69 പന്തിൽ വഴങ്ങിയത് 119 റൺസ്; രഹസ്യായുധങ്ങൾ പരസ്യമായോ?, ഇന്ത്യ ടെൻഷനിലാണ്

യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്

എന്നാലും മികച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളും അവർക്ക് ആവശ്യത്തിന് ഓവറുകളും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ അവസാന നിമിഷം വരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കൈക്കുഴ സ്പിന്നർമാരെക്കൊണ്ടുതന്നെ പന്തെറിയിച്ചത് എന്തിനായിരിക്കും? കോഹ്‍ലിയുടെ ഈ തീരുമാനം ‍‘ഞെട്ടിച്ചത്’ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ മാത്രമല്ല, ക്ലാസ് ഇന്നിങ്സിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിൽ ജീവവായു പകർന്ന അവരുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനെയും ഈ തീരുമാനം ആശ്ചര്യപ്പെടുത്തി.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബോളർമാരെന്ന് സാക്ഷാൽ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് പോലും സാക്ഷ്യപ്പെടുത്തിയ ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംമ്രയ്ക്കും ആവശ്യത്തിന് ഓവറുകൾ ശേഷിക്കെ അവസാന ഓവർ വരെ സ്പിന്നർമാരെ പരീക്ഷിക്കാനായിരുന്നു കോഹ്‍ലിയുടെ തീരുമാനം. 11.3 ഓവർ ബോൾ ചെയ്ത ഇരുവരും 119 റൺസ് വഴങ്ങിയെന്നു മാത്രമല്ല, നേടാനായത് മൂന്നു വിക്കറ്റുകൾ മാത്രം.

33 പന്തിൽ 68 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹൽ ഏറ്റവും മറക്കാൻ ആഗ്രഹിക്കുന്ന മൽസരം കൂടിയാകും ഇത്. 36 പന്തിൽ 51 റൺസ് വഴങ്ങിയ കുൽദീപിന്റെ കാര്യവും വ്യത്യസ്തമാകാനിടയില്ല. രണ്ട് കാര്യങ്ങളാണ് ഈ മൽസരത്തിൽ ഇന്ത്യയെ അലട്ടുന്നത്. ഒന്ന്, ഈ പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്ക് പിടികിട്ടില്ലെന്നു കരുതിയ കൈക്കുഴ സ്പിന്നർമാരുടെ മാന്ത്രിക ബോളുകൾ അവർക്കു മനസ്സിലായിത്തുടങ്ങിയോ? രണ്ട്, പരമ്പര വിജയത്തിൽ നിർണായകമാകുമെന്നു കരുതിയ ഇരുവരുടെയും പ്രകടനം അടുത്ത രണ്ട് നിർണായക മൽസരങ്ങളിൽ ഫലിക്കാതെ വരുമോ?

മൽസരത്തിന്റെ വഴി ഇങ്ങനെ

ഇന്ത്യ കുറിച്ച 290 എന്ന ലക്ഷ്യം മഴയുടെ നീണ്ട ഇടവേളയ്ക്കുശേഷം പുനർനിർണയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കു വിജയത്തിലേക്കു വേണ്ടിയിരുന്നത് 28 ഓവറിൽ 202 റൺസ്. മഴ പെയ്യുമ്പോൾ 7.2 ഓവറിൽ ഒന്നിന് 43 റൺസ് എന്ന നിലയിലായിരുന്നു ആതിഥേയർ. മഴ മാറി വിജയലക്ഷ്യം പുനർനിശ്ചയിച്ചതോടെ അവർക്കു വേണ്ടിയിരുന്നത് 20.4 ഓവറിൽ 159 റൺസ്. അതായത് 124 പന്തിൽ 159 റൺസ്. ഒൻപതു വിക്കറ്റ് ശേഷിക്കെ ഒരു ട്വന്റി20 മൽസരത്തിന്റെ രൂപത്തിലേക്കു മാറുകയായിരുന്നു മൽസരം. 23 പന്തിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ 22 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മർക്രം മാത്രമാണ് ഈ സമയത്ത് പവലിയനിൽ തിരിച്ചെത്തിയിരുന്നത്.

മൂന്ന് ഇന്ത്യൻ ബോളർമാർക്ക് ആറ് ഓവർ വീതം ബോൾ ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നു. രണ്ടു പേർക്ക് അഞ്ച് ഓവർ വീതവും. ഈ സമയത്ത് ഭുവനേശ്വർ കുമാർ നാല് ഓവറും ജസ്പ്രീത് ബുംമ്ര മൂന്ന് ഓവറും പൂർത്തിയാക്കിയിരുന്നു. ഇരുവർക്കുമായി ബാക്കിയുണ്ടായിരുന്നത് അഞ്ച് ഓവർ. എന്നാൽ, പരമ്പരയിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നേടിത്തന്ന കൈക്കുഴ സ്പിന്നർമാരെത്തന്നെ തുടർന്നും ഉപയോഗിക്കാനായിരുന്നു കോഹ്‍ലിയുടെ തീരുമാനം. ബുംമ്രയുടെയും ഭുവനേശ്വർ കുമാറിന്റെയും ഓവറുകൾ അവസാന നിമിഷങ്ങളിലേക്ക് കോഹ്‍ലി കരുതിവയ്ക്കുകയാണെന്ന് ആരാധകരും കരുതി.

മൽസരത്തിന്റെ 23–ാം ഓവറിലാണ് കോഹ്‍ലി പിന്നീട് ഭുവി–ബുംമ്ര ദ്വയത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്. ഈ സമയത്ത് ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന നിലയിലായിരുന്നു. അവർക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 36 പന്തിൽ 42 റൺസ്. അപ്പോഴേക്കും ഡേവിഡ് മില്ലറും ഹെൻറിക് ക്ലാസനും നങ്കൂരമിട്ടു കഴിഞ്ഞിരുന്നു. കുൽദീപിനും ചാഹലിനും മേൽ ആധിപത്യം സ്ഥാപിച്ച ഇരുവരും മികച്ച കൂട്ടുകെട്ട് തീർത്ത് പോരാട്ടം ഇന്ത്യൻ ക്യാംപിലേക്കു നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. മില്ലർ 22 പന്തിൽ 33 റൺസെടുത്തും ക്ലാസൻ 17 പന്തിൽ 27 റൺസെടുത്തും ക്രീസിൽ നിൽക്കെ 23–ാം ഓവറിൽ ബുംമ്ര വഴങ്ങിയത് ഏഴു റൺസ് മാത്രം. ഇതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 30 പന്തിൽ 35 റൺസായി.

24–ാം ഓവർ എറിയാൻ ചാഹലിനെ മടക്കിക്കൊണ്ടുവന്ന കോഹ്‍ലിക്കു പിഴച്ചു. രണ്ടാം പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലെത്തി. നാലാം പന്തിൽ ചാഹൽ മില്ലറിനെ എൽബിയിൽ കുരുക്കിയതോടെ മൽസരം മുറുകി.

ഭുവിക്കും ബുംമ്രയ്ക്കും ബാക്കിയായത് നാല് ഓവർ!

മില്ലറിനു പകരം വന്നത് ഫെലൂക്‌വായോ. താരതമ്യേന അത്ര മികച്ച ബാറ്റ്സ്മാനല്ലാത്ത ഫെലൂക്‌വായോയെയും ക്ലാസനെയും ‘പിടിച്ചുകെട്ടാൻ’ കോഹ്‍ലി ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളെ രംഗത്തിറക്കുമെന്നു കരുതിയവർക്കു തെറ്റി. വീണ്ടും വന്നത് കുൽദീപ് യാദവ്. ഈ സമയത്ത് ഭുവനേശ്വർ–ബുംമ്ര ദ്വയത്തിന് കൃത്യം നാല് ഓവർ ബാക്കിയുണ്ടായിരുന്നെന്ന് ഓർക്കണം. മൽസരത്തിൽ ബാക്കിയുണ്ടായിരുന്നതും നാല് ഓവർ. കുൽദീപിന്റെ ഈ ഓവറിൽ കളി മാറി. ഒരു സിക്സും രണ്ടു ബൗണ്ടറിയും സഹിതം ക്ലാസനും ഫെലൂക്‌വായോയും ചേർന്ന് അടിച്ചെടുത്തത് 17 റൺസ്. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 18 പന്തിൽ ഒൻപതു റൺസായി കുത്തനെ ഇടിഞ്ഞു.

തൊട്ടടുത്ത ഓവറിലും ചാഹലുമായി രംഗത്തെത്തിയ കോഹ്‍ലിക്കു വീണ്ടും പിഴച്ചു. അടുത്ത മൂന്നു പന്തിൽ കളി തീർന്നു. രണ്ട്, മൂന്ന് പന്തുകൾ വേലിക്കെട്ടിനു മുകളിലൂടെ പറത്തിയ ഫെലൂക്‌വായോ പിങ്ക് ജഴ്സിയിലെ ദക്ഷിണാഫ്രിക്കൻ വിജയക്കുതിപ്പിന് പുത്തൻ ഊർജം പകർന്നു. ചാഹലിനെയും കുൽദീപിനെയും ഡെത്ത് ഓവറുകളിൽ ഫെലൂക്‌വായോയും ക്ലാസനും ചേർന്ന് അടിച്ചോടിക്കുമ്പോൾ, ബാക്കിവന്ന നാല് ഓവറുകളുമായി ലോകത്തിലെ ഏറ്റവും മികച്ച െഡത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾ അതേ മൈതാനത്തുണ്ടായിരുന്നു.

കോഹ്‍ലി ഞങ്ങളെ ‘ഞെട്ടിച്ചു’

അവസാന ഓവറുകളിൽ സ്പിന്നർമാരെ രംഗത്തിറക്കിയ കോഹ്‍ലി തന്നെ ഞെട്ടിച്ചെന്ന് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപിയായി മാറിയ ഹെൻറിക് ക്ലാസൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. അവസാനത്തെ നാല് ഓവറുകളിലേക്ക് ഭുവനേശ്വർ കുമാറിനെയും ജസ്പ്രീത് ബുംമ്രയേയും കരുതിവച്ചിരിക്കുകയാണെന്നാണ് ഞാനും മില്ലറും കരുതിയത്. കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ സ്പിന്നർമാർ നടത്തിയ പ്രകടനമായിരിക്കും ബുംമ്രയ്ക്കും ഭുവനേശ്വറിനും പകരം അവരെ ആശ്രയിക്കാൻ ഇന്ത്യൻ ക്യാപ്റ്റനെ പ്രേരിപ്പിച്ചത്. എന്തായാലും ആ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു – ക്ലാസൻ പറഞ്ഞു.

ഇന്ത്യയുടെ സ്പിന്നർമാരെ നേരിടാൻ ഈ മൽസരം കൊണ്ട് ഞങ്ങൾ പൂർണ സജ്ജരായി എന്നൊന്നും അവകാശപ്പെടുന്നില്ല. കുൽദീപ് യാദവിന്റെ പന്തുകൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു ഈ പരമ്പരയുടെ തുടക്കത്തിൽ ഞങ്ങൾ നേരിട്ട വെല്ലുവിളി. അങ്ങനെ വരുമ്പോൾ അവർക്കെതിരെ റൺ കണ്ടെത്താനും വിഷമമായിരിക്കും – ക്ലാസൻ പറഞ്ഞു.

ചാഹലിനെ കളിക്കാൻ അത്രയ്ക്ക് പ്രയാസമില്ല. എന്നാൽ, അദ്ദേഹം ഒരുപാട് വിക്കറ്റുകൾ നേടുന്നുണ്ട്. ഇരുവരെയും നേരിടാൻ ഒരുപാട് അധ്വാനിച്ചിട്ടാണ് ഞങ്ങൾ വാണ്ടറേഴ്സിൽ ഇറങ്ങിയത്. അതിന്റെ ഫലം ലഭിച്ചെന്നാണ് കരുതുന്നത് – ക്ലാസൻ പറഞ്ഞു.

കോഹ്‍ലിക്കായി ധവാന്റെ ന്യായം

അതേസമയം, റൺ നിരക്കു നിയന്ത്രിക്കുന്നതിനേക്കാൾ വിക്കറ്റ് അത്യാവശ്യമായതു കൊണ്ടായിരിക്കും അവസാന നിമിഷങ്ങളിലും ഇന്ത്യൻ ക്യാപ്റ്റൻ സ്പിന്നർമാരെ വച്ചു പരീക്ഷിച്ചതെന്നായിരുന്നു ധവാന്റെ അഭിപ്രായം.. ഭുവനേശ്വറിനും ബുംമ്രയ്ക്കും ഓവറുകൾ ബാക്കിയുണ്ടായിരുന്നെങ്കിലും നമുക്ക് വേണ്ടിയിരുന്നത് വിക്കറ്റുകളായിരുന്നു. അതു മനസ്സിൽവച്ചാകും സ്പിന്നർമാരെക്കൊണ്ടുതന്നെ ബോൾ ചെയ്യിക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചത്. തിരിച്ചടികളിൽനിന്ന് പാഠം പഠിച്ച് ടീം ശക്തമായി തിരിച്ചുവരുമെന്നും ധവാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

കോഹ്‍ലി പറഞ്ഞത്

അവസാന ഓവറുകളിൽ സ്പിന്നർമാരെ ആശ്രയിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞില്ലെങ്കിലും മൽസരത്തെക്കുറിച്ച് കോഹ്‍ലിയുടെ വാക്കുകളിങ്ങനെ:

നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മികച്ച ബാറ്റിങ്ങാണ് കാഴ്ചവച്ചത്. അർഹിച്ച വിജയമാണ് അവർ നേടിയത്. ഇടിമിന്നൽ മൂലം കളി ആദ്യം നിർത്തുന്നതുവരെ നമ്മള്‍ മികച്ച ഫോമിലായിരുന്നു. അതിനുശേഷം ബാറ്റിങ്ങിന് അനുകൂലമല്ലാത്ത വിധത്തിൽ പിച്ച് പെരുമാറിത്തുടങ്ങിയതോടെയാണ് ബാറ്റിങ് മന്ദഗതിയിലായത്. പെട്ടെന്നു തണുപ്പു കൂടിയതും ബാറ്റിങ്ങിനെ ബാധിച്ചു. രണ്ടാം പ്രാവശ്യവും ഇടിമിന്നൽ മൂലം കളി നിർത്തിയതും ഓവറുകൾ ചുരുക്കിയതും ദക്ഷിണാഫ്രിക്കയ്ക്ക് ഗുണം ചെയ്തു. ട്വന്റി20യുടെ സ്വഭാവത്തോടെ ബാറ്റു വീശാൻ അവർക്കായി.