പോർട്ട് എലിസബത്ത്∙ തന്റെ തന്നെ ഒരു പ്രതിബിംബത്തെയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി സഹതാരം ഹാർദിക് പാണ്ഡ്യയിൽ കാണുന്നതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്. കളത്തിൽ പാണ്ഡ്യയുടെ രീതികൾ കോഹ്‍ലി ഇഷ്ടപ്പെടുന്നുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും പൊള്ളോക്ക് പറഞ്ഞു. കോഹ്‍ലി ക്യാപ്റ്റനായിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ ടീമിൽ തുടരാൻ ഹാർദിക്കിനു സാധിക്കുമെന്നും പൊള്ളോക്ക് അഭിപ്രായപ്പെട്ടു.
ഹാർദിക് പാണ്ഡ്യയുടെ രീതികൾ കോഹ്‍ലി ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കോഹ്‍ലി ക്രിക്കറ്റിനെ സമീപിക്കുന്ന അതേ രീതിയിലാണ് ഹാർദിക്കും കളിയെ സമീപിക്കുന്നത്. ഈ സമീപനം കോഹ്‍ലിക്ക് ഇഷ്ടമായതിനാൽ പാണ്ഡ്യയ്ക്ക് ഏറെക്കാലം ടീമിൽ തുടരാനാകും – പൊള്ളോക്ക് പറഞ്ഞു. ഇതു ക്രിക്കറ്റിന്റെ ഒരു പൊതുരീതിയാണ്. ക്യാപ്റ്റന് ഒരു കളിക്കാരനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ അയാൾക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കും – പൊള്ളോക്ക് കൂട്ടിച്ചേർത്തു.
ഡുമിനി, ഡിവില്ലിയേഴ്സ് എന്നിവരെ തുടക്കത്തിലേ പുറത്താക്കിയ പാണ്ഡ്യയുടെ പ്രകടനം അഞ്ചാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായകമായിരുന്നു. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഹാഷിം അംലയെ നേരിട്ടുള്ള ഏറിൽ പുറത്താക്കി ഫീൽഡിങ്ങിലും പാണ്ഡ്യ തിളങ്ങി.
കേപ്ടൗൺ ടെസ്റ്റിൽ പാണ്ഡ്യ കളിച്ച രീതി എന്നെ ഏറെ ആകർഷിച്ചു. ഓരോ മൽസരം കഴിയുന്തോറും കൂടുതൽ പഠിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതൽ അപകടകാരിയാകാൻ പാണ്ഡ്യയ്ക്കാകും. മിക്ക താരങ്ങൾക്കും നല്ല കഴിവു കാണും. അത് വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യ പര്യടനം നടത്തും മുൻപ് തനിക്കു വേണ്ടതെല്ലാം പാണ്ഡ്യ പഠിച്ചെടുക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴും സ്വന്തമായൊരു ശൈലി രൂപപ്പെടുത്താൻ പാണ്ഡ്യ ശ്രമിച്ചുവരികയാണ്. തന്റെ ആക്രമണോത്സുകതയും സാങ്കേതിക തികവും ഇടകലർത്തിയുള്ള ശൈലി രൂപപ്പെടുത്താനാകും ശ്രമം – പൊള്ളോക്ക് പറഞ്ഞു.
ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ രണ്ട് കൈക്കുഴ സ്പിന്നർമാരെ മാത്രം വച്ച് കളിക്കാൻ സാധിക്കുമോ എന്ന് ഇന്ത്യ ഒന്നുകൂടി ആലോചിക്കണമെന്നും പൊള്ളോക്ക് അഭിപ്രായപ്പെട്ടു. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചാഹലും പ്രതീക്ഷ നൽകുന്ന താരങ്ങളാണെന്ന് പൊള്ളോക്ക് ചൂണ്ടിക്കാട്ടി. കുൽദീപിനെ നോക്കുക. 20നു താഴെ ശരാശരിയിൽ 38 വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയത്. ചാഹലിന്റെ പ്രകടനവും സമാനമാണ്. 22നു താഴെ ശരാശരി ചാഹലിനുണ്ട്. റൺസ് വിട്ടുകൊടുക്കുന്നതിലും ഇരുവരും പിശുക്കു കാട്ടുന്നുണ്ട്. എന്നാൽ, ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കാൻ ഇരുവർക്കും സാധിക്കുമോ എന്നതാണ് പ്രധാനം – പൊള്ളോക്ക് പറഞ്ഞു.
ലോകകപ്പിനു മുന്നോടിയായി ഇന്ത്യ അവിടെ പര്യടനത്തിനു പോകുന്നത് ഗുണം ചെയ്യുമെന്നും പൊള്ളോക്ക് അഭിപ്രായപ്പെട്ടു. കുൽദീപും ചാഹലും അവിടെ എന്തുതരത്തിലുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് എന്ന് വിലയിരുത്താൻ സാധിക്കുമെന്നും പൊള്ളോക്ക് ചൂണ്ടിക്കാട്ടി. ഇരുവരെയും വച്ച് ലോകകപ്പിന് തയാറെടുക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും പൊള്ളോക്ക് പറഞ്ഞു.