ആരാധകവൃന്ദമില്ലാതൊരു ‘ഒറ്റയാൻ’ പ്രയാണം; ഈ ‘മീശ പിരിയൻ ശിക്കാർ’ കാണാതെ പോകരുത്!

ഇന്ത്യൻ ക്രിക്കറ്റിന്റെ നക്ഷത്രതീരത്തേക്കു മീശപിരിച്ചുകൊണ്ടു കയറിവന്ന ചുഴലിക്കാറ്റാണു ശിഖർ ധവാൻ. എതിരാളികളെ കടപുഴക്കി മുന്നേറിയ ആ വേഗാവേശം ഇപ്പോൾ 100 എന്ന മാന്ത്രികസംഖ്യ പിന്നിട്ടിരിക്കുന്നു. ഇടംകയ്യൻമാരുടെ വരദാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാറ്റിങ് ചാരുതയില്ലാതെ, ഇടംവലം നോക്കാതെ ആഘോഷിക്കുന്ന ആരാധകവൃന്ദമില്ലാതെയൊരു ‘ഒറ്റയാൻ’ പ്രയാണം – ശിഖർ ധവാന്റെ കരിയറിന് ഇതിനേക്കാൾ യോജിച്ചൊരു വിശേഷണം വേറെയുണ്ടാവില്ല. നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടിയാണ് ഡൽഹി താരം ആഘോഷിച്ച 

കണക്കുകളിൽ മിന്നും ധവാൻ

ഏകദിന മൽസരങ്ങളുടെ എണ്ണത്തിൽ ശതകം പൂർത്തിയാക്കുമ്പോൾ ഈ ഡൽഹിക്കാരന്റെ ബാറ്റിങ് കണക്കുകൾ ഇങ്ങനെ തെളിയുന്നു – 99 ഇന്നിങ്സ്, 4309 റൺസ്, 13 ശതകങ്ങൾ, ശരാശരി 46.33 റൺസ്. ഏകദിന ക്രിക്കറ്റിന്റെ ഇതേവരെയുള്ള ചരിത്രമെടുത്താൽ ഒരേയൊരാൾ മാത്രമേ ഇതുവരെയുള്ള കളിക്കണക്കിൽ ധവാന്റെ മുന്നിലായുള്ളൂ. അതു ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ്. അംല നൂറു മൽസരങ്ങളുടെ പടവു കടന്നപ്പോൾ അക്കൗണ്ടിൽ ഉണ്ടായിരുന്നതു 53.42 ശരാശരിയിൽ 4808 റൺസ്. സെഞ്ചുറികളുടെ എണ്ണത്തിൽ പക്ഷേ ധവാനെക്കാൾ മേലെയായിരുന്നു അംലയുടെ സഞ്ചാരം. 100 മൽസരങ്ങളിൽ നിന്നു 16 സെഞ്ചുറികൾ. 

ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ന്യൂസീലൻഡിലുമായി നടന്ന മൽസരങ്ങളിൽ കരിയർ ശരാശരിക്കും മുകളിലാണ് ഈ ഇടംകയ്യൻ താരത്തിന്റെ ബാറ്റിങ് ശരാശരി. പേസും സ്വിങ്ങും മൂളിപ്പറക്കുന്ന ഈ പിച്ചുകളിൽ 42 മൽസരങ്ങളിൽ നിന്ന് 51.78 റൺസ് ആവറേജുമായി തലയുയർത്തി നിൽക്കുകയാണ് ഇന്ത്യൻ ഓപ്പണർ. ഇക്കാര്യത്തിൽ ഇന്ത്യൻ നിരയിൽ ധവാനു വെല്ലുവിളിയുയർത്തുന്നതാകട്ടെ സാക്ഷാൽ വിരാട് കോഹ്‌ലിയും. കോഹ്‌ലിയുടെ ശരാശരി 57.66 റൺസാണ്. എന്നാൽ കോഹ്‌ലിയെയും സച്ചിൻ‌ തെൻഡ‍ുൽക്കറെയും നിഷ്പ്രഭമാക്കുന്ന വേഗത്തിലാണ് ഇവിടങ്ങളിലെ സെഞ്ചുറി വേട്ടയിൽ ശിഖർ ധവാന്റെ മിന്നൽ പ്രകടനം. 

41 ഇന്നിങ്സുകളിൽ നിന്നായി ഇതിനകം ഏഴു സെഞ്ചുറികൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു ധവാൻ. 62 ഇന്നിങ്സുകളിൽ നിന്ന് എട്ടു ശതകമാണു കോഹ്‌‍ലിയുടെ സമ്പാദ്യം. ഒൻപതു ശതകങ്ങളുമായി സെഞ്ചുറികളുടെ എണ്ണത്തിൽ മുൻപൻ സച്ചിൻ തെൻ‍ഡുൽക്കറാണ്. പക്ഷേ 132 ഇന്നിങ്സ് വേണ്ടിവന്നു ക്രിക്കറ്റ് ഇതിഹാസത്തിനു സെഞ്ചുറികളിൽ ഈ നവരത്നത്തിളക്കം കൈവരിക്കാൻ. 93.47 റൺസ് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന ഡൽഹി താരത്തിനു പിന്നിലാണ് ആഡം ഗിൽക്രിസ്റ്റും വീരേന്ദർ സേവാഗും ബ്രെണ്ടൻ മക്കല്ലവും പോലുള്ള മിന്നൽപ്പിണറുകളുടെ സ്കോറിങ് റേറ്റും ആവറേജും. 

വേട്ടക്കാരൻ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ പുകൾപെറ്റ ബാറ്റിങ് നിരയെ എന്നും വെള്ളംകുടിപ്പിച്ചിട്ടുള്ളവരാണു ദക്ഷിണാഫ്രിക്കയും അവരുടെ പേസ് നിരയും. ശിഖർ ധവാനു പക്ഷേ ദക്ഷിണാഫ്രിക്കൻ പോരാട്ടങ്ങൾ റൺസിന്റെ അക്ഷയഖനികളാണ്. ജൊഹാനസ്ബർഗ് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ശതകം സ്വന്തമാക്കിയ ധവാന്റെ അക്കൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളതു മൂന്നു സെഞ്ചുറികൾ. മൂന്നും വിദേശത്താണ്. ആദ്യത്തേത് ഇംഗ്ലണ്ടിൽ നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ. രണ്ടാമത്തേത്, മെൽബണിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ കടുകട്ടി പോരാട്ടത്തിൽ. 

വിദേശമണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇതുവരെ കളിച്ച 10 മൽസരങ്ങളിൽ നിന്നായി 76.5 റൺസ് ശരാശരിയോടെ 612 റൺസാണു ധവാൻ വാരിക്കൂട്ടിയിട്ടുള്ളത്. സ്ട്രൈക്ക് റേറ്റും തെല്ലും മോശമല്ല – 103.25 ! ഈ കണക്കുകളിൽ ഏറെക്കുറെ സമാനസംഖ്യകളുമായി നായകൻ വിരാട് കോഹ്‌ലിയും ധവാനു കൂട്ടായുണ്ട്. ഏകദിനങ്ങളിൽ നാട്ടിലും വിദേശത്തുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിലേറെ ബാറ്റിങ് ശരാശരിയുള്ളതു വെറും മൂന്ന് ഇന്ത്യൻ താരങ്ങൾക്കാണ്. ധവാനും കോഹ്‌ലിയും ഗാംഗുലിയുമാണ് ആ താരങ്ങൾ. സച്ചിൻ തെൻഡുൽക്കറും മഹേന്ദ്രസിങ് ധോണിയുമടക്കമുള്ള സൂപ്പർ താരനിരയുടെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ആവറേജ് 35 റൺസിൽ താഴെ നിൽക്കും. 

വൈകി വീശിയ കൊടുങ്കാറ്റ്

പതിനഞ്ചു വർഷം മുൻപൊരു അണ്ടർ–19 ലോകകപ്പിലെ തട്ടുപൊളിപ്പൻ പ്രകടനത്തോടെയായിരുന്നു താരം തന്റെ വരവറിയിച്ചത്. പക്ഷേ, ആ തിളക്കം രാജ്യാന്തര പകിട്ടിലേക്കെത്തിക്കാൻ സമയം കുറെ വേണ്ടിവന്നു. 2010ൽ സേവാഗിന്റെ പകരക്കാരനായി ഏകദിനത്തിന്റെ വിളിയെത്തിയെങ്കിലും അരങ്ങേറ്റം അമ്പേ പരാജയപ്പെട്ടു. ഇരട്ട പൂജ്യത്തോടെ ഏകദിനത്തിൽ അരങ്ങേറിയ ധവാന്റെ സമയം തെളിയാൻ മൂന്നു വർഷം കൂടിയെടുത്തു.

ടെസ്റ്റിന്റെ പരീക്ഷണത്തിലാണു ധവാൻ കരുത്തറിയിച്ചത്. അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ക്രിക്കറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും സ്വന്തമാക്കി 174 പന്തിൽ നിന്നു 187 റൺസ് അടിച്ചുകൂട്ടിയ ധവാന്റെ മിന്നൽ ടെസ്റ്റ് അരങ്ങേറ്റം ഏകദിനത്തിന്റെ വാതിൽ വീണ്ടും തുറപ്പിച്ചു.