ന്യൂഡൽഹി∙ തനിക്കെതിരായ കോഴ ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞാൽ തൂക്കിക്കൊന്നോളൂ എന്നു കണ്ണീരോടെ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. ഏതു തരത്തിലുള്ള അന്വേഷണത്തിനും തയാറാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഷമി വ്യക്തമാക്കി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ തന്റെ നിരപരാധിത്വത്തെക്കുറിച്ചു പറയുമ്പോൾ ഷമി പലപ്പോഴും കരഞ്ഞു. രാജ്യത്തെ ഒറ്റുകൊടുക്കുന്നവനല്ല താനെന്നു ഷമി പറഞ്ഞു.
മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ പാക്കിസ്ഥാൻകാരിയിൽ നിന്നു പണം സ്വീകരിച്ചതിനെക്കുറിച്ചുള്ള സൂചനകളിലേക്ക് അന്വേഷണം നടത്താൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് ബോർഡിന്റെ അഴിമതിവിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിനോടു നിർദേശിച്ചതോടെയാണു ഷമി വീണ്ടും ആരോപണത്തിന്റ നിഴലിലായത്.
ഭാര്യ ഹസിൻ ജഹാനുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണു പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇംഗ്ലണ്ടിൽ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നൽകിയ പണം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്നു സ്വീകരിച്ചെന്നാണു സംഭാഷണങ്ങളിൽ നിന്നു ലഭിച്ച സൂചന. ഇതിനു കോഴയും ഒത്തുകളിയുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.