ഏകദിനത്തിൽ 200 കടക്കാൻ (ദക്ഷിണാഫ്രിക്ക) ബുദ്ധിമുട്ടി, പിന്നെയാണ് ഈ ട്വന്റി20!

സെഞ്ചൂറിയൻ ∙ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഈ കോഹ്‍ലിയും സംഘവും ഇതെന്തു ഭാവിച്ചാണ്? മുൻ താരങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും കടുത്ത വിമർശനം വിളിച്ചുവരുത്തിയ ആദ്യ രണ്ടു ടെസ്റ്റുകൾക്കു ശേഷം കോഹ്‍ലിയുടെയും സംഘത്തിന്റെയും പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ആതിഥേയരുടെ പേരും പെരുമയും തെല്ലും കൂസാതെയുള്ള ഏകദിന പരമ്പരയിലെ പ്രകടനത്തിന് ആദ്യ ട്വന്റി20 മൽസരത്തിലും തുടർച്ച കണ്ടെത്തിയ കോ‍ഹ്‌ലിപ്പട, ട്വന്റി20യിലെ അഞ്ചാം തുടർ വിജയമാണ് വാണ്ടറേഴ്സിൽ നേടിയത്.

ബാറ്റിങ്ങിൽ ശിഖർ ധവാനും ബോളിങ്ങിൽ ഭുവനേശ്വർ കുമാരും മിന്നിക്കത്തിയ മൽസരത്തിൽ 28 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തപ്പോൾ, ദക്ഷിണാഫ്രിക്കയുടെ മറുപടി ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 175 റൺസിലൊതുങ്ങി. ഏകദിനത്തിൽ തന്നെ പലപ്പോഴും 200 കടക്കാൻ പെടാപ്പാടു പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ട്വന്റി20യിലെ 200നു മുകളിലുള്ള വിജയലക്ഷ്യം ബാലികേറാ മലയാകുമെന്ന ആരാധകരുടെ പ്രതീക്ഷയും ശരിയായി. 269, 118, 179, 207, 201, 206 എന്നിങ്ങനെയായിരുന്നു ഏകദിന പരമ്പരയിലെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം. ദക്ഷിണാഫ്രിക്കയുമായുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യയുടെ ഏഴാം വിജയമാണിത്.

ടോസ് നഷ്ടം, ആദ്യ ബാറ്റിങ് ലാഭം

ടോസ് നഷ്ടമെന്ന അപശകുനത്തോടെയാണ് വാണ്ടറേഴ്സിൽ ഇന്ത്യയുടെ പോരാട്ടത്തിന് തുടക്കമായത്. ഇന്ത്യയെ ബാറ്റിങ്ങിന് വിടാനായിരുന്നു ദക്ഷിണാഫ്രിക്കൻ നായകൻ ജെ.പി. ഡുമിനിയുടെ തീരുമാനം. ബാറ്റ്സ്മാന്മാരെ ആശ്ലേഷിക്കാൻ കാത്തുകിടക്കുകയായിരുന്നു വാൻഡറേഴ്സിലെ പിച്ച്. ആദ്യ ഓവറിൽത്തന്നെ രണ്ടു തവണ പന്ത് അതിർത്തിക്കു മുകളിലൂടെ പറത്തി രോഹിത് ശർമ പിച്ചിന്റെ സ്നേഹം ആസ്വദിച്ചു.

പിച്ചിന്റെ ‘ബാറ്റിങ് സ്നേഹം’ മനസിലാക്കിയതുകൊണ്ടാകണം, കിട്ടുന്ന അവസരങ്ങളിലെല്ലാം പന്ത് അതിർത്തി കടത്താനായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ശ്രമം. നേരിട്ട ആദ്യ പന്ത് വെറുതെ വിട്ട രോഹിത് ശർമ രണ്ടാം പന്ത് ആകാശംമുട്ടെ വേലിക്കെട്ടു കടത്തിയതോടെ ആദ്യ ഓവർ എറിഞ്ഞ പാറ്റേഴ്സൻ പതറി. അഞ്ചാം പന്ത് ബാക്ക്‌വാഡ് സ്ക്വയർ ലെഗ്ഗിലൂടെ ഗാലറിയിലെത്തിച്ച രോഹിത്, അവസാന പന്തിന് ബാക്ക്‌വാഡ് പോയിന്റിലൂടെ ബൗണ്ടറി കാട്ടിക്കൊടുത്തതോടെ ആദ്യ ഓവറിൽ പിറന്നത് 18 റൺസ്. അത്യാവേശം വിനയായി മാറിയതോടെ അടുത്ത ഓവറിൽ രോഹിത് മടങ്ങി. ജൂനിയർ ഡാല എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തും പോയിന്റിലൂടെ ബൗണ്ടറി കടത്തിയ രോഹിത് അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസന്റെ കൈകളിലൊതുങ്ങി. ഒൻ‌പതു പന്തു മാത്രം നീണ്ട ഇന്നിങ്സിൽ രണ്ടു വീതം സിക്സും ബൗണ്ടറിയും സഹിതം 21 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.

ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലക്കു മടങ്ങിയെത്തിയ സുരേഷ് റെയ്നയായുടേതായിരുന്നു അടുത്ത ഊഴം. ആദ്യ പന്തുകൾ പ്രതിരോധിച്ചു നിന്ന റെയ്ന പാറ്റേഴ്സന്റെ അടുത്ത ഓവറിൽ തുടർച്ചയായി സിക്സും ബൗണ്ടറിയും കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. മൂന്ന് ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 37 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ജൂനിയർ ഡാലയുടെ അടുത്ത ഓവറിൽ സിക്സ് കണ്ടെത്താനുള്ള നിയോഗം ധവാൻ ഏറ്റെടുത്തു. ആദ്യ പന്തുതന്നെ മിഡ്‌വിക്കറ്റിലൂടെ ഗാലറിയിലെത്തി. അഞ്ചാം പന്തിൽ ബൗണ്ടറി കണ്ടെത്തിയ റെയ്നയെ ആറാം പന്തിൽ സ്വന്തം പന്തിൽ പിടികൂടി ഡാല പകരം വീട്ടി. ഇന്ത്യന് സ്കോർ നാല് ഓവറിൽ രണ്ടിന് 49.

വീണ്ടും ധവാൻ–കോഹ്‍ലി

ഏകദിന പരമ്പരയിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂണായിരുന്ന ധവാൻ–കോഹ്‌ലി സഖ്യത്തിന്റെ ഊഴമായിരുന്നു അടുത്തത്. വമ്പനടികളുമായി കളം നിറഞ്ഞ രോഹിതും റെയ്നയും പെട്ടെന്നു മടങ്ങിയതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ധവാന്‍ ഏറ്റെടുത്തു. ടോപ് ഗിയറിലേക്കു മാറിയ ധവാൻ അനായാസം ബൗണ്ടറികൾ കണ്ടെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡിലേക്കു റണ്ണൊഴുകി.

മറുവശത്ത് അത്ര ഫോമിലായിരുന്നില്ല ക്യാപ്റ്റൻ കോഹ്‍ലി. അതു മനസ്സിലാക്കിയാകണം ധവാന് സ്ട്രൈക്ക് കൈമാറി കോഹ്‍ലി ഒരു വശത്ത് കൂട്ടുനിന്നു. ക്രിസ് മോറിസ്, ഡാല തുടങ്ങി മധ്യ ഓവറുകളിൽ ഇന്ത്യയെ പിടിച്ചുകെട്ടാനെത്തിയവരെല്ലാം ധവാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒൻ‌പതാം ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 100 കടത്തി. തൊട്ടുപിന്നാലെ 10–ാം ഓവറിൽ കോഹ്‍ലിയും പുറത്തായി. 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 26 റൺസെടുത്ത കോഹ്‍ലിയെ ടെബ്രായിസ് ഷംസി എൽബിയിൽ കുരുക്കി.

ഇഴഞ്ഞുപോയ അവസാന ഓവറുകൾ

കോഹ്‍ലി മടങ്ങിയതിനു തൊട്ടുപിന്നാലെ ഇന്ത്യൻ ഇന്നിങ്സിൽ ഒരു ബൗണ്ടറി പോലുമില്ലാത്ത ആദ്യ ഓവറെത്തി. സ്മട്സ് എറിഞ്ഞ 11–ാം ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത് ആറു റൺസ് മാത്രം. എന്നാൽ പതുക്കെ താളം കണ്ടെത്തിയ ധവാൻ–മനീഷ് പാണ്ഡെ സഖ്യം സ്കോറിങ്ങിനു വേഗം കൂട്ടിയതോടെ റണ്ണൊഴുകിത്തുടങ്ങി. 15–ാം ഓവറിൽ ധവാൻ മടങ്ങി. 39 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 72 റൺസടുത്ത ധവാനെ ഫെലൂക്‌വായോ ക്ലാസന്റെ കൈകളിലെത്തിച്ചു.

ധവാനു പകരം ധോണി എത്തിയതോടെ സ്കോറിങ് വീണ്ടും ഇഴഞ്ഞു. ധവാൻ പുറത്തായ ശേഷമുള്ള 32 പന്തിൽ ഇന്ത്യയ്ക്കു നേടാനായത് 48 റൺസ് മാത്രം. മനീഷ് പാണ്ഡെ 27 പന്തിൽ 29 റൺസോടെയും ഹാർദിക് പാണ്ഡ്യ ഏഴു പന്തിൽ 13 റൺസോടെയും പുറത്താകാതെ നിന്നു. ധോണി 11 പന്തിൽ 16 റൺസെടുത്തു പുറത്തായി. ആദ്യ ഓവറുകളിൽ ഇന്ത്യൻ താരങ്ങൾ അടിച്ചോടിച്ച പാറ്റേഴ്സന്‍ എറിഞ്ഞ അവസാന ഓവറിൽ പാണ്ഡ്യയ്ക്കും പാണ്ഡെയ്ക്കും ഒരു ബൗണ്ടറി പോലും കണ്ടെത്താനായില്ല. എന്തായാലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിലെ തങ്ങളുടെ ഉയർന്ന സ്കോർ കുറിച്ച ശേഷമാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ തിരിച്ചുകയറിയത്.

ദക്ഷിണാഫ്രിക്കയുടെ മറുപടി

നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടേതും. സ്മട്സും(14), ഹെൻഡ്രിക്സും(70) ചേർന്നു 2.5 ഓവറിൽ 29 റൺസ് നേടിയ ശേഷമാണു വേർപിരിഞ്ഞത്. 50 പന്തുകളിൽ എട്ടു ബൗണ്ടറിയും ഒരു സിക്സറുമായി തകർത്തടിച്ചു ഹെൻഡ്രിക്സിനു പറ്റിയ പങ്കാളിയെ ലഭിക്കാതിരുന്നതു ദക്ഷിണാഫ്രിക്കൻ കുതിപ്പിനു തടയിട്ടു. ബെഹർദീൻ(27 പന്തുകളിൽ 39 റൺസ്) മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്.

ഏഴാം ഓവറിൽ ഡേവിഡ് മില്ലർ പാണ്ഡ്യയുടെ പന്തിൽ ധവാനു ക്യാച്ച് നൽകി പുറത്തായശേഷം നാലാം വിക്കറ്റിൽ ബെഹാർദീൻ–ഹെൻഡ്രിക്സ് സഖ്യം 81 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ നെഞ്ചിടിപ്പു കൂട്ടിയതാണ്. എന്നാൽ ബെഹാർദീനെ മടക്കിയ ചാഹൽ ഇന്ത്യയെ മൽസരത്തിലേക്കു തിരിച്ചു കൊണ്ടുവന്നു. പിന്നീടെത്തിയ ക്ലാസൻ 16 റൺസിനും ഫെഹ്‌ലുക്വായോ 13 റൺസിനും പുറത്തായി. ബോളിങ് കൃത്യതയെക്കാളുപരി റൺറേറ്റിന്റെ സമ്മർദ്ദത്തിൽ സാഹസിക ഷോട്ടുകൾക്കു മുതിർന്നായിരുന്നു മിക്കവരും പുറത്തായത്.

ദക്ഷിണാഫ്രിക്കയെ അരിഞ്ഞുവീഴ്ത്തിയ ഭും ഭും ഭുവി!

ബോളർമാർക്ക് കാര്യമായ സഹായമൊന്നും നൽകാത്ത പിച്ചായിരുന്നു വാണ്ടറേഴ്സിലേത്. എന്നാൽ, ഇത്തരം ‘ചത്ത’ പിച്ചുകളെയും സുന്ദരമായ സ്വിങ് ബോളിങ്ങിലൂടെ ഉണർത്താമെന്നു  ഭുവി തെളിയിച്ചു. ബാറ്റ്സ്മാന്മാരുടെ പറുദീസയിൽ അഞ്ചു വിക്കറ്റു വേട്ടയുമായി ഭുവി മിന്നിക്കത്തിയതോടെയാണ് മൽസരം ഇന്ത്യ തിരിച്ചുപിടിച്ചത്. ഇന്ത്യൻ നിരയിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കു കാട്ടിയ ഏക ബോളർ ഭുവിയായിരുന്നു. ഹാർദിക് പാണ്ഡ്യ നാലോവറിൽ വിട്ടുകൊടുത്തത് 45 റൺസ്. ഉനദ്കട് നാലോവറിൽ 33 റൺസ് നൽകിയപ്പോൾ ചാഹൽ നാലോവറിൽ വിട്ടുകൊടുത്തതു 39 റൺസ്.

എന്നാൽ, ട്വന്റി20 കരിയറിലാദ്യമായി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഭുവി ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി. ദക്ഷിണാഫ്രിക്കൻ നിരയിലെ ആദ്യ മൂന്നുപേരും വീണതു ഭുവിക്കു മുന്നിൽത്തന്നെ. സ്മട്സ്, ഹെൻഡ്രിക്സ്, ക്യാപ്റ്റൻ ഡുമിനി എന്നിവരെ പുറത്താക്കിയ ഭുവി, ഇന്ത്യയ്ക്ക് ആവശ്യമായ സമയങ്ങളിലെല്ലാം വിക്കറ്റ് കണ്ടെത്തി. അപകടകാരിയായ ഹെൻറിക് ക്ലാസനെയും മടക്കിയ ഭുവി വമ്പനടികൾക്ക് കെൽപ്പുള്ള ക്രിസ് മോറിസിനെ മടക്കിയാണ് ട്വന്റി20യിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ട്വന്റി20യിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ പേസ് ബോളറാണ് ഭുവനേശ്വർ. യുസ്‌വേന്ദ്ര ചാഹലിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവും. 25 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതാണ് ചാഹലിന്റെ മികച്ച പ്രകടനം. ഇതിനെല്ലാം പുറമെ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായും ഭുവി മാറി. പാക്കിസ്ഥാന്റെ ഉമർ ഗുൽ (ആറു റൺസിന് അഞ്ച് വിക്കറ്റ്), ബംഗ്ലദേശിന്റെ അഹ്സൻ മാലിക് (19 റൺസിന് അഞ്ചു വിക്കറ്റ്) എന്നിവർക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ബോളറുടെ മികച്ച പ്രകടനം കൂടിയാണ് ഭുവിയുടേത്.

ദേ, വീണ്ടും ‘പരുക്കാഫ്രിക്ക’

ഏകദിന പരമ്പരയിൽ ആതിഥേയർക്കു തിരിച്ചടിയായി മാറിയ താരങ്ങളുടെ പരുക്ക് ട്വന്റിയിലും അവർക്കു വിനയാകുന്ന വാർത്തയോടെയാണ് മൽസരത്തിന് തുടക്കമായത്. പരുക്കുമൂലം ആദ്യ മൂന്ന് ഏകദിനങ്ങളിൽ പുറത്തിരുന്ന എ.ബി. ഡിവില്ലിയേഴ്സായിരുന്നു ഇക്കുറി പരുക്കിന്റെ പിടിയിലായത്. കാൽക്കുഴയ്ക്കേറ്റ പരുക്കുമൂലം ഡിവില്ലിയേഴ്സ് പുറത്തിരുന്നതു ദക്ഷിണാഫ്രിക്കയുടെ സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു.

പരുക്കുമൂലം ഡെയ്‌ൽ സ്റ്റെയിൻ, ഫാഫ് ഡുപ്ലേസി, ക്വിന്റൻ ഡികോക്ക് തുടങ്ങിയവർ പുറത്തായതിനു പിന്നാലെയാണ് ഡിവില്ലിയേഴ്സും ഒരിക്കൽക്കൂടി ടീമിനു പുറത്തേക്കു പോയത്.