അഞ്ച് ഏകദിനം, നാല് സെഞ്ചുറി കൂട്ടുകെട്ട് (പെട്ടെന്നു ജയിച്ചതിനാൽ ഒരെണ്ണം 93*); എന്നാലും കോഹ്‌ലീ....

പോർട്ട് എലി‍സബത്ത് ∙ അഞ്ച് മൽസരങ്ങളിൽനിന്ന് 429 റൺസുമായി അസാധ്യ ഫോമിലാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. രണ്ടു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അർധസെഞ്ചുറിയുടെ വക്കോളമെത്തി നിന്നുപോയ ഒരു ഇന്നിങ്സുമുണ്ട് ഈ പ്രകടനത്തിൽ. എന്നാൽ, വ്യക്തിഗത മികവിനൊപ്പം ദക്ഷിണാഫ്രിക്കൻ മണ്ണിലെ അസാമാന്യ കുതിപ്പിന് ടീം ഇന്ത്യയ്ക്ക് ഊർജം പ്രദാനം ചെയ്ത മറ്റൊരു സംഭാവന കൂടിയുണ്ട് കോഹ്‍ലിയുടെ വക. ഇതുവരെ നടന്ന അഞ്ച് ഏകദിനങ്ങളിൽ നാലിലും സെഞ്ചുറി കൂട്ടുകെട്ടിൽ പങ്കാളിയാണ് കോഹ്‍ലി!

ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ഏകദിന പരമ്പര ജയം നേടി ഇന്ത്യ ചരിത്രം കുറിക്കുമ്പോൾ, എല്ലാ വിജയങ്ങൾക്കും പിന്നിൽ ക്യാപ്റ്റൻ വിരാട് കോഹ‍്‌ലിയുടെ വ്യക്തമായ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടെന്നതാണ് വസ്തുത. അഞ്ച് ഏകദിനങ്ങളിൽനിന്നായി ഇന്ത്യൻ താരങ്ങൾ ആകെ പടുത്തുയർത്തിയത് നാല് സെഞ്ചുറി കൂട്ടുകെട്ടുകളും മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളുമാണ്. ഇതിൽ നാല് സെഞ്ചുറി കൂട്ടുകെട്ടുകളിലും രണ്ട് അർധസഞ്ചുറി കൂട്ടുകെട്ടുകളിലും പങ്കാളിയാണ് കോഹ്‍ലി. പോർട്ട് എലിസബത്ത് ഏകദിനത്തിൽ രോഹിത്–ശ്രേയസ് അയ്യർ കൂട്ടുകെട്ട് തീർത്ത 60 റൺസ് കൂട്ടുകെട്ടിൽ മാത്രമാണ് കോഹ്‍ലി സ്പർശമില്ലാത്തത്.

കോഹ്‍ലി സെഞ്ചുറി കൂട്ടുകെട്ടിന്റെ ഭാഗമാകാതെ പോയ ഒരേയൊരു മൽസരം സെഞ്ചൂറിയനിലെ രണ്ടാം ഏകദിനം മാത്രമാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 118 റൺസിൽ അവസാനിച്ച ആ മൽസരത്തിൽ കോഹ്‍ലി–ധവാൻ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും മൽസരം അവസാനിച്ചതാണ് അതിനു കാരണം.

മറ്റെല്ലാ മൽസരങ്ങളിലും കോഹ്‍ലി സെഞ്ചുറി കൂട്ടുകെട്ടുകളുടെ ഭാഗമായി. ഡർബനിൽ നടന്ന ഒന്നാം ഏകദിനത്തിൽ അജിങ്ക്യ രഹാനെയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 189 റൺസ് കൂട്ടിച്ചേർത്താണ് കോഹ്‍ലിയുടെ പ്രയാണത്തിന്റെ തുടക്കം. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന ലേബലോടെയായിരുന്നു കോഹ്‍ലി–രഹാനെ ദ്വയത്തിന്റെ കുതിപ്പ്. 189 റൺസ് കൂട്ടിച്ചേർത്ത ഇരുവരും പിന്നിലാക്കിയത് 2007ൽ സച്ചിൻ–ദ്രാവിഡ് സഖ്യം പടുത്തുയർത്തയി 158 റൺസിന്റെ റെക്കോർഡ്. ഇതിനു പുറമെ ഡർബൻ കിങ്സ്മീഡ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടു കൂടിയാണിത്. ഇക്കുറി പിന്നിലായത് 1994ൽ പാക്കിസ്ഥാന്റെ ഇജാസ് അഹമ്മദ്–സലീം മാലിക് സഖ്യം ഇവിടെ കൂട്ടിച്ചേർത്ത 136 റൺസിന്റെ കൂട്ടുകെട്ട്.

സെഞ്ചൂറിയനിൽ നടന്ന രണ്ടാം ഏകദിനത്തിൽ കപ്പിനു ചുണ്ടിനുമിടയിലാണ് കോഹ്‍ലിക്ക് സെഞ്ചുറി കൂട്ടുകെട്ട് നഷ്ടമായത്. കുൽദീപ് യാദവ്–യുസ്‌വേന്ദ്ര ചാഹൽ സഖ്യം ഫോമിന്റെ ഉച്ചാസ്ഥിയിലെത്തിയ ഈ മൽസരത്തിൽ ദക്ഷിണാഫ്രിക്ക 118 റൺസിനാണ് പെട്ടിമടക്കിയത്. ഒന്നാം വിക്കറ്റിൽ ധവാനും രോഹിതും ചേർന്ന് 26  റൺസ് കൂട്ടിച്ചേർത്തപ്പോൾ തന്നെ സെഞ്ചുറി കൂട്ടുകെട്ട് അപ്രാപ്യമായ സാധ്യതയായിരുന്നു. രോഹിത് പുറത്തായശേഷം ധവാനൊപ്പം 93 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും മൽസരം തീർന്നു. സെഞ്ചുറി കൂട്ടുകെട്ടെന്ന സ്വപ്നം ഏഴു റൺസ് അകലെ അവസാനിച്ചു.

കേപ്ടൗണിൽ നടന്ന മൂന്നാം ഏകദിനത്തിൽ കോഹ്‍ലി ആ വിഷമം തീർത്തു. ഇക്കുറിയും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് തുണനിന്നത് ശിഖർ ധവാൻ തന്നെ. രോഹിത് ശർമ നേരിട്ട ആദ്യ ഓവറിൽ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ കോഹ്‍ലി ഇക്കുറിയും തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ ധവാനൊപ്പം കൂട്ടിച്ചേർത്തത് 140 റൺസ്!. പരമ്പരയിലെ രണ്ടാം സെഞ്ചുറി കൂട്ടുകെട്ട്. ധവാൻ വഴിപിരിഞ്ഞെങ്കിലും തന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഏകദിന സ്കോർ സ്വന്തമാക്കിയ കോഹ്‍ലി പിരിയാത്ത ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു (67) കൂടി തീർത്തു.

പരമ്പര ജയമെന്ന സ്വപ്നവുമായി നാലാം ഏകദിനത്തന് വാണ്ടറേഴ്സിലെത്തിയപ്പോഴും കോഹ്‍ലിയുടെ ബാറ്റ് തീതുപ്പി. ഇക്കുറിയും സെഞ്ചുറി കൂട്ടുകെട്ടിലേക്ക് തുണനിൽക്കാനുള്ള നിയോഗം ധവാനു തന്നെ. ഒന്നാം വിക്കറ്റിൽ 20 റൺസ് കൂട്ടുകെട്ട് തീർത്ത് രോഹിത് പുറത്തായതിനു പിന്നാലെ വീണ്ടും ധവാനൊപ്പം കോഹ്‍ലി ഒന്നിച്ചു. ഇത്തവണയും തകർത്തടിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 158 റൺസ്. കോഹ്‌ലിക്ക് പരമ്പരയിലെ മൂന്നാം സെഞ്ചുറി കൂട്ടുകെട്ട്. ധവാനൊപ്പം രണ്ടാമത്തേതും.

താരങ്ങളേക്കാൾ മഴകളിച്ച നാലാം ഏകദിനത്തിലെ അപ്രതീക്ഷിത തോൽവി മറന്ന് വീണ്ടും പരമ്പര ജയം ലക്ഷ്യമിട്ട് പോർട്ട് എലിസബത്തിൽ ഇറങ്ങിയപ്പോൾ കോഹ്‍ലി അത്ര ഫോമിലായിരുന്നില്ല. എന്നിട്ടും പരമ്പരയിലാദ്യമായി ഫോമിലേക്കുയർന്ന രോഹിത് ശർമയ്ക്കൊപ്പം മികച്ചൊരു പിന്തുണക്കാരന്റെ റോളിൽ പിടിച്ചുനിൽക്കാൻ കോഹ്‍ലിക്കായി. മാത്രമല്ല, രണ്ടാം വിക്കറ്റിൽ മറ്റൊരു സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും കോഹ്‍ലിക്കായി. ഇക്കുറി 105 റൺസാണ് രോഹിത്–കോഹ്‍ലി സഖ്യം രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി മാറിയതും ഈ കൂട്ടുകെട്ടുതന്നെ.