ന്യൂഡൽഹി ∙ ഭാര്യ ഹസിൻ ജഹാന്റെ പരാതിയിൽ വധശ്രമക്കേസ് എടുത്തതിനെത്തുടർന്നു മുങ്ങി നടന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ടെലിവിഷൻ ചാനലിൽ പൊങ്ങി. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൽപര്യമുണ്ടെന്നും സന്തുഷ്ടമായ കുടുംബജീവിതത്തിലേക്കു മടങ്ങാൻ താനൊരുക്കമാണെന്നും ടൈംസ് നൗ ചാനലിൽ പ്രത്യക്ഷപ്പെട്ടു ഷമി വ്യക്തമാക്കിയതോടെ രാജ്യം ഉറ്റുനോക്കിയ പീഡന കേസിനു പുതിയ ട്വിസ്റ്റ്. ഷമി തെറ്റുസമ്മതിച്ചു മടങ്ങിയെത്തിയാൽ സ്വീകരിക്കുമെന്നു ഹസിൻ ജഹാനും വ്യക്തമാക്കിയെങ്കിലും സംഘർഷത്തിന്റെ മഞ്ഞുരുകിയിട്ടില്ലെന്നു വ്യക്തം.
‘‘പ്രശ്നങ്ങൾ പരിഹരിച്ചു സന്തോഷമായി കുടുംബജീവിതം നയിക്കാൻ ആഗ്രഹമുണ്ട്. കേസന്വേഷണം നടക്കട്ടെ... ഞാൻ കുറ്റക്കാരനാണെന്നു കണ്ടാൽ എന്തും അംഗീകരിക്കാൻ തയാറാണ്. ആർക്കും ആർക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാം. എന്നാൽ, തെറ്റാണെന്നു കണ്ടാൽ ഭാര്യ മറുപടി നൽകണം. കുടുംബാംഗങ്ങൾ തമ്മിൽ ഇരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളേയുള്ളൂ. അത് എളുപ്പം പരിഹരിക്കും. ബിസിസിഐയിൽ പൂർണ വിശ്വാസമുണ്ട്.’’– ഷമി പറഞ്ഞു.
പരസ്ത്രീബന്ധം, വധശ്രമം തുടങ്ങി നിരവധി ആരോപണങ്ങളുന്നയിച്ചാണു ഹസിൻ ജഹാൻ കൊൽക്കത്തയിലെ ജാദവ്പുർ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകിയത്. ഷമി മറ്റു സ്ത്രീകളുമായി സോഷ്യൽ മീഡിയയിലൂടെ നടത്തിയ എസ്എംഎസുകളുടെ സ്ക്രീൻ ഷോട്ടും ഹസിൻ ജഹാൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
കേസിലകപ്പെട്ടതോടെ ബിസിസിഐ ഷമിയുമായുള്ള കരാർ പുതുക്കുന്നതു തൽക്കാലത്തേക്കു തടഞ്ഞുവച്ചിരിക്കുകയാണ്. പ്രതിവർഷം മൂന്നു കോടി രൂപയുടെ വേതനം ലഭ്യമാകുന്ന കാറ്റഗറിയിലാണു ഷമി ഇപ്പോൾ. ഈ കരാറാണു തടഞ്ഞുവച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിലും ഷമിയുടെ ഭാവി ആശങ്കയിലായി. ഐപിഎൽ കളിക്കുന്ന താരങ്ങളെല്ലാം ബിസിസിഐയും ടീമുമായും പ്രത്യേക കരാറിൽ ഒപ്പിടേണ്ടതുണ്ട്. ടീമിനു ദുഷ്പേര് വരുത്തിയാൽ എന്തു നടപടിയെടുക്കണമെന്നു നിയമവൃത്തങ്ങളും ബിസിസിഐയുമായി ചേർന്നു നിലപാടു സ്വീകരിക്കുമെന്നാണ് ടീം ഫ്രാഞ്ചൈസിയുടെ നിലപാട്.
ഷമിയുടെ ഫോൺ തന്റെ കയ്യിലുള്ളതുകൊണ്ടാണു തെളിവുകൾ സഹിതം ഇത്രയുമൊക്കെ പറയാൻ കഴിഞ്ഞതെന്നും അത് കിട്ടിയില്ലായിരുന്നുവെങ്കിൽ തന്നെ ഉപേക്ഷിച്ചു കക്ഷി കടന്നു കളയുമായിരുന്നുവെന്നും ഹസിൻ ജഹാൻ ആരോപിച്ചു. വർഷങ്ങളായി തെറ്റുകൾ തിരുത്താൻ താനപേക്ഷിച്ചിട്ടും യാതൊരു മാറ്റവും വരുത്താൻ ഷമി തയാറായിട്ടില്ലെന്നും ഹസിൻ ജഹാൻ പറഞ്ഞു.
∙ ‘എന്നെ മിസ് ചെയ്യുന്നുവെന്ന് ഈയടുത്തും അവള്‍ പറഞ്ഞതാണ്, എന്നിട്ടും..’
നേരത്തെ, തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷമി രംഗത്തെത്തിയിരുന്നു. എല്ലാം ഇങ്ങനെ പരസ്യമായി വിഴുപ്പലക്കാതെ വീട്ടില്‍ തന്നെ തീര്‍ക്കേണ്ടതായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങള്‍ വരികയാണ്. എനിക്ക് വിശദീകരണങ്ങള്‍ ഒന്നും നല്‍കാനില്ല. എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിക്കട്ടെ – ഷമി പറഞ്ഞു.
അവളുടെ പൊടുന്നനെയുള്ള ഈ മാറ്റം എന്നെ ഞെട്ടിച്ചു. ഏതാനും ദിവസം മുന്‍പ് എന്നെ മിസ് ചെയ്യുന്നു എന്നുവരെ പറഞ്ഞതാണ്. ഞങ്ങള്‍ വളരെ സന്തോഷത്തിലുമായിരുന്നു. എല്ലാ പ്രശ്നങ്ങളും ഒരുമിച്ചിരുന്നു തീര്‍ക്കുക എന്നത് പ്രധാനമാണ്.
കുടുംബത്തില്‍ വീണ്ടും സന്തോഷം തിരിച്ചെത്തണം. എന്‍റെ മകളുടെ സന്തോഷവും പ്രധാനമാണ്. അവള്‍ ഒറ്റപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല– ഷമി കൂട്ടിച്ചേര്‍ക്കുന്നു. ബിസിസിഐയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാം കൃത്യമായി അന്വേഷിച്ചശേഷമേ അവര്‍ അന്തിമ തീരുമാനമെടുക്കൂവെന്നും ഷമി പറഞ്ഞു.
∙ ആരോപണങ്ങൾ ഗുരുതരം
ഗാർഹിക പീഡനവും അവിഹിത ബന്ധവും ഉന്നയിച്ചാണ് പരാതി നൽകിയതെങ്കിലും ഒട്ടേറെ ആരോപണങ്ങൾ വേറെയും ഹസിൻ ജഹാൻ ഉന്നയിച്ചിരുന്നു. പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാൻ ഷമി ആഗ്രഹിച്ചിരുന്നുവെന്നതായിരുന്നു അതിലൊന്ന്. 2014 ൽ തന്നെ വിവാഹം ചെയ്യാനെടുത്ത തീരുമാനം തിടുക്കത്തിൽ എടുത്തതായി പലപ്പോഴും ഷമിക്ക് തോന്നിയിരുന്നു. ഇതോടെ പലപ്പോഴും താൻ ക്രൂരമർദ്ദനത്തിന് ഇരയായി. ലൈംഗിക തൊഴിലാളികളെയും നിരവധി പെൺകുട്ടികളെയും ഷമി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി നിരന്തരം ആരോപണം ഉന്നയിച്ചെന്നും ഹസിൻ ജഹാൻ പറഞ്ഞു.
∙ ആരോപണ പെരുമഴയിൽ ഒത്തുകളിയും
താരത്തിനെതിരെ ഒത്തുക്കളി വിവാദവും ഹസിൻ ജഹാൻ ഉയർത്തി. ഇംഗ്ലണ്ടിലെ പ്രമുഖനായ വ്യവസായിയുടെ നിർബന്ധത്തിനു വഴങ്ങി പാക്കിസ്ഥാൻ സ്വദേശിനിയിൽ നിന്ന് വൻ തുക കൈപറ്റിയതായും ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിക്ക് തന്നെ വഞ്ചിക്കാമെങ്കിൽ രാജ്യത്തെ ഒറ്റുകൊടുക്കാനും കഴിയുമെന്നും ഹസിൻ ജഹാൻ ആരോപിച്ചു. എന്നാൽ ഹസിൻ ജഹാന്റെ മാനസിക നില തകർന്നുവെന്നും തനിക്കെതിരെയുളള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഹമ്മദ് ഷമി പറഞ്ഞു.
വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായ ഹസിൻ ജഹാനുമായി ഷമി പ്രണയത്തിലാകുകയും അഞ്ചു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു. ഷമിക്ക് പാക്കിസ്ഥാൻ സ്വദേശിനിയുമായി ഉണ്ടായിരുന്ന പ്രണയം തന്നിൽ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നുവെന്നും ഹസിൻ ജഹാൻ ആരോപിച്ചു.
എന്റെ മോഡലിങ് കരിയർ, ജോലി എല്ലാം ഞാൻ ഉപേക്ഷിച്ചത് ഷമിക്കു വേണ്ടിയാണ്. എന്റെ വീട്ടുകാരെ പോലും ഞാൻ ഉപേക്ഷിച്ചത് അയാൾക്കു വേണ്ടിയാണ്. എന്നാൽ അയാൾ എന്നോട് നീതി കാണിച്ചില്ല–ഹസിൻ ജഹാൻ പറഞ്ഞു.
∙ ‘വഴിവിട്ട ബന്ധങ്ങൾ’
രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രൂരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.
പുലർച്ചെ മൂന്നുമണി വരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ ആരോപിച്ചിരുന്നു.
∙ ‘ആത്മഹത്യയ്ക്ക് ശ്രമിച്ചു'
വിവാഹത്തിനു മുൻപ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ഹസിൻ ജഹാൻ വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധത്തിലുളള പെൺകുട്ടിയുമായും ഷമി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരിൽ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു- ഹസിൻ ജഹാൻ വെളിപ്പെടുത്തി.
∙ ‘പാക്കിസ്ഥാൻകാരിയെ രഹസ്യമായി വിവാഹം ചെയ്തു’
പാക്കിസ്ഥാനി സ്വദേശിയെ ഷമി രഹസ്യമായി വിവാഹം ചെയ്തുവെന്നും സൗത്ത് ആഫ്രിക്കൻ ടൂർ കഴിഞ്ഞു മടങ്ങുന്ന വഴി അവരെ ഷമി സന്ദർശിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. ധർമശാലയിലേയ്ക്ക് തന്നെ കൂടി കൊണ്ടു പോകാൻ പലവട്ടം യാചിച്ചുവെന്നും എന്നാൽ ഷമി അത് കേട്ടില്ലെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.