ജോലിഭാരം താങ്ങാനാകുന്നില്ല; ആരാധകരെ ഞെട്ടിച്ച് കോഹ്‍ലിയുടെ വെളിപ്പെടുത്തൽ

മുംബൈ∙ ജോലിഭാരം തന്നെ ബാധിച്ചു തുടങ്ങിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി രംഗത്ത്. ഇപ്പോൾ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽനിന്ന് വിശ്രമം ലഭിച്ചത് വലിയ അനുഗ്രഹമായെന്നും കോഹ്‍ലി വ്യക്തമാക്കി. ചില ‘ചെറിയ ബുദ്ധിമുട്ടുകൾ’ക്ക് ഈ വിശ്രമം അനിവാര്യമാണെന്നും കോഹ്‍ലി പറഞ്ഞു. ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ കോഹ്‍ലിക്കു പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്.

ശാരീരികമായി ചില ചെറിയ ബുദ്ധിമുട്ടുകൾ എന്നെ അലട്ടുന്നുണ്ട്. അവയൊക്കെ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ജോലിഭാരം ഇപ്പോൾ ചെറിയ തോതിൽ അലട്ടാൻ തുടങ്ങിയതായും കോഹ്‍ലി വെളിപ്പെടുത്തി. പഴയപോലെ ജോലിക്കൂടുതൽ കൈകാര്യം ചെയ്യാൻ പറ്റാതായിത്തുടങ്ങിയെന്നു പറഞ്ഞ കോഹ്‍ലി, ശരീരവും മനസ്സും ക്രിക്കറ്റും സംയോജിപ്പിച്ചു കൊണ്ടുപോകാൻ കൂടുതൽ ശ്രദ്ധ അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

ഇപ്പോൾ ലഭിച്ചതുപോലുള്ള വിശ്രമ വേളകൾ പ്രധാനപ്പെട്ടതാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ഈ അവസരം താൻ പരമാവധി ആസ്വദിക്കുകയാണെന്നും കോഹ്‍ലി പറഞ്ഞു.

ഉടൻ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങൾ മുൻനിർത്തിയാണ് കോഹ്‍ലി ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് സിലക്ഷൻ കമ്മിറ്റി വിശ്രമം അനുവദിച്ചത്. കോഹ്‍ലിക്കു പുറമെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് തുടങ്ങിയവർക്കും വിശ്രമം അനുവദിച്ചിരുന്നു.

ജോലിഭാരത്തേക്കുറിച്ച് ഇതാദ്യമായല്ല കോഹ്‍ലി ശബ്ദമുയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കിടെയും ജോലിഭാരം കൂടുതലാണെന്നു ചൂണ്ടിക്കാട്ടി കോഹ്‍ലി രംഗത്തെത്തിയിരുന്നു. തുടർന്ന് ലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് കോഹ്‍ലിക്കു വിശ്രമം അനുവദിച്ചു.