അന്ന് ഒരു ഓവറിൽ 27 റൺസ് (4, 4, 4, 6, 4+1, 4); ഇന്നലെ നാല് ഓവറിൽ 27, നാലു വിക്കറ്റ്

കൊളംബോ ∙ എത്രയെളുപ്പമാണ് ശാർദുൽ താക്കൂറെന്ന ഇരുപത്തിയാറുകാരൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാച്ച് വിന്നറായത്! എത്രയെളുപ്പമാണ് ഇതേ താക്കൂർ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് പ്രിയങ്കരനായത്! ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ആതിഥേയർക്കെതിരെ തല്ലുവാങ്ങി വലഞ്ഞ അതേ താക്കൂറാണ് ഇന്നലെ നടന്ന മൂന്നാമത്തെ മൽസരത്തിൽ ടീമിന്റെ നെടുന്തൂണായത്.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മൽസരം ആരാധകർ മറക്കാനിടയില്ല. അന്ന് ഇന്ത്യൻ നിരയിൽ ഏറ്റവും മോശം പ്രകടനം നടത്തിയ താരമാണ് താക്കൂർ. 3.3 ഓവർ ബോൾ ചെയ്ത താക്കൂർ അന്ന് വഴങ്ങിയത് 42 റൺസാണ്. ഓവറിൽ ശരാശരി 12 റൺസ് വീതം. വിക്കറ്റൊന്നും നേടാനായുമില്ല.

അന്ന് 175 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്കയ്ക്ക് താക്കൂർ എറിഞ്ഞ മൂന്നാം ഓവറാണ് കാര്യങ്ങൾ അനുകൂലമാക്കിയത്. ഈ ഓവറിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം കുശാൽ പെരേര അടിച്ചെടുത്തത് 27 റൺസാണ്! ഇടയ്ക്കൊരു നോബോളെറിഞ്ഞതും പെരേരെ ബൗണ്ടറി കടത്തി. ഓവറിലെ അവസാന പന്തിൽ പെരേരയ്ക്ക് റണ്ണെടുക്കാനാകാതെ പോയത് താക്കൂറിന്റെ ഭാഗ്യം.

ഇതേ എതിരാളികൾക്കെതിരായ രണ്ടാം മൽസരത്തിലേക്ക് എത്തുമ്പോഴാണ് താക്കർ നമുക്കൊരു അദ്ഭുതമായി തോന്നുക. ആദ്യ മൽസരത്തിൽ ഒരു ഓവറിൽ മാത്രം 27 റൺസ് വിട്ടുകൊടുത്ത താക്കൂർ, ഇന്നലെ ഇതേ സ്റ്റേഡിയത്തിൽ ഇതേ എതിരാളികൾക്കെതി നാല് ഓവറിൽ വിട്ടു കൊടുത്തത് 27 റൺസാണ്. നാലു വിക്കറ്റും പോക്കറ്റിലാക്കി. കരിയറിലെ ഈ മികച്ച പ്രകടനം താക്കൂറിന് കളിയിലെ കേമൻ പട്ടവും സമ്മാനിച്ചു.

താക്കൂറിന് മുന്നിൽ കീഴടങ്ങിയവർ നിസാരരല്ല. ഗുണതിലക (എട്ടു പന്തിൽ 17), ക്യാപ്റ്റൻ തിസാര പെരേര (ആറു പന്തിൽ 15), ഷനാക (16 പന്തിൽ 19), ചമീര (0) പവലിയനിലെത്തിച്ചാണ് ഈ മൽസരത്തിൽ താക്കൂർ സാന്നിധ്യമറിയിച്ചത്. എന്തായാലും ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ചേർത്തുവയ്ക്കാൻ ഒരു ട്വന്റി20 സ്പെഷ്യലിസ്റ്റിനെ കൂടി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ.