ഞാൻ ആരുമായും മൽസരിക്കുന്നില്ല; എനിക്കു വിശേഷണങ്ങളും വേണ്ട: കോഹ്‍ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിൽ അഭിനന്ദനങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും, ആരുമായും മൽസരിക്കാനില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. സെഞ്ചൂറിയൻ ഏകദിനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് കോഹ്‍ലി നിലപാട് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ, ആരെങ്കിലുമായി മൽസരിക്കുന്നുവെന്ന തോന്നൽ എനിക്കില്ല. മൽസരത്തിനായുള്ള ഒരുക്കം മാത്രമാണ് എപ്പോഴും മനസ്സിലുള്ളത്. അത്തരമൊരു മനസ്ഥിതി സ്വന്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതും. അല്ലാതെ ആരുമായും മൽസരത്തിനില്ല – കോഹ്‍ലി പറഞ്ഞു.

ആരെങ്കിലുമായും മൽസരിക്കുന്നതായും മറ്റുള്ളവരെക്കാൾ താൻ മുന്നിലായിരിക്കണമെന്നും ചിന്തിച്ചാൽ ടീമിനായുള്ള പ്രകടനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും കോഹ്‌ലി അഭിപ്രായപ്പെട്ടു. രാജ്യാന്തര ക്രിക്കറ്റിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കാമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കോഹ്‍ലിയുടെ മറുപടി ഇങ്ങനെ:

എനിക്ക് യാതൊരുവിധ ലേബലുകളും ആവശ്യമില്ല. എന്തെങ്കിലും തലക്കെട്ടുകളും വേണ്ട. ജോലി ചെയ്യുന്നതിലാണ് എന്റെ സമ്പൂർണമായ ശ്രദ്ധ. എന്നെക്കുറിച്ച് എന്തെങ്കിലും ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് അവരുടെ കർത്തവ്യമാണ്. എനിക്ക് യാതൊരു ലേബലുകളും വേണ്ട – കോ‍ഹ്‌ലി വ്യക്തമാക്കി.