തെരുവോരങ്ങളിലും ചേരികളിലും കാൽപ്പന്തു തട്ടി ലോകത്തോളം വളർന്നവർ നിരവധിയുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളറായി കരുതപ്പെടുന്ന പെലെയിൽ തുടങ്ങുന്നു ഈ പട്ടിക. വിശന്നൊട്ടിയ വയറുമായി ആരാധക ഹൃദയങ്ങളിലേക്ക് ഇവർ പന്തു തട്ടിക്കയറിയ വീരകഥകളും സുലഭം. സംഘർഷങ്ങളുടെ കളിത്തൊട്ടിലുകളായ രാജ്യങ്ങളിൽനിന്ന് വന്ന് കാൽപ്പന്തിന്റെ ലോകം കീഴടക്കിയവരും കുറവല്ല. ‘തോക്കുകളുടെ ശബ്ദം നിലയ്ക്കാത്ത’ നാടുകളിൽനിന്നെത്തി ഫുട്ബോൾ മൈതാനങ്ങളിലെ നിലയ്ക്കാത്ത വെടിയൊച്ചകളായി മാറിയ എത്രയോ പേരുണ്ട്, ആരാധക ഹൃദയങ്ങളിൽ!
എന്നാൽ, ക്രിക്കറ്റ് ലോകത്തുനിന്ന് അത്തരമൊരു കഥ കേട്ടിട്ടുണ്ടോ? സാധ്യത വിരളമാണ്. അല്ലെങ്കിലും, താരതമ്യേന കുറച്ചുരാജ്യങ്ങളിൽ മാത്രം പ്രചാരത്തിലിരിക്കുന്ന ഒരു കളിയിൽ ഇത്തരം താരോദയങ്ങൾക്ക് പരിമിതിയുമുണ്ടല്ലോ. എന്നാൽ, ഈ പരിമിതികൾക്കെല്ലാമപ്പുറത്തേക്ക് ക്രിക്കറ്റ് ലോകം വ്യാപിക്കുന്നതിന്റെ സൂചനയാണ് അഫ്ഗാനിസ്ഥാൻ എന്ന കൊച്ചു രാജ്യത്തിന്റെ സമീപകാല ‘ക്രിക്കറ്റ് വളർച്ച’. ഐസിസി റാങ്കിങ്ങിലും ഇടം പിടിച്ച് ക്രിക്കറ്റിന്റെ പുത്തൻ ലോകങ്ങൾ ഇവർ സ്വപ്നം കാണുമ്പോൾ ക്രിക്കറ്റിനും ലഭിക്കുകയാണ്, തോക്കുകൾക്കിടയിൽ ക്രിക്കറ്റ് കളിച്ച് വളർന്ന ഒരു രാജ്യവും ഒരുപിടി താരങ്ങളും.
രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയ്ക്കു പിന്നിലും പറയാനുള്ളത് അതിജീവനത്തിന്റെ സ്തോഭജനകമായ കഥകളായിരിക്കും. ക്രിക്കറ്റ് കളങ്ങളിൽ അവരുടെ സൂപ്പർ ഹീറോയായ റാഷിദ് ഖാനെന്ന താരത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ വർഷം സൺറൈസേഴ്സ് ഹൈദരാബാദിനായി പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യൻ ആരാധകർക്കിടയിൽ റാഷിദ് ഖാനെ ശ്രദ്ധേയനാക്കിയത്.
റാഷിദ്, ‘കുട്ടി ക്യാപ്റ്റൻ’ ഫ്രം അഫ്ഗാനിസ്ഥാൻ
കളത്തിലെ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുന്നതിനിടെ, മറ്റൊരു റെക്കോർഡും ഇപ്പോൾ റാഷിദിനെ തേടിയെത്തുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നായകവേഷം കെട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ തയാറെടുക്കുകയാണ് ഈ പത്തൊൻപതുകാരൻ. 20 വർഷവും 297 ദിവസവും പ്രായമുള്ളപ്പോൾ ബംഗ്ലദേശ് ദേശീയ ടീമിന്റെ ക്യാപ്റ്റനായ രജിൻ സാലെയുടെ റെക്കോർഡാണ് റാഷിദ് ഖാനു മുന്നിൽ വഴിമാറുക. 2004ലെ ചാംപ്യൻസ് ട്രോഫിയിലാണ് രജിൻ സാലെ ബംഗ്ലദേശിനെ നയിച്ചത്. അതേസമയം, നിലവിൽ 19 വർഷവും 162 ദിവസവുമാണ് റാഷിദിന്റെ പ്രായം.
ഏകദിന, ട്വന്റി20 ക്രിക്കറ്റിലെ സ്ഥിരതയോടെയുള്ള മിന്നും പ്രകടനമാണ് റാഷിദ് ഖാനെ അഫ്ഗാന്റെ ക്യാപ്റ്റൻ തൊപ്പിക്ക് അർഹനാക്കിയത്. ക്യാപ്റ്റൻ അസ്ഗർ സ്റ്റാനിക്സൈയ്ക്കു പരുക്കേറ്റതോടെയാണ് റാഷിദ് ഖാന് ക്യാപ്റ്റന്റെ ചുമതല കൂടി ലഭിക്കുന്നത്.
നിലവിലെ വൈസ് ക്യാപ്റ്റനായിരുന്ന റാഷിദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ അഫ്ഗാൻ ക്രിക്കറ്റ് അസോസിയേഷനും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സ്കോട്‍ലൻഡിനെതിരെ മാർച്ച് നാലിനു നടക്കുന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ റാഷിദിന് കീഴിലായിരിക്കും അഫ്ഗാൻ ടീം ഇറങ്ങുക. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാകും ഇതോടെ റാഷിദ്. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കു മുന്നോടിയായുള്ള വെസ്റ്റ് ഇൻഡീസിനെതിരായ പരിശീലന മൽസരത്തിൽ അഫ്ഗാനെ നയിച്ച റാഷിദ് ടീമിന് വിജയം സമ്മാനിച്ചിരുന്നു. ഈ മൽസരത്തിൽ അവർ 29 റൺസിനാണ് ക്രിസ് ഗെയ്‌ൽ ഉൾപ്പെടെയുള്ളവർ അണിനിരന്ന വെസ്റ്റ് ഇൻഡീസിനെ തകർത്തത്.
അസ്ഗർ സ്റ്റാനിക്സൈ പരുക്കു ഭേദമായി തിരിച്ചെത്താൻ 10 ദിവസമെങ്കിലും എടുക്കുമെന്നാണു ഡോക്ടർമാർ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെയാണ് 19–ാം വയസ്സിൽത്തന്നെ ക്യാപ്റ്റനായുള്ള റാഷിദിന്റെ അരങ്ങേറ്റത്തിനു വഴി തെളിഞ്ഞത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് ഐസിസിയുടെ ട്വന്റി20 ബോളിങ് റാങ്കിങ്ങില്‍ റാഷിദ് ഒന്നാമതെത്തിയത്. ഏകദിനത്തിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംമ്രയ്ക്കൊപ്പവും ഒന്നാതാണ് റാഷിദ് ഖാൻ. ഏറ്റവും ചെറിയ പ്രായത്തിൽ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തിയ താരമെന്ന റെക്കോർഡും റാഷിദ് സ്വന്തമാക്കിയിട്ട് അധിക കാലമായിട്ടില്ല.
രാജ്യാന്തര ക്രിക്കറ്റിലെ ‘കുട്ടി ക്യാപ്റ്റൻമാർ’
റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) – 19 വർഷം, 162 ദിവസം
രജിൻ സാലെ (ബംഗ്ലദേശ്) – 20 വർഷം, 297 ദിവസം
റോഡ്‌നി ട്രോട്ട് (ബെർമുഡ) – 20 വർഷം, 332 ദിവസം
തദേന്ദ തായ്ബു (സിംബാബ്‌വെ) – 20 വർഷം 342 ദിവസം
നവാബ് പട്ടൗഡി (ഇന്ത്യ) – 21 വർഷം, 77 ദിവസം
അഞ്ചു വിക്കറ്റ് മൂന്നു തവണ, നാലു വിക്കറ്റ് നാലു തവണ
അഫ്ഗാനിസ്ഥാൻ പോലൊരു രാജ്യത്തുനിന്നുള്ള ക്രിക്കറ്റ് താരത്തിന് എത്തിപ്പിടിക്കാവുന്ന നേട്ടങ്ങളെല്ലാം കയ്യടക്കിക്കൊണ്ടാണ് റാഷിദ് രാജ്യാന്തര ക്രിക്കറ്റിന്റെ വേദികളിൽ സാന്നിധ്യമറിയിക്കുന്നത്. 17 വയസു പൂർത്തിയായി ഒരു മാസം പിന്നിട്ടപ്പോൾത്തന്നെ കരിയറിലെ ആദ്യ രാജ്യാന്തര ഏകദിന മൽസരം കളിച്ചാണ് റാഷിദ് ഖാൻ ആദ്യം വാർത്തകളിൽ ഇടം നേടിയത്. 2015ൽ സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിലായിരുന്നു ഇത്. അരങ്ങേറ്റത്തിൽ 10 ഓവർ ബോൾ ചെയ്ത റാഷിദ് ഖാൻ വിട്ടുകൊടുത്തത് വെറും 30 റണ്‍സ് മാത്രം. ഒരു വിക്കറ്റും സ്വന്തമാക്കി.
ആദ്യ മൽസരത്തിൽ വലിയ നേട്ടം കൊയ്യാനായില്ലെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ റാഷിദ് കാണിച്ച കണിശതയിൽ ക്രിക്കറ്റ് ആരാധകരുടെയുും പണ്ഡിതരുടെയും കണ്ണുടക്കി. അന്നേ റാഷിദിനെ നോട്ടപ്പുള്ളിയാക്കിയവരുടെ ദീർഘ വീക്ഷണം തെറ്റിയില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പിൽക്കാല പ്രകടനങ്ങൾ വെളിവാക്കുന്നത്.
ഇന്നുവരെ 37 ഏകദിന മൽസരങ്ങളിൽ നിന്നു 86 വിക്കറ്റുകളാണ് ലെഗ് ബ്രേക്ക് ഗൂഗ്ലിയിലൂടെ ക്രിക്കറ്റ് കളങ്ങളിൽ വിസ്മയം തീർക്കുന്ന റാഷിദ് വീഴ്ത്തിയത്. രാജ്യാന്തര ട്വന്റി20യിൽ 29 മൽസരങ്ങളിൽ 47 വിക്കറ്റുകളും സ്വന്തമാക്കി. ഇക്കഴിഞ്ഞ ജൂണിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിനത്തിൽ നേടിയ ഏഴു വിക്കറ്റ് പ്രകടനമാണ് റാഷിദിന്റെ കരിയറിലെ മികച്ചത്. ഇതിനു പുറമെ ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളും അനവധി.
ഏകദിന ക്രിക്കറ്റിലെ റാഷിദ് ഖാന്റെ മികച്ച പ്രകടനങ്ങൾ (എതിരാളികൾ, വേദി)
∙ 18 റൺസ് വിട്ടുകൊടുത്ത് എഴു വിക്കറ്റ് ( വെസ്റ്റിൻഡീസ്, ഗ്രോസ് ഇസ്‍ലെറ്റ്)
∙ 43 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് (അയർലൻഡ്. ഗ്രേറ്റർ നോയ്ഡ)
∙ 24 റൺസ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് (സിംബാബ്‍വെ, ഷാർജ)
∙ 21 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് (അയർലൻഡ്, ബെൽഫാസ്റ്റ്)
∙ 48 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് (അയർലൻഡ്. ഗ്രേറ്റർ നോയ്ഡ)
∙ 29 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് (അയർലൻഡ്, ഗ്രേറ്റർ നോയ്ഡ)
∙ 26 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് (സിംബാബ്‍വെ, ഷാർജ)
രാജ്യാന്തര ട്വന്റി20യിലും ഒരു തവണ അഞ്ചു വിക്കറ്റു പ്രകടനം റാഷിദ് നടത്തി. ഇതിനു പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു തവണ പത്തു വിക്കറ്റുകളും സ്വന്തമാക്കി.
ഐപിഎല്ലിലും പുലി
ഇന്ത്യൻ പ്രീമിയൽ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമാണ് റാഷിദ് ഖാൻ. ഒൻപതു കോടി രൂപയ്ക്കാണ് പുതിയ സീസണില്‍ അഫ്ഗാൻ താരത്തെ സൺറൈസേഴ്സ് ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ നാലു കോടി രൂപയ്ക്കായിരുന്നു റാഷിദിനെ സൺറൈസേഴ്സ് ടീമിലെത്തിച്ചത്. ഐപിഎല്ലിൽ സൺറൈസേഴ്സിനായി 14 കളികളിൽ നിന്നു 17 വിക്കറ്റുകളും വീഴ്ത്തി. പാക്ക് ഓൾറൗണ്ടർ ഷാഹിദ് അഫ്രിദിയെ ബോളിങ്ങിലും ആഘോഷങ്ങളിലും അനുകരിക്കുന്ന റാഷിദ്, ഐപിഎല്ലിനു പുറമേ മറ്റു രാജ്യങ്ങളിലെ ട്വന്റി20 ലീഗുകൾക്കും പ്രിയങ്കരനാണ്.
കരീബിയൻ പ്രീമിയർ ലീഗില്‍ ഗയാന ആമസോൺ വാരിയേഴ്സ്, ബിഗ് ബാഷിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾക്കു വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തു. ബിഗ്ബാഷ്– 18, സിപിഎൽ– 14, ബംഗ്ലദേശ് പ്രീമിയർ ലീഗ്– 19 എന്നിങ്ങനെയാണ് പ്രധാനപ്പെട്ട പ്രാദേശിക ടൂർണമെന്റുകളിലെ വിക്കറ്റു നേട്ടം.