‘അവർ എന്ന് ധോണിക്കെതിരെ ശബ്ദമുയർത്തുന്നുവോ, അന്ന് ധോണി അവർക്കുനേരെ ബാറ്റുയർത്തും!’

സെഞ്ചൂറിയൻ∙ ഇന്ത്യ കപ്പിനും ചുണ്ടിനുമിടയിൽ മൽസരം കൈവിട്ട സെഞ്ചൂറിയൻ സൂപ്പർസ്പോർട് പാർക്കിൽ നടന്ന രണ്ടാം ട്വന്റി20 മൽസരത്തിലെ താരമാരാണ്? കൈക്കുഴ സ്പിന്നമാർക്കു മുന്നിൽ മുട്ടിടിച്ചുനിന്ന സഹതാരങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് തകർപ്പൻ അർധസെഞ്ചുറിയുമായി ടീമിനു വിജയം സമ്മാനിച്ച ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനോ? അതോ ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ് കയ്യടി നേടിയ ജെ.പി. ഡുമിനിയോ? അതുമല്ലെങ്കിൽ തകർച്ചയിലേക്കു പോയിക്കൊണ്ടിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ രാജ്യാന്തര ട്വന്റി20യിലെ തന്റെ ഉയർന്ന സ്കോറുമായി താങ്ങിനിർത്തിയ മനീഷ് പാണ്ഡെയോ?

ഇവരിലാരെയൊക്കെ നിങ്ങൾ പിന്തുണച്ചാലും ആരാധകഹൃദയങ്ങളിലെ താരം സാക്ഷാൽ എംഎസ്ഡിയാണ്. ഏറെനാളായി കൈമോശം വന്നിരുന്ന മഹേന്ദ്രജാലം സെഞ്ചൂറിയന്റെ പച്ചപ്പിൽ വീണ്ടെടുത്ത മഹേന്ദ്രസിങ് ധോണി. സ്റ്റംപിനു പിന്നിലെ അതുല്യമായ പ്രകടനം തുടരുമ്പോഴും ബാറ്റിങ്ങിൽ തുടർച്ചയായി കേട്ടുവന്ന പരാതികളൊക്കെയും പ്രിയപ്പെട്ട മഹി സെഞ്ചൂറിയനിൽ തൂത്തെറിഞ്ഞത് ആഘോഷിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകവൃന്ദം. മൽസരം തോറ്റെങ്കിലും ധോണിയുടെ ഈ ഇന്നിങ്സിന് അവരുടെ ഹൃദയങ്ങളിൽ തോൽക്കാനാകില്ലല്ലോ!

സമൂഹമാധ്യമങ്ങളിലൂടെയും ആരാധകർ ആഘോഷം തുടരുകയാണ്. ലോകകപ്പിനൊരുങ്ങുന്ന ടീമിന്റെ വിക്കറ്റ് കീപ്പറാകേണ്ട ധോണിയെച്ചൊല്ലി ടീമിനും ആരാധകർക്കമുണ്ടായിരുന്ന ആശങ്കകളത്രയും വെറും 28 പന്തുകൊണ്ടാണ് ധോണി തുടച്ചുനീക്കിയത്. ‘അവർ എന്ന് ധോണിക്കെതിരെ ശബ്ദമുയർത്തുന്നുവോ, അന്ന് ധോണി അവർക്കുനേരെ ബാറ്റുയർത്തും’ തുടങ്ങിയ പഞ്ച് ഡയലോഗുകളോടെ അവർ ആ പുനരവതാരത്തെ വാനോളം പുകഴ്ത്തുന്നു.

എല്ലാം കൊണ്ടും അതുല്യമായൊരു ഇന്നിങ്സായിരുന്നു അത്. 10.4 ഓവറിൽ നാലു വിക്കറ്റിന് 90 റൺസെന്ന നിലയിൽ ടീം തകരുമ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. ഒരുവശത്ത് കൂട്ടിനുള്ളത് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ കാര്യമായ പ്രകടനങ്ങൾക്ക് സാധിച്ചിട്ടില്ലാത്ത മനീഷ് പാണ്ഡെ. വരാനുള്ളത് അത്രകണ്ട് വിശ്വസിക്കാൻ പറ്റാത്ത ഹാർദിക് പാണ്ഡ്യ. ചുരുക്കത്തിൽ ധോണിയുടെ ഉത്തരവാദിത്തം വളരെ വലുതായിരുന്നു.

എന്നാൽ, വമ്പനടികളുമായി കളം നിറഞ്ഞ റെയ്നയുടെ പുറത്താകലിനു പിന്നാലെ ധോണി ക്രീസിലെത്തിയത് ആരാധകർ അത്ര രസത്തിലല്ല സ്വീകരിച്ചത്. പതിവുതുഴച്ചിലിന്റെ ലാഞ്ചനകൾ ആദ്യ ഓവറിൽത്തന്നെ ആ മുപ്പത്തിയാറുകാൻ കാട്ടിയതോടെ ആരാധകർക്ക് കലിയേറുകയും ചെയ്തു.

നേരിട്ട ഏഴാം പന്തിൽ വമ്പനൊരു സിക്സുമായി ധോണി കളം മാറ്റിയപ്പോഴും അവർക്ക് അദ്ദേഹത്തിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ, ‘പഴയ ആ മഹി’യെ സ്മട്സിനെതിരെ സ്ട്രൈറ്റ് ഷോട്ടിലൂടെ നേടിയ ആ സിക്സിൽ കണ്ടവരും കുറവല്ല. എന്തായാലും അടുത്ത ബൗണ്ടറിക്കായി വീണ്ടും ഒൻപതു പന്തുകൾ നീണ്ട കാത്തിരിപ്പ്. അതിനിടെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ധോണി സ്കോർ ഉയർത്തി. വിക്കറ്റുകൾക്കിടയിലൂടെയുള്ള ഓട്ടത്തിൽ മിന്നിനിന്ന ആ മുപ്പത്താറുകാരനൊപ്പമെത്താനാകാതെ എട്ടു വയസ്സിന്റെ ഇളപ്പമുള്ള പാണ്ഡെ കിതച്ചുനിന്നു.

പാറ്റേഴ്സനായിരുന്നു ധോണിയുടെ അടുത്ത ഇര. ഇക്കുറി തേർഡ് മാനിലൂടെ പന്തു ബൗണ്ടറി കടന്നു. മൽസരം അവസാനിക്കുന്തോറും ധോണി കൂടുതൽ ആക്രമണകാരിയായി. മറുവശത്ത് പാണ്ഡെ മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയപ്പോൾ അവസാന രണ്ട് ഓവറുകളിലെ മിന്നൽപ്രകടനത്തിലൂടെ ധോണി മൽസരം തന്റേതാക്കി. ക്രിസ് മോറിസ് എറിഞ്ഞ 19–ാം ഓവറിൽ ഒരു ബൗണ്ടറിയും സിക്സും ഉൾപ്പെടെ 13 റൺസ്. പാറ്റേഴ്സൻ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 18 റൺസു കൂടി. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ തെളിഞ്ഞത് 188 റൺസ്! പിരിയാത്ത അഞ്ചാം വിക്കറ്റിൽ ധോണി–പാണ്ഡെ സഖ്യം ചേർത്തത് 98 റൺസും! ഇതിനിടെ കരിയറിലെ രണ്ടാമത്തെ മാത്രം രാജ്യാന്തര ട്വന്റി20 അർധസെഞ്ചുറിയും ധോണി സ്വന്തം പേരിലാക്കി. 28 പന്തുകൾ നീണ്ട ഇന്നിങ്സിൽ നാലു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ ധോണി നേടിയത് 52 റൺസ്.