സെഞ്ചൂറിയൻ ∙ ഏകദിനത്തിൽ തുടർച്ചയായ മൂന്ന് ഇരട്ടസെഞ്ചുറികളിലൂടെ ചരിത്രമെഴുതിയ രോഹിത് ശർമയ്ക്ക് നാണക്കേടിന്റെ ഒരു റെക്കോർഡും സ്വന്തം. സെഞ്ചൂറിയനിലെ ട്വന്റി20 മൽസരത്തിൽ നേരിട്ട ആദ്യപന്തിൽ തന്നെ പുറത്തായ രോഹിത്, ഇക്കാര്യത്തിലെ ഇന്ത്യൻ റെക്കോർഡാണ് സ്വന്തം പേരിലാക്കിയത്.
ഇതോടെ രാജ്യാന്തര ട്വന്റി20യിൽ ഏറ്റവുമധികം തവണ ഡക്കായി പുറത്താവുന്ന ഇന്ത്യന്‍ താരമായി രോഹിത് മാറി. നാലു തവണയാണ് രോഹിത് ശര്‍മ്മ ട്വന്റി20യിൽ ‘ഗോൾഡൻ ഡക്കാ’യിട്ടുള്ളത്. മൂന്നു തവണ വീതം തവണ റൺസെടുക്കാതെ പുറത്തായിട്ടുള്ള യൂസഫ് പത്താനും ആശിഷ് നെഹ്‌റക്കുമൊപ്പമായിരുന്നു രോഹിത് ഇതുവരെ. ദക്ഷിണാഫ്രിക്കയുടെ ജൂനിയർ ഡാല എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്താകുന്നത്.
പത്ത് തവണ റൺസെടുക്കാതെ പുറത്തായിട്ടുള്ള ശ്രീലങ്കന്‍ താരം തിലകരത്നെ ദില്‍ഷനാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. ഇംഗ്ലണ്ട് താരം ലൂക് റൈറ്റ് ഒൻപത് തവണയും ഷാഹിദ് അഫ്രിദി, കെവിന്‍ ഒബ്രിയന്‍, കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ തുടങ്ങിയവര്‍ എട്ട് തവണയും രാജ്യാന്തര ട്വന്റി20യില്‍ റൺസെടുക്കാതെ പുറത്തായിട്ടുണ്ട്.