അക്തറിനെ ‘അതിർത്തി കടത്തിയ’ സച്ചിന്റെ ആ സിക്സിന് ഇന്ന് 15 വയസ്സ്! – വിഡിയോ

അക്തറിന്റെ പന്തിൽ സിക്സ് നേടുന്ന സച്ചിൻ. (വിഡിയോ ദൃശ്യം)

മാർച്ച് ഒന്ന്. എക്കാലവും ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടവേദിയിലെ ചൂടൻ പോരാട്ടങ്ങളിലൊന്ന് നടന്ന ദിവസം. 15 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 2003 മാർച്ച് ഒന്നിനാണ് ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനും ഇന്ത്യയും നേർക്കുനേരെത്തിയത്. രാഷ്ട്രീയ കാരണങ്ങളാൽ മൂന്നു വർഷത്തോളം ക്രിക്കറ്റ് കളത്തിൽ നേർക്കുനേർ വന്നിട്ടില്ലാത്ത ഇരു രാജ്യങ്ങളുടെയും ഈ പോരാട്ടം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

സെഞ്ചൂറിയനിലെ സൂപ്പർസ്പോർട് പാർക്കിൽ ഇരു രാജ്യങ്ങളും നേർക്കുനേരെത്തിയപ്പോൾ ആവേശം സകല അതിരുകളും ലംഘിച്ചു. ലോകകപ്പ് വേദികളിൽ ഇന്ത്യയ്ക്കെതിരെ ആദ്യ വിജയം ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു പാക്കിസ്ഥാൻ. ഇന്ത്യയാകട്ടെ, ലോകകപ്പിൽ പാക്കിസ്ഥാനു മേലുള്ള അധീശത്വം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലും.

മൽസരത്തിനു മുൻപ് ഇതൊക്കെയായിരുന്നു ചിത്രമെങ്കിലും കളത്തിൽ കണ്ടത് വ്യത്യസ്തമായൊരു ക്രിക്കറ്റ് കാഴ്ചയായിരുന്നു. അതിവേഗത്തിലെത്തുന്ന പന്തുകളുമായി വെല്ലുവിളിച്ച പാക്ക് താരം ഷുഹൈബ് അക്തർ ഉൾപ്പെടെയുള്ളവരെ ചങ്കൂറ്റത്തോടെ നേരിട്ട സച്ചിൻ തെൻഡുൽക്കറിനെ ആർക്കാണ് മറക്കാനാകുക? ഈ മൽസരത്തിൽ സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ പുറത്തായെങ്കിലും പാക്ക് ബോളർമാരെ നിർദാക്ഷിണ്യം പ്രഹരിക്കുന്ന സച്ചിൻ സുന്ദരമായൊരു ക്രിക്കറ്റ് കാഴ്ചയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്റേത് മോശം പ്രകടനമായിരുന്നില്ല. സെഞ്ചുറി നേടിയ ഓപ്പണർ സയീദ് അൻവറിന്റെ മികവിൽ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 273 റൺസ്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ സഹീർ ഖാൻ, ആശിഷ് നെഹ്റ എന്നിവർ ഇന്ത്യൻ നിരയിലും സാന്നിധ്യമറിയിച്ചു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് സച്ചിൻ–സേവാഗ് ദ്വയം. ഇരുവരും ക്രീസിലെത്തിയു മാത്രമേ പാക്ക് ബോളർമാർക്ക് ഓർമയുള്ളൂ. ഇന്ത്യൻ ആരാധകർക്കാകട്ടെ അതിനുശേഷമുള്ള നിമിഷങ്ങളും. രണ്ടാം ഓവർ എറിയാനെത്തിയ ഷുഹൈബ് അക്തറിനെ സുന്ദരമായൊരു സിക്സിലൂടെ വരവേറ്റ സച്ചിന്റെ ആ ഷോട്ട് കൊക്കിൽ ജീവനുള്ള കാലത്തോളം ആരാധകർക്കു മറക്കാനാകുമോ?

ഏതാണ്ട് ഷോർട്ട് പിച്ചെന്നു പറയാവുന്ന, വൈഡായി വന്ന പന്തിനെ തേർഡ് മാനിലെ ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ കട്ട് ചെയ്ത് ഗാലറിയിലെത്തിച്ച സച്ചിന്റെ ഷോട്ട് പിൽക്കാലത്ത് ആ മൽസരത്തിന്റെ സിംബലു പോലുമായി മാറി. 75 പന്തിൽ 12 ബൗണ്ടറിയും ആ സിക്സും ഉൾപ്പെടെ 98 റൺസെടുത്ത് സച്ചിൻ മടങ്ങിയെങ്കിലും മുഹമ്മദ് കൈഫ് (35), രാഹുൽ ദ്രാവിഡ് (പുറത്താകാതെ 44), യുവരാജ് സിങ് (പുറത്താകാതെ 50) എന്നിവർ ചേർന്ന് 26 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.