു. പന്ത് നനഞ്ഞുകഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്തിട്ടു കാര്യമില്ല. ഇതും തോൽവിക്കു കാരണമായി – ധവാൻ ചൂണ്ടിക്കാട്ടി.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 200 റൺസ് എടുത്തുനിൽക്കെയാണ് ആദ്യം മഴയെത്തിയത്. ഇതോടെ ഏതാണ് ഒരു മണിക്കൂറോളം കളി നഷ്ടമായി. ബാറ്റിങ്ങിന്റെ ഒഴുക്കു നഷ്ടമായ ഇന്ത്യ ഇതോടെ 289 റൺസിൽ ഒതുങ്ങിപ്പോയി. പിന്നീട് ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോഴും മഴയെത്തി. ഇത്തവണ ഏതാണ്ട് രണ്ടു മണിക്കൂറോളം സമയമാണ് നഷ്ടമായത്. ഫലത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.

വൈകുന്നേരങ്ങളിൽ പന്തിനു നല്ല മൂവ്മെന്റ് ലഭിക്കും എന്നുള്ളതുകൊണ്ടാണ് ടോസ് ലഭിച്ചപ്പോൾ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചതെന്നും ധവാൻ പറഞ്ഞു. വൈകുന്നേരങ്ങളിൽ വീശുന്ന കാറ്റിനും കളിയെ സ്വാധീനിക്കാൻ സാധിക്കുമെന്നതിനാൽ രണ്ടാമതു ബോൾ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു – ധവാൻ പറഞ്ഞു.

ഇത് മില്ലറിന്റെ ദിവസമായിരുന്നെന്നും ധവാൻ പറഞ്ഞു. ആദ്യം മില്ലറിന്റെ സ്കോർ ആറിൽ നിൽക്കെ അദ്ദേഹം നൽകിയ ക്യാച്ച് ശ്രേയസ് അയ്യർ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ സ്കോർ ഏഴിൽ നിൽക്കെ യുസ്‌വേന്ദ്ര ചാഹൽ മില്ലറിനെ ക്ലീൻബൗൾഡാക്കിയെങ്കിലും പന്ത് നോബോളായി. സാധാരണ ഗതിയിൽ സ്പിന്നർമാർ നോബോൾ ചെയ്യാത്തതാണെന്ന് ധവാൻ ചൂണ്ടിക്കാട്ടി. ഭാഗ്യം എല്ലാംകൊണ്ടും മില്ലറിനൊപ്പമായിരുന്നു. ഇതോടെ കളിയുടെ ഗതി അദ്ദേഹം മാറ്റുകയും ചെയ്തു – ധവാൻ പറഞ്ഞു.

റൺ നിരക്കു നിയന്ത്രിക്കുന്നതിനേക്കാൾ വിക്കറ്റ് അത്യാവശ്യമായതു കൊണ്ടായിരിക്കും അവസാന നിമിഷങ്ങളിലും ഇന്ത്യൻ ക്യാപ്റ്റൻ സ്പിന്നർമാരെ വച്ചു പരീക്ഷിച്ചതെന്ന് ധവാൻ അഭിപ്രായപ്പെട്ടു. ഭുവനേശ്വറിനും ബുംമ്രയ്ക്കും ഓവറുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും നമുക്ക് വേണ്ടിയിരുന്നത് വിക്കറ്റുകളായിരുന്നു. അതു മനസ്സിൽവച്ചാകും സ്പിന്നർമാരെക്കൊണ്ടുതന്നെ ബോൾ ചെയ്യിക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചത്. തിരിച്ചടികളിൽനിന്ന് പാഠം പഠിച്ച് ടീം ശക്തമായി തിരിച്ചുവരുമെന്നും ധവാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.