രാജ്യാന്തര ഏകദിനത്തിലെ 200–ാം ഇന്നിങ്സിൽ 35–ാം സെഞ്ചുറിയും 9,500 റൺസ് നേട്ടവും പിന്നിട്ടതിനു പിന്നാലെ ഇതുകൊണ്ടൊന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. ഇനിയും എട്ടോ ഒൻപതോ വർഷം തന്റെ മുന്നിൽ അവശേഷിക്കുന്നുണ്ടെന്നും അത് പരമാവധി മുതലെടുക്കാനാണ് തീരുമാനമെന്നും കോഹ്‍ലി വ്യക്തമാക്കി.
സെഞ്ചൂറിയൻ ഏകദിനത്തിൽ കളിയിലെ കേമൻ പട്ടം നേടിയ ശേഷം സംസാരിക്കുമ്പോഴാണ് ഇനിയും എട്ടോ ഒൻപതോ വർഷം സമാനമായ പ്രകടനങ്ങൾ പ്രതീക്ഷിക്കാമെന്ന കോഹ്‍ലിയുടെ പ്രഖ്യാപനം. പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതും ടീമിനെ നയിക്കാൻ സാധിക്കുന്നതും വലിയ അനുഗ്രഹമാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി.
എനിക്ക് വളരെ അനുകൂലമായി തോന്നിയ ദിവസമായിരുന്നു ഇത്. കഴിഞ്ഞ മൽസരത്തിൽ ഞാൻ അത്ര നല്ല മാനസികാവസ്ഥയിലായിരുന്നില്ല. എന്നാൽ, ഇവിടെ ബാറ്റു ചെയ്യുന്നത് ആസ്വദിക്കാൻ സാധിച്ചു. ഫ്ലഡ്‌ലൈറ്റിനു കീഴിൽ ബാറ്റു ചെയ്യുന്നത് നല്ല അനുഭവമായിരുന്നു. അതുകൊണ്ടാണ് ടോസ് കിട്ടിയപ്പോൾ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചത്. ഷോര്ട്ട് ബോളുകൾ കളിക്കുമ്പോൾ നല്ല ഒഴുക്കുണ്ടായിരുന്നു. അവരാകട്ടെ, ആവശ്യത്തിന് ഷോർട്ട് ബോളുകൾ എറിയുകയും ചെയ്തു – കോഹ്‍ലി ചൂണ്ടിക്കാട്ടി.
ഏകദിന പരമ്പരയിൽ ടീമിന്റേത് മികച്ച പ്രകടനമായിരുന്നെന്നും കോഹ്‍ലി പറഞ്ഞു. രണ്ട് യുവ സ്പിന്നർമാരും ശിഖർ ധവാനും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം ഏകദിനത്തിൽ രോഹിതിന്റെ പ്രകടനവും എടുത്തുപറയണം. ഇതുകൊണ്ടും പരമ്പര തീർന്നിട്ടില്ല. ട്വന്റി20യിലും സമാനമായ ആത്മവിശ്വാസത്തോടെ കളിക്കാനാണ് ശ്രമമെന്നും കോഹ്‍ലി പറഞ്ഞു.
ആറ് മൽസരങ്ങളിൽനിന്ന് നാലു സെഞ്ചുറി ഉൾപ്പെടെ 558 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ മികവിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കിയത്. 186 റൺസ് ശരാശരിയും സ്വന്തമാക്കിയ കോഹ്‍ലി, രണ്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ഏകദിന പരമ്പരയിൽ 500 റൺസിനു മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമാണ്. 2013–14 സീസണിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ 491 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡാണ് കോഹ്‍ലിയുടെ വിസ്മയക്കുതിപ്പിൽ പിന്നിലായത്.