പ്ലസ്ടു കഴിഞ്ഞു കോളജിൽ ഒന്നാംവർഷ വിദ്യാർഥിയായി പ്രവേശനം നേടുന്ന പ്രായം. 19–ാം വയസ്സിൽ റാഷിദ് ഖാൻ എന്ന അഫ്ഗാനിസ്ഥാൻ സ്വദേശിക്കും രാജ്യാന്തര ക്രിക്കറ്റിൽ ഒന്നാംവർഷക്കാരന്റെ മട്ടും ഭാവവുമാണ്. എന്നാൽ, ആദ്യവർഷക്കാരന്റെ പകപ്പൊന്നും പ്രകടനങ്ങളിൽ കാണാനേയില്ല. ഏകദിന, ട്വന്റി 20 ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കാണ് വെറും 36 മൽസരങ്ങൾ പിന്നിട്ടപ്പോഴേക്കും അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ എത്തിയത്. ഏകദിന റാങ്കിങ്ങിൽ ബുംമ്രയുടെ മികവിനു പിന്നിൽ റാഷിദ് ഒരുപടി തെല്ലിറങ്ങിയെന്നത് ആ മികവിനെ ഒട്ടും കുറയ്ക്കുന്നില്ല.
ട്വന്റി 20യിൽ റാഷിദ് ഖാനു വെല്ലുവിളിയുമായി ഒരു താരംപോലും ഏഴയലത്തില്ല. റാഷിദിന്റെ ചുമലിലേറി ക്രിക്കറ്റ് ഭൂപടത്തിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണ് അഫ്ഗാനിസ്ഥാൻ. അതിനുള്ള ആദ്യ പടിയെന്നവണ്ണമാണ് ചെറുപ്രായത്തിൽ റാഷിദിന് ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏൽപ്പിച്ചുകൊടുത്തത്.
അഫ്ഗാൻ ക്രിക്കറ്റിൽ പോരാട്ടവീര്യത്തിന്റെ അപ്പോസ്തലനാണ് റാഷിദ്. യുദ്ധവും അസ്ഥിരതയും നിലനിൽക്കുന്ന ഒരു രാജ്യത്തുനിന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ അസൂയാവഹമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് അഫ്ഗാൻ ക്രിക്കറ്റിനു തന്നെ ശുഭസൂചനയാണ്. പണക്കൊഴുപ്പിന്റെ പിടിയലമർന്നുവെന്ന ആക്ഷേപം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് ലോകത്തിനും റാഷിദിന്റെയും അഫ്ഗാൻ ക്രിക്കറ്റിന്റെയും നേട്ടത്തിൽ അഭിമാനിക്കാം. ലോകത്തെ മികച്ച 10 ടെസ്റ്റ് ടീമുകളിലൊന്നായും അഫ്ഗാൻ ഇടംപിടിച്ചു.
ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ പട്ടികയിലെത്തുകയെന്ന അഭിമാനാർഹമായ നേട്ടത്തിനു പിന്നിൽ കണ്ണീരും വറുതിയും മാത്രം കൈമുതലായുള്ള ഒരു രാജ്യത്തിന്റെയാകെ പിന്തുണയാണ്. തങ്ങളുടെ വീടുകൾ അവിടെയുണ്ടോയെന്ന ആശങ്കയോടെയാണ് ഓരോ വിദേശ പര്യടനങ്ങൾക്കുശേഷം താരങ്ങൾ തിരികെ ചെല്ലുന്നത്. ഈ ആശങ്ക പലവട്ടം അഫ്ഗാൻ താരങ്ങൾ പൊതുവേദിയിൽ പങ്കുവച്ചിട്ടുമുണ്ട്.
കഷ്ടപ്പാടുകൾക്കിടയിലും നേട്ടങ്ങൾ വെട്ടിപ്പിടിക്കാനുള്ള പോരാട്ടവീര്യത്തിനു ക്ഷാമമില്ലെന്നതാണ് അഫ്ഗാൻ ടീമിലെ ഓരോ താരത്തെയും വ്യത്യസ്തനാക്കുന്നത്. റാങ്കിങ്ങിൽ ഒന്നാമതെത്തിയ റാഷിദിൽ മാത്രം പ്രതിഭകൾ ഒതുങ്ങുന്നില്ല. മറ്റൊരു അഫ്ഗാൻ താരമായ മുഹമ്മദ് നബി ഐസിസിയുടെ ബോളർമാരുടെ റാങ്കിങ്ങിൽ 11 സ്ഥാനത്തുണ്ട്. ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി റാഷിദ് ഖാനെന്ന ലെഗ് സ്പിന്നർ പന്തെറിയും. 9 കോടി രൂപയാണ് റാഷിദിനായി സൺറൈസേഴ്സ് ചെലവാക്കിയത്.
പ്രതിഭാത്തിളക്കം കൈവിട്ടുകളയാതെ മികച്ച ഒരു ടീമായി അഫ്ഗാൻ താരങ്ങൾക്കു വളർന്നുവരാനുള്ള സാഹചര്യമാണ് ഇനി ഒരുക്കേണ്ടത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുന്നതിനുള്ള എൻട്രി നേടാനായാൽ അത് അഫ്ഗാൻ ക്രിക്കറ്റിന് ചരിത്രനേട്ടമാകും.
റെക്കോർഡ് പയ്യൻ!
ലോകക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി റാങ്കിങ്ങിൽ മുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റാഷിദ് ഖാൻ. 19 വയസ്സ് മാത്രമാണ് താരത്തിന് ഇപ്പോൾ പ്രായമുള്ളത്. നേരത്തേ പാക്കിസ്ഥാൻ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖിനായിരുന്നു ഇക്കാര്യത്തിൽ റെക്കോർഡ്. 1997-98 സീസണിലാണ് പാക് താരം ഏകദിന ബോളിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. അന്ന് 21 വയസ്സായിരുന്നു താരത്തിന്റെ പ്രായം.
ഇതുവരെ അഫ്ഗാനിസ്ഥാന് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 86 വിക്കറ്റുകളാണ് റാഷിദ് ഖാൻ സ്വന്താക്കിയിരിക്കുന്നത്. 29 ട്വന്റി 20 മത്സരങ്ങൾ കളിച്ച താരം 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
759 റേറ്റിങ് പോയിന്റുകളോടെയാണ് ട്വന്റി 20 ബോളർമാരിൽ റാഷിദ് ഖാൻ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് താരം ഇഷ്സോധിക്ക് 700 റേറ്റിങ് പോയിന്റുകളാണുള്ളത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്തം ചുമലിലേറ്റിയതിന്റെ റെക്കോർഡും റാഷിദിനാണ്.