സച്ചിനു വിട, ഇനി കോഹ്‍ലിയുടെ മൽസരം ബ്രാഡ്മാനും റിച്ചാഡ്സുമായിട്ടാണ്!

ന്യൂഡൽഹി ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കുതിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയെ കാത്ത് ചില സ്വപ്നസമാനമായ റെക്കോർഡുകളും. പര്യടനത്തിൽ, പ്രത്യേകിച്ചും ഏകദിന പരമ്പരയിൽ ഉജ്വല ഫോമിൽ കുതിക്കുന്ന കോഹ്‍ലി സെഞ്ചുറികള്‍ കുറിക്കുന്നതിലും റൺസ് വാരിക്കൂട്ടുന്നതിലും മികവുകാട്ടുമ്പോൾ, ക്രിക്കറ്റ് ചരിത്രത്തിലെ വൻമരങ്ങളും കടപുഴകാനാണ് സാധ്യത. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെയും വിവിയൻ റിച്ചാർഡ്സിന്റെയും റെക്കോർഡുകളും ഈ പരമ്പരയിൽ കോഹ്‍ലിയുടെ ബാറ്റിൻ തുമ്പത്തുണ്ട്.

ഒരു പര്യടനത്തിലെ എല്ലാ ഫോര്‍മാറ്റിലുമായി 1,000 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാകാനുള്ള സുവർണാവസരമാണ് കോഹ്‍ലിയെ കാത്തിരിക്കുന്നത്. ഈ നാഴികക്കല്ലിന് 130 റൺസ് മാത്രം അകലയൊണ് കോഹ്‍ലി. നിലവിൽ മൂന്ന് ടെസ്റ്റുകൾ, ആറ് ഏകദിനങ്ങൾ, ഒരു ട്വന്റി20 എന്നിവയിൽനിന്നായി 870 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. 13 ഇന്നിങ്സുകളിൽനിന്ന് 87 റൺസ് ശരാശരിയിലാണ് ഈ നേട്ടം. സ്ട്രൈക്ക് റേറ്റാകട്ടെ 82.38ഉം. ഇതുവരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏഴു സിക്സും 91 ബൗണ്ടറികളും കോഹ്‍ലിയുടെ ബാറ്റിൽനിന്ന് പിറന്നു.

ഒരു പര്യടനത്തിൽ ഇതുവരെ 1,000 റൺസിനു മുകളിൽ നേടിയിട്ടുള്ള ഏക താരം വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് മാത്രമാണ്. 1976ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 1045 റൺസാണ് റിച്ചാർഡ്സ് അടിച്ചുകൂട്ടിയത്. നാലു ടെസ്റ്റുകളിൽനിന്ന് 829 റൺസും ഏകദിന പരമ്പരയിൽ 216 റൺസുമായിരുന്നു റിച്ചാർഡ്സിന്റെ സമ്പാദ്യം.

അതേസമയം, ടെസ്റ്റ് പരമ്പരയിൽ താരതമ്യേന മോശം ഫോമിലായിരുന്ന കോഹ്‍ലി മൂന്നു ടെസ്റ്റുകളിൽനിന്നായി നേടിയത് 286 റൺസാണ്. ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. അതേസമയം, ആറ് ഏകദിന ഇന്നിങ്സുകളിൽനിന്നായി മൂന്നു സെഞ്ചുറിയും ഒരു ഫിഫ്റ്റിയും ഉൾപ്പെടെ 558 റൺസ് നേടി. വാണ്ടറേഴ്സിൽ ഞായറാഴ്ച നടന്ന ഏക ട്വന്റി20 മൽസരത്തിൽ 26 റൺസും കോഹ്‍ലി നേടി. നിലവിലെ ഫോം വച്ചു നോക്കുമ്പോൾ രണ്ട് ട്വന്റി20 മൽസരങ്ങളിൽനിന്ന് 130 റൺസെന്നത് കോഹ്‍ലിയെ സംബന്ധിച്ച് അപ്രാപ്യമായ സാധ്യതയല്ല. അതേസമയം, റിച്ചാർഡ്സിനെ മറികടക്കാൻ രണ്ടു മൽസരങ്ങളിൽനിന്ന് 176 റൺസാണ് കോഹ്‍ലിക്കു വേണ്ടത്. അൽപം കഠിനമെന്ന് തോന്നിയാൽ അപ്പുറത്ത് കോഹ്‍ലിയായതിനാൽ എഴുതിത്തള്ളാനും സാധിക്കില്ലെന്നതാണ് സത്യം.

അതേസമയം, ഇക്കാര്യത്തിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയൻ ഇതിഹാസതാരം ഡോൺ ബ്രാഡ്മാനെ പിന്നിലാക്കാൻ കോഹ്‍ലിക്ക് 104 റൺസു കൂടി മതി. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളിൽനിന്നായി 974 റൺസ് നേടിയാണ് ബ്രാഡ്മാൻ രണ്ടാമതുള്ളത്. ബുധനാഴ്ച സെഞ്ചൂറിയൻ സൂപ്പർസ്പോർട് പാർക്കിലാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മൽസരം. ഫെബ്രുവരി 24ന് കേപ്ടൗണിൽ മൂന്നാം ട്വന്റി20 മൽസരവും നടക്കും.

അതേസമയം, ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ 500 റൺസ് പിന്നിടുള്ള ആദ്യത്തെ താരമായി കോഹ്‍ലി മാറിക്കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരെ 491 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡ് മറികടന്ന കോഹ്‍ലി, ആറു മൽസരങ്ങളിൽനിന്ന് 558 റൺസ് നേടിയാണ് പരമ്പര അവസാനിപ്പിച്ചത്.