Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ നാല് ഏകദിനങ്ങളിൽ ഇന്ത്യൻ ബാറ്റിങ് – (കോഹ്‍ലി+ധവാൻ) = ?

Kohli-runs

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടേത്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ നാലാം ഏകദിനത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടിവന്നത് ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ ടീമിന്റെ പ്രകടനം ശരാശരിക്കും മുകളിൽത്തന്നെ. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോഴും പൂർണമായി പിടികൊടുക്കാത്ത കൈക്കുഴ സ്പിന്നർമാരുടെ ബോളിങ് മാന്ത്രികതയും ബാറ്റിങ്ങിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും ഓപ്പണർ ശിഖർ ധവാന്റെ അസാമാന്യ പ്രകടനവുമാണ് ടീം ഇന്ത്യയുടെ പ്രകടനത്തിലെ ഹൈലൈറ്റ്സ്.

ടീമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും വ്യക്തിഗത പ്രകടനങ്ങളിൽ ടീം ഇന്ത്യയുടെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന കാര്യത്തിൽ ഇപ്പോഴും തികഞ്ഞ ആശങ്കയുണ്ട്. ബാറ്റിങ്ങിൽ വിരാട് കോഹ്‍ലിയെയും ശിഖർ ധവാനെയും ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ ടീമിന്റെ പ്രകടനം എങ്ങനെയുണ്ട്? ടീമിനെയും ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണിത്.

ബോളിങ്ങിൽ താരതമ്യേന ഭേദമാണ് കാര്യങ്ങൾ. പരമ്പരയിൽ ഇന്ത്യയ്ക്ക് മേധാവിത്തം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കൈക്കുഴ സ്പിന്നർമാരെ നാലാം ഏകദിനത്തിൽ ഹെൻറിക് ക്ലാസന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നേരിട്ട രീതി നേരിയ ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ ആയുധങ്ങൾക്ക് മൂർച്ച കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. മാത്രമല്ല, നാലാം ഏകദിനത്തിലെ തോൽവിയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ തീരുമാനങ്ങൾക്കുള്ള പങ്കും തള്ളിക്കളയാനാകില്ലല്ലോ!

ബാറ്റിങ്ങിൽ കോഹ്‍ലി, ധവാൻ ഒകെ, പിന്നെ?

ബാറ്റിങ്ങിന്റെ കാര്യത്തിലാണ് ആശങ്കയത്രയും. ശ്രദ്ധിച്ചാലറിയാം, കോഹ്‍ലിയെയും ധവാനെയും ഒഴിച്ചുനിർത്തിയാൽ അമ്പേ പരാജയമാണ് ഇന്ത്യൻ ബാറ്റിങ് നിര. പര്യടനത്തിൽ കോഹ്‍ലി പുലർത്തുന്ന അസാധ്യ മികവും ഓപ്പണർ ശിഖർ ധവാന്റെ ശ്രദ്ധേയ പ്രകടനവുമാണ് ഈ കുറവ് അത്രകണ്ട് പുറത്തറിയിക്കാത്തത്. നാല് മൽസരങ്ങളിൽനിന്ന് 393 റൺസാണ് കോഹ്‍ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 196.5 എന്ന റെക്കോർഡ് ശരാശരിയുമായാണ് ഈ പരമ്പരയിലെ കോഹ്‍ലിയുടെ കുതിപ്പെന്നതും ശ്രദ്ധേയം.

രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. 112, പുറത്താകാതെ 160, 75, പുറത്താകാതെ 46 എന്നിങ്ങനെയാണ് പരമ്പരയിൽ കോഹ്‍ലിയുടെ ഇതുവരെയുള്ള പ്രകടനം.

Kohli-runs-2

കോഹ്‍ലിയുെട അസാധാരണ മികവിനു മുന്നിൽ അല്‍പം മങ്ങിയെങ്കിലും ധവാനും മോശമാക്കിയിട്ടില്ല. നാല് മൽസരങ്ങളിൽനിന്ന് 90.3 റൺസ് ശരാശരിയിൽ 271 റൺസ് ധവാനും ഇതുവരെ അടിച്ചുകൂട്ടി. രണ്ട് അർധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾപ്പെടെയാണിത്. 35 (കോഹ്‍ലിയുമായുള്ള ധാരണപ്പിശകിൽ ഈ മൽസരത്തിൽ ധവാൻ റണ്ണൗട്ടാവുകയായിരുന്നു), പുറത്താകാതെ 51, 76, 109 എന്നിങ്ങനെയാണ് പരമ്പരയിൽ ഇതുവരെ ധവാന്റെ പ്രകടനം.

ഈ രോഹിതിനിതെന്തു പറ്റി?

ഏകദിന പരമ്പരയിലെ ആദ്യ നാല് ഏകദിനങ്ങളിൽനിന്ന് ഇന്ത്യൻ നിരയിൽ ഏറ്റവും നിരാശപ്പെടുത്തിയത് ആരാകും? ഉത്തരം രോഹിത് ശർമയെന്നാണെങ്കിൽ അദ്ഭുതപ്പെടാനില്ല. അത്രയ്ക്ക് മോശം ഫോമിലാണ് ദക്ഷിണാഫ്രിക്കയിൽ രോഹിത്. ഏകദിനത്തിലെ മൂന്നാം ഇരട്ടസെഞ്ചുറി നേടിയതിന്റെ ചൂടാറും മുൻപാണ് രോഹിത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിനെത്തുന്നത്. ടെസ്റ്റിൽ തീർത്തും മോശം ഫോമിലായിരുന്ന രോഹിതിനെ പിൻവലിച്ച ശേഷമാണ് ടീം വിജയവഴിയിൽ പോലുമെത്തിയത്.

ഏകദിനത്തിലും വ്യത്യസ്തമല്ല കാര്യങ്ങൾ. കോഹ്‍ലി നാലു മൽസരങ്ങളിൽനിന്ന് 393 റൺസ് നേടിയപ്പോൾ, അത്രതന്നെ മൽസരങ്ങളിൽനിന്ന് വെറും 40 റൺസാണ് രോഹിതിന്റെ സമ്പാദ്യം. കോഹ്‍ലിയുടെ ഏറ്റവും ചെറിയ സ്കോർ പോലും 46 ആണെന്നോർക്കുക.

ആദ്യ മൽസരത്തിൽ നേടിയ 20 റൺസാണ് പരമ്പരയിൽ രോഹിതിന്റെ ഏറ്റവും ഉയർന്ന സ്കോർ. 15, പൂജ്യം, അഞ്ച് എന്നിങ്ങനെയാണ് തുടർന്നുള്ള മൽസരങ്ങളിലെ പ്രകടനം. പരമ്പരയിൽ കഗീസോ റബാഡയുടെ സ്ഥിരം ഇരകൂടിയാണ് രോഹിത്. രണ്ട്, മൂന്ന്, നാല് ഏകദിനങ്ങളിലെല്ലാം രോഹിതിനെ മടക്കിയത്. ഒരിക്കൽക്കൂടി പരാജയപ്പെട്ടാൽ ടീമിലെ രോഹിതിന്റെ സ്ഥാനം തന്നെ സംശയത്തിലാകാനും സാധ്യതയേറെ.

മികച്ച തുടക്കമിട്ട് രഹാനെ, പിന്നെ?

ഇരുവരുടെയും പ്രകടനങ്ങൾ ഒഴിച്ചുനിർത്തിയാൽ എടുത്തുപറയാവുന്ന ഒരു പ്രകടനം നടത്തിയിട്ടുള്ളത് അജിങ്ക്യ രഹാന മാത്രമാണ്. അതും ഒരേയൊരു ഇന്നിങ്സിൽ. ആദ്യ ഏകദിനത്തിൽ 79 റൺസെടുത്ത രഹാനെ, ക്യാപ്റ്റൻ കോഹ്‍ലിക്കൊപ്പം റെക്കോർഡ് സെഞ്ചുറി കൂട്ടുകെട്ടും (189) പടുത്തുയർത്തി മികച്ച തുടക്കമാണ് കുറിച്ചത്. ഏകദിനത്തിൽ രഹാനെയുടെ തുടർച്ചയായ അഞ്ചാം അർധസെഞ്ചുറിയുമായിരുന്നു ഇത്.

പിന്നീടങ്ങോട്ട് രഹാനെയ്ക്കും മികവു തെളിയിക്കാനായില്ല. മൂന്നാം ഏകദിനത്തിൽ 13 പന്തിൽ 11 റൺസുമായി കൂടാരം കയറിയ രഹാനെ നാലാം ഏകദിനത്തിൽ വീണ്ടും നിരാശപ്പെടുത്തി. 15 പന്തിൽ എട്ടു റൺസായിരുന്നു ഇത്തവണ സമ്പാദ്യം.

നിരാശപ്പെടുത്തി ഹാർദിക് പാണ്ഡ്യ

ഹാർദിക് പാണ്ഡ്യയാണ് തീർത്തും നിരാശപ്പെടുത്തിയ പ്രധാന താരം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ കുതിപ്പിന്റെ പ്രധാന ഊർജമാകുമെന്ന് കരുതപ്പെട്ട യുവതാരത്തിന് ഇതുവരെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ധവാന്റെയും കോഹ്‍ലിയുടെയും അസാധ്യ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ബാറ്റിങ്ങിന് അധികം അവസരം ലഭിക്കാത്തതിനാൽ ഈ കുറവ് അധികം പുറത്തായിട്ടില്ലെന്നു മാത്രം. ആദ്യ ഏകദിനത്തിൽ വിജയമുറപ്പിച്ച അവസരത്തിലാണ് പാണ്ഡ്യയ്ക്ക് അവസരം ലഭിച്ചത്. ആറു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെനിന്ന് പാണ്ഡ്യ പേരുകാത്തു.

രണ്ടാം മൽസരത്തിലാകത്തെ പാണ്ഡ്യയ്ക്ക് ബാറ്റെടുക്കേണ്ടി വന്നില്ല. അതിനു മുൻപേ ടീം ഇന്ത്യ വിജയതീരമണഞ്ഞിരുന്നു. ഇന്ത്യയുടെ മധ്യനിര ആദ്യമായി പരീക്ഷക്കപ്പെട്ട മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ യഥാർഥ മുഖം വെളിവാക്കപ്പെട്ടു. 159 പന്തിൽ 160 റൺസുമായി ഒരറ്റത്ത് നങ്കൂരമിട്ട ക്യാപ്റ്റൻ കോഹ്‍ലിയുടെ മികവുകൊണ്ടു മാത്രമാണ് ഈ മൽസരത്തിൽ ഇന്ത്യൻ സ്കോർ 300 കടന്നത്. രണ്ടാം വിക്കറ്റിൽ പതിവുപോലെ ശിഖർ ധവാനൊപ്പം കോഹ്‌ലി കൂട്ടിച്ചേർത്ത 140 റൺസും നിർണായകമായി. ധവാന്റെയും രഹാനെയുടെയും പെട്ടെന്നുള്ള പുറത്താകലിന്റെ സമ്മർദ്ദത്തിൽ പതറിനിന്ന ഇന്ത്യയെ രക്ഷിക്കേണ്ട പാണ്ഡ്യ, 15 പന്തിൽ ഒരേയൊരു സിക്സ് ഉൾപ്പെടെ 14 റൺസെടുത്ത് പെട്ടെന്നുതന്നെ കൂടാരം കയറി. മൂന്നാം മൽസരത്തിലും ചിത്രം വ്യത്യസ്തമായില്ല.

ബാറ്റിങ്ങിന് അവസരം കിട്ടിയ ഒരേയൊരു മൽസരത്തിൽ ഒരു റണ്ണായിരുന്നു കേദാർ ജാദവിന്റെ സംഭാവന. ഇതോടെ നാലാം ഏകദിനത്തിൽ ശ്രേയസ് അയ്യർക്ക് അവസരമൊരുങ്ങുകയും ചെയ്തു.

മധ്യനിര തകർന്നടിഞ്ഞ നാലാം ഏകദിനം

നാലാം മൽസരത്തിൽ വീണ്ടും ഇന്ത്യൻ മധ്യനിര പരീക്ഷിക്കപ്പെട്ടു. അപ്പോഴും പ്രതീക്ഷയ്ക്കൊത്തുയരാൻ ആർക്കുമായില്ല. ഇത്തവണയും പതിവുപോലെ രോഹിത് ശർമ തുടക്കത്തിലേ കൂടാരം കയറി. 13 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ നേടിയ അഞ്ചു റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ പതിവുപോലെ ധവാൻ–കോഹ്‍ലി സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തതോടെയാണ് ഇന്ത്യ നിലയുറപ്പിച്ചത്. ഏതാണ്ട് 27 ഓവറോളം ക്രീസിൽനിന്ന ഇരുവരും കൂട്ടിച്ചേർത്തത് 158 റൺസ്. പരമ്പരയിൽ ഇവരുടെ തുടർച്ചയായ രണ്ടാം സെഞ്ചുറി കൂട്ടുകെട്ട്.

ഇരുവരും വഴിപിരിഞ്ഞശേഷം ഇന്ത്യയുടെ കാര്യം വീണ്ടും തഥൈവ! 43 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 42 റൺസെടുത്ത ധോണിയുടെ പ്രകടനം മറക്കുന്നില്ല. എന്നിരുന്നാലും ആ സമയത്ത് ധോണിയിൽനിന്ന് പ്രതീക്ഷിക്കുന്നത് അത്തരമൊരു പ്രകടനമാണോ എന്നതാണ് ചോദ്യം. നങ്കൂരമിടുന്നതിനൊപ്പം റൺനിരക്കു കൂടി ഉയർത്താനുള്ള ചുമതല ധോണിക്കുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം.

മറ്റുള്ളവരെല്ലാം പതിവുപോലെ സമ്പൂർണ പരാജയമായി. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ശ്രേയസ് അയ്യർക്ക് പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 21 പന്തിൽ രണ്ടു ബൗണ്ടറികളോടെ 18 റൺസാണ് അയ്യർ നേടിയത്. ഹാർദിക് പാണ്ഡ്യ (13 പന്തിൽ ഒൻപത്), ഭുവനേശ്വർ കുമാർ (ഏഴു പന്തിൽ അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ആ പഴയ ടീം ഇന്ത്യയിലേക്കോ യാത്ര?

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ തെളിഞ്ഞു കാണുന്നൊരു കാര്യം പഴയ ടീം ഇന്ത്യയിലേക്കുള്ള കോഹ്‍ലിപ്പടയുടെ മടങ്ങിപ്പോക്കാണ്. നേരത്തെ, വിദേശ പര്യടനങ്ങളിൽ സച്ചിനെ പുറത്താക്കിയാൽ പിന്നെ ഇന്ത്യയെ ചുരുട്ടിക്കെട്ടാൻ എളുപ്പമാണെന്നൊരു വിശ്വാസം എതിരാളികൾക്കുണ്ടായിരുന്നു. സച്ചിനെന്ന താരത്തിലുള്ള ടീമിന്റെ അമിത ആശ്രയമായിരുന്നു ഈയൊരു അവസ്ഥയ്ക്കു കാരണം. സച്ചിൻ പുറത്തായാൽ കൂടിപ്പോയാൽ ഒരു ഗാംഗുലിയോ ദ്രാവിഡോ കാണും, അതത്ര പ്രശ്നമല്ല എന്ന് എതിരാളികൾ ചിന്തിക്കുന്നത് ടീം ഇന്ത്യയ്ക്ക് വരുത്തിവച്ച വിന ചെറുതല്ല.

സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ‘കോഹ്‍ലിയെ പുറത്താക്കിയാൽ ഇന്ത്യ തീർന്നു’ എന്ന അവസ്ഥ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വല്ലാതുണ്ട്. കോഹ്‍ലി പോയാൽ കൂടിപ്പോയാൽ ഒരു ധവാൻ എന്ന ചിന്ത ദക്ഷിണാഫ്രിക്കയെ ഭരിച്ചുതുടങ്ങിയിരിക്കുന്നു. ഏതു വിധേനയും കോഹ്‍ലിയെ പുറത്താക്കുക, കോഹ്‍ലി–ധവാൻ കൂട്ടുകെട്ടു പൊളിക്കുക എന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലളിതമായ ചിന്ത. ബാറ്റിങ്ങിൽ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളി ഇവരിൽ അവസാനിക്കുന്നു എന്നത് എത്രയോ ആശങ്കപ്പെടുത്തുന്ന കാഴ്ചയാണ്.

ആദ്യ നാല് ഏകദിനങ്ങൾ പൂർത്തിയാകുമ്പോൾ ഇന്ത്യ ജയിച്ച് മൂന്നു മൽസരങ്ങളിലും ഇവരുടെ മികവു കൂടിയാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇന്ത്യ തോറ്റ നാലാം ഏകദിനത്തിൽ ഇവരുടെ കൂട്ടുകെട്ട് പൊളിഞ്ഞിടത്താണ് ഇന്ത്യയുടെ തകർച്ചയുടെ തുടക്കമാരംഭിച്ചതും. ചില വ്യക്തികളിൽ മാത്രം ടീമിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ അപകടം ഇന്ത്യയോളം അനുഭവിച്ച ടീമുകൾ ലോക ക്രിക്കറ്റിലുണ്ടോ എന്ന് സംശയമാണ്. സച്ചിന്റെ കാലത്തെ ടീമിലേക്കുള്ള ഈ മടക്കയാത്ര ആശങ്കപ്പെടുത്തുന്നതു തന്നെ.