ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലി രാജ്യാന്തര ക്രിക്കറ്റിലെ മിന്നും ഫോം ഈ വർഷവും തുടരുമെന്ന പ്രവചനവുമായി പ്രശസ്തനായ ജ്യോതിഷ പണ്ഡിതൻ രംഗത്ത്. കോഹ്‍ലിക്കു കീഴിൽ ഇതുവരെ കേട്ടിട്ടില്ലാത്തത്ര ഉയരങ്ങളിലേക്ക് ഇന്ത്യൻ ക്രിക്കറ്റും കായികരംഗവും ഉയരുമെന്നാണ് പ്രവചനം. 2025ന് മുൻപ് കോഹ്‍ലിയും സംഘവും ഏകദിന, ട്വന്റി20 കിരീടങ്ങൾ ചൂടുമെന്നും വിഖ്യാത ജ്യോതിഷിയായ നരേന്ദ്ര ബുണ്ഡെ പ്രവചിച്ചു.
നാഗ്പുർ സ്വദേശിയായ നരേന്ദ്ര ബുണ്ഡെ ‘ക്രിക്കറ്റ് ജ്യോതിഷി’യായി അറിയപ്പെടുന്ന വ്യക്തിയാണ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കരിയറിനെക്കുറിച്ച് സംശയങ്ങളുയർന്ന കാലത്ത്, അദ്ദേഹം 2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിലും കളിക്കുമെന്ന് പ്രവചിച്ച വ്യക്തിയാണ് നരേന്ദ്ര ബുണ്ഡെ.
ഏകദിന, ട്വന്റി20 ലോകകപ്പ് കിരീടങ്ങൾക്കു പുറമെ സച്ചിൻ െതൻഡുൽക്കറിന്റെ 100 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോഹ്‍ലി മറികടക്കുമെന്ന് ബുണ്ഡെ പ്രവചിച്ചു. സച്ചിൻ തെൻഡുൽക്കറിന്റെ നല്ല കാലത്ത് അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച കരാറിനേക്കാൾ കൂടുതൽ തുകയുടെ ഒരു കരാറിൽ കോഹ്‍ലി ഈ വർഷം ഒപ്പിടുമെന്നും ബുണ്ഡെ പ്രവചിച്ചിട്ടുണ്ട്.
ടെന്നിസ് എൽബോ ബാധിച്ചകാലത്ത് സച്ചിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംശയങ്ങളുയർന്നപ്പോൾ അതിനെ പാടെ തള്ളിയ പ്രവചനവുമായും ബുണ്ഡെ ശ്രദ്ധ നേടിയിട്ടുണ്ട്. സച്ചിന് ഭാരത് രത്‌ന ലഭിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം തുടങ്ങിയവയും ബുണ്ഡെയുടെ യശസ് ഉയർത്തിയ പ്രവചനങ്ങളാണ്.
വിദേശരാജ്യങ്ങളിൽ തുടർവിജയങ്ങളിലൂടെ കോഹ്‍ലിയും സംഘവും പേരെടുക്കുമെന്നും പ്രവചനമുണ്ട്. വരുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങളിലും കോഹ്‍ലിയും സംഘവും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബുണ്ഡെ വ്യക്തമാക്കി.
മുൻപ് ആഭരണ വ്യവസായിയായിരുന്ന ബുണ്ഡെ, 2006ലാണ് ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പ്രവചനം ആരംഭിച്ചത്. ഈ രംഗത്ത് വളരെ പ്രശസ്തനായതോടെ ഇന്ത്യൻ ടീമിൽനിന്നുതന്നെ ഒട്ടേറെ അനുയായികളെയും ബുണ്ഡെയ്ക്കു ലഭിച്ചു. സൗരവ് ഗാംഗുലി, മുരളി കാർത്തിക്, എസ്. ശ്രീശാന്ത്, സഹീർ ഖാൻ, ഗൗതം ഗംഭീർ, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം ബുണ്ഡെയുടെ ഉപദേശം തേടാറുള്ളവരാണ്.