കൃത്യം പതിനേഴു വർഷങ്ങൾക്കു മുൻപാണ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മൽസരം നടക്കുന്നു. ആദ്യ ടെസ്റ്റ് 10 വിക്കറ്റിനു തോറ്റ ഇന്ത്യ പരമ്പരയിൽ 1–0നു പിന്നിലാണ്. രണ്ടാം ടെസ്റ്റിലും കാര്യങ്ങൾ വ്യത്യസ്തമായില്ല. മൂന്നാം ദിനം ഫോളോഓൺ ചെയ്ത ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നു.
ടെസ്റ്റിന്റെ നാലാം ദിനമായ 2001 മാർച്ച് 14 പുലരുമ്പോൾ പത്രങ്ങളെല്ലാം ഇങ്ങനെയെഴുതി:
‘‘ഇന്ത്യയ്ക്കും പരാജയത്തിനുമിടയിൽ ഇനി ലക്ഷ്മണും ദ്രാവിഡും മാത്രം. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അനിവാര്യമായ പരാജയം ഇന്ത്യൻ ടീമിനെ ഒഴിവായിപ്പോകണമെങ്കിൽ ഈ രണ്ടു പേരെടുയം കാര്യമായ സംഭാവന വേണ്ടിവരും. ഇരുവരും നാലാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ അനിശ്ചിതത്വത്തിന്റെ പര്യായമായ ഈ കളിയിൽ ഇന്ത്യ അദ്ഭുതങ്ങൾ പ്രതീക്ഷിക്കുകയാണ്!’’
പിന്നീട് അന്നു സംഭവിച്ചതെല്ലാം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ നിമിഷങ്ങളാണ്. ഫോളോഓൺ ചെയ്തശേഷം തിരിച്ചടിച്ച ഇന്ത്യ ഓസ്ട്രേലിയയുടെ 16 ടെസ്റ്റുകൾ നീണ്ട അപരാജിത കുതിപ്പിനു തടയിട്ട് വിജയം കൊത്തിപ്പറുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യൻ നാമം ഏറ്റവും ശക്തമായി അടയാളപ്പെടുത്തിയ ഈ ഐതിഹാസിക മൽസരത്തിലെ ‘വെരി വെരി സ്പെഷൽ’ ഇന്നിങ്സിന് ഇന്ന് 16 വയസ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ ചെയ്തശേഷം തിരിച്ചുവന്ന് ഇന്ത്യ നേടിയ വിജയം ഇപ്പോഴും രോമാഞ്ചത്തോടെ മാത്രമേ ക്രിക്കറ്റ് ആരാധകർക്ക് ഓർമിക്കാനാകൂ.
കൊൽക്കത്തയിൽ സംഭവിച്ചത്
ചരിത്രത്തിൽ ഇടം പിടിച്ച ഈ മൽസരത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് വോ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ സ്റ്റീവ് വോയുടെ സെഞ്ചുറിയുടെയും, സെഞ്ചുറിക്ക് മൂന്നു റൺസകലെ പുറത്തായ ഓപ്പണർ മാത്യു ഹെയ്ഡന്റെയും അർധസെഞ്ചുറി നേടിയ ജസ്റ്റിൻ ലാംഗറിന്റെയും മികവിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ നേടിയത് 445 റൺസ്. അവസാന നിമിഷം ആളിക്കത്തിയ ജേസൻ ഗില്ലസ്പിയും 46 റൺസുമായി ഓസീസ് സ്കോറിന് മാന്യമായ സംഭാവന നൽകി. ഒൻപതാം വിക്കറ്റിൽ സ്റ്റീവ് വോ–ജേസൺ ഗില്ലസ്പി സഖ്യം കൂട്ടിച്ചേർത്ത 133 റൺസായിരുന്നു ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലെന്നു കൂടി ഓർക്കണം. ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടാനാകാതെ ഹതാശരായ ഇന്ത്യൻ ബോളർമാരുടെയും ഇതു കണ്ടുനിന്ന മറ്റു താരങ്ങളുടെയും നിരാശ ഊഹിക്കാവുന്നതേയുള്ളൂ.
ഒന്നാം ദിനം കളി നിർത്തുമ്പോൾ എട്ടു വിക്കറ്റിന് 291 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. സ്റ്റീവ് വോ 29 റൺസോടെയും ഗില്ലസ്പി ആറു റൺസോടെയും ക്രീസീൽ. അവരെ 300നു ചുറ്റുവട്ടത്തു തളച്ചിടാമെന്ന് ഇന്ത്യൻ ബോളർമാർ കരുതിയിരിക്കണം. എന്നാൽ, രണ്ടാം ദിനം ആദ്യ സെഷനിൽ ഉജ്വല ബാറ്റിങ് പുറത്തെടുത്ത വോ–ഗില്ലസ്പി സഖ്യം മൽസരം ഇന്ത്യൻ ക്യാംപിലേക്കു നയിച്ചു. ഒടുവിൽ സ്കോർ 402ൽ നിൽക്കെ ഗില്ലസ്പിയെ പുറത്താക്കിയ ഹർഭജനാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അവസാന വിക്കറ്റിൽ ഗ്ലെൻ മഗ്രോയ്ക്കൊപ്പം 43 റൺസു കൂടി കൂട്ടിച്ചേർത്തിട്ടാണ് സ്റ്റീവ് വോ പോരാട്ടം അവസാനിപ്പിച്ചത്. 203 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 110 റൺസെടുത്ത വോയെയും ഹർഭജൻ എൽബിയിൽ കുരുക്കി.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് കാര്യങ്ങളൊന്നും ഉദ്ദേശിച്ച പോലെ നടന്നില്ലെന്നു വേണം പറയാൻ. സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ഓപ്പണർ സഡഗോപൻ രമേഷ് സംപൂജ്യനായി മടങ്ങി. ഗില്ലസ്പിക്കായിരുന്നു വിക്കറ്റ്. രണ്ടാമത്തെ ഓപ്പണറായ ശിവസുന്ദർ ദാസും ദ്രാവിഡും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ദാസിനെ മടക്കി മഗ്രോയും ആഞ്ഞടിച്ചതോടെ ഇന്ത്യ പതറി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഓസീസ് ബോളർമാരുടെ തേരോട്ടത്തിൽ ചതഞ്ഞരഞ്ഞ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു. ലക്ഷ്മൺ 26 റൺസോടെയും വെങ്കിടപതി രാജു മൂന്നു റൺസോടെയും ക്രീസിൽ.
മൂന്നാം ദിനം ഇന്ത്യയെ അത്രയെളുപ്പം വിട്ടുകൊടുത്തില്ലെങ്കിലും 171 റൺസെടുത്ത് ഇന്ത്യ ഓൾഔട്ടായി. രാജു നാലു റൺസുമായി തുടക്കത്തിൽത്തന്നെ കൂടാരം കയറിയെങ്കിലും അവസാന വിക്കറ്റിൽ വെങ്കിടേഷ് പ്രസാദിനെ കൂട്ടുപിടിച്ച് 42 റൺസ് കൂട്ടുകെട്ടു തീർത്ത ലക്ഷ്മണാണ് ഇന്ത്യൻ സ്കോർ 171ൽ എത്തിച്ചത്. 274 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടം വഴങ്ങിയ ഇന്ത്യ സ്വാഭാവികമായും ഫോളോ ഓൺ ചെയ്തു.
പിന്നീടായിരുന്നു ചരിത്രം പിറന്ന ഇന്നിങ്സിന്റെ തുടക്കം. 274 റൺസ് കടവുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ശിവസുന്ദർ ദാസും സഡഗോപൻ രമേശും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. സ്കോർ 52ൽ നിൽക്കെ രമേശ് 30 റൺസുമായി ഷെയ്ൻ വോണിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങി. 43 പന്തിൽ ആറു ബൗണ്ടറികൾ ഉൾപ്പെടെ 30 റൺസായിരുന്നു രമേശിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ലക്ഷ്മൺ–ദാസ് സഖ്യം പോരാട്ടം തുടർന്നു. സ്കോർ 97ൽ നിൽക്കെ ദാസും മടങ്ങി. ഗില്ലസ്പിയുടെ പന്തിൽ ഹിറ്റ് വിക്കറ്റായി മടങ്ങുമ്പോൾ 99 പന്തിൽ ഏഴു ബൗണ്ടറികളോടെ നേടിയ 39 റൺസായിരുന്നു ദാസിന്റെ സമ്പാദ്യം.
നാലാമനായെത്തിയ സച്ചിനു പക്ഷേ അധികം ആയുസ്സുണ്ടായില്ല. സ്കോർ 115ൽ നിൽക്കെ 10 റൺസുമായി സച്ചിൻ മടങ്ങി. 23 പന്തിൽ രണ്ടു ബൗണ്ടറികൾ ഉൾപ്പെടെയായിരുന്നു സച്ചിന്റെ 10 റൺസ്. ഗില്ലസ്പിയാണ് സൂപ്പർതാരത്തെ മടക്കിയത്. അഞ്ചാമനായി ക്രീസിലെത്തിയത് ക്യാപ്റ്റന് സൗരവ് ഗാംഗുലി. അഞ്ചാം വിക്കറ്റിൽ ലക്ഷ്മണിനൊപ്പം 117 റൺസ് കൂട്ടിച്ചേർത്ത ഗാംഗുലി ഇന്ത്യൻ തിരിച്ചടിക്ക് അടിസ്ഥാനമിട്ടു. സ്കോർ 232ൽ നിൽക്കെ ഗാംഗുലിയെ മഗ്രോ മടക്കിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 81 പന്തിൽ എട്ടു ബൗണ്ടറികളോടെ 48 റൺസെടുത്താണ് ഗാംഗുലി മടങ്ങിയത്. ഇതിനിടെ ലക്ഷ്മൺ സെഞ്ചുറിയിലേക്കെത്തി. ഗാംഗുലിക്കു പിന്നാലെയെത്തിയ ദ്രാവിഡിനെ കൂട്ടുപിടിച്ച് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്മൺ മൂന്നാം ദിനം അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ ലക്ഷ്മൺ 109 റൺസോടെയും ദ്രാവിഡ് ഏഴു റൺസോടെയും ക്രീസിൽ.
മാർച്ച് 14 പക്ഷേ ഇന്ത്യൻ ക്രിക്കറ്റിനായി കാത്തുവച്ചത് എന്നെന്നും ഓർമിക്കാനൊരു ക്രിക്കറ്റ് കാഴ്ചയായിരുന്നു. ആ ദിവസം ഈഡനിൽ ഒരു വിക്കറ്റു പോലും വീണില്ല. വീണതു റെക്കോർഡുകൾ മാത്രം. അന്നവിടെ വിരിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിലെ പുതുവസന്തമായിരുന്നു. പതറാത്ത ശ്രദ്ധയും കീഴടങ്ങാൻ കൂട്ടാക്കാത്ത മനസ്സുമായി ലക്ഷ്മണും ദ്രാവിഡും ക്രീസില്‍ ഉറച്ചുനിന്നു. ആർത്തുവിളിക്കുന്ന പതിനായിരങ്ങൾ ഗാലറിയിലും. പുതിയ ബാറ്റിങ് റെക്കോർഡുകളിലേക്ക് ഇരുവരും കുതിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ടത് സമാനതകൾ അധികമില്ലാത്ത ക്രിക്കറ്റ് കാഴ്ച.
ഈ മൽസരത്തിന്റെ നാലാം ദിനം ഒൻപതു ബോളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും കീഴടങ്ങാതെ പൊരുതിയ ദ്രാവിഡും ലക്ഷ്മണും ഇന്ത്യൻ സ്കോർ 589ൽ എത്തിച്ചു. നാലാം ദിനം മാത്രം ഇരുവരും കൂട്ടിച്ചേർത്തത് 357 റൺസ്. ഇന്ത്യയ്ക്ക് ലഭിച്ചത് 315 റൺസ് ലീഡ്. 275 റൺസോടെ ലക്ഷ്മണും 155 റൺസോടെ ദ്രാവിഡും ക്രീസിൽ.
ലോക ക്രിക്കറ്റിലെ അനൗദ്യോഗിക ടെസ്റ്റ് ചാംപ്യൻ പദവിയും തുടർച്ചയായ 16 വിജയങ്ങളെന്ന റെക്കോർഡും സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീം ഏറെക്കാലത്തിനു ശേഷം തലകുനിച്ച നിമിഷങ്ങളാണ് ഈ ദിനം സമ്മാനിച്ചത്. ഒൻപതു ബോളർമാർ ചേർന്ന് 90 ഓവറുകൾ എറിഞ്ഞിട്ടും അവർക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. പുറം വേദന അലട്ടിയ ക്യാപ്റ്റൻ സ്റ്റീവ് വോയും വിക്കറ്റിനു പിന്നിലെ കാവൽക്കാരനായതിനാൽ ഗിൽക്രിസ്റ്റും മാത്രമേ പന്തുകൊണ്ടു ഭാഗ്യം പരീക്ഷിക്കാൻ തുനിയാതിരുന്നുള്ളൂ. മറ്റുള്ളവരെത്തി പന്തെറിഞ്ഞ് വെറും കയ്യോടെ മടങ്ങി.
സമനില ഉറപ്പാക്കിയതിന്റെ സന്തോഷത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ കാത്തിരുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമായി ലക്ഷ്മൺ മാറുന്നതു കാണാനായിരുന്നു. എന്നാൽ സ്കോർ 281ൽ നിൽക്കെ മഗ്രോയുടെ പന്തിൽ റിക്കി പോണ്ടിങ്ങിന് ക്യാച്ച് സമ്മാനിച്ച് ലക്ഷ്മൺ മടങ്ങി. 452 പന്തിൽ 44 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു ആ ഐതിഹാസിക ഇന്നിങ്സ്. ദ്രാവിഡ് 180 റൺസെടുത്തും പുറത്തായതിനു പിന്നാലെ ഏഴിന് 657 റൺസെന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
424 റൺസ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ ഹർഭജൻ സിങ്ങിന്റെ കുത്തിത്തിരിയുന്ന പന്തുകൾക്കു മുന്നിൽ വട്ടംചുറ്റിയതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് വിജയം. അർധസെഞ്ചുറി നേടിയ മാത്യു ഹെയ്ഡൻ മാത്രം ചെറുത്തുനിന്നപ്പോൾ മറ്റുള്ളവരെ അനായാസം പിഴുതെറിഞ്ഞ ഹർഭജന്റെ ആറു വിക്കറ്റ് പ്രകടനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് 171 റൺസിന്റെ ചരിത്രജയം. 68.3 ഓവർ നീണ്ട ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസിന് ഓൾഔട്ടായി.
ഓരോ റണ്ണിനും ആയിരങ്ങൾ, ലക്ഷ്മണിന് കിട്ടിയത് ലക്ഷങ്ങൾ
ഈഡൻ ഗാർഡൻസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വസന്തമായി വിരിഞ്ഞ ലക്ഷ്മണിന് ലക്ഷക്കണക്കിന് രൂപയുടെ പാരിതോഷികമാണ് ഈ മൽസരത്തിലൂടെ ലഭിച്ചത്. ഈഡൻ ഗാർഡൻസിൽ ഇരട്ടസെഞ്ചുറി നേടിയ ആദ്യ താരമെന്ന നിലയിൽ ലക്ഷ്മണിന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയ രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചു. കൂടാതെ അന്നത്തെ ഏറ്റവും മികച്ച ഇന്ത്യൻ വ്യക്തിഗത സ്കോറായ 236 വരെ ഓരോ റണ്ണിനും ആയിരം രൂപയും ഡാൽമിയ പ്രഖ്യാപിച്ചു. ഗാവസ്കറിന്റെ റെക്കോർഡ് മറികടന്നപ്പോൾ 36,000 രൂപ കൂടി ലക്ഷ്മണിന്റെ കീശയിലായി. 236 റൺസ് കഴിഞ്ഞ നേടിയ ഓരോ റണ്ണിനും രണ്ടായിരും രൂപയും ഡാൽമിയ സമ്മാനിച്ചു.