കൃത്രിമം, വിവാദം, ചരിത്രം

5.5 ഔൺസ് ഭാരവും ഒൻപത് ഇഞ്ച് ചുറ്റളവുമുള്ള ഒരു പന്ത്; ആ പന്തിൽ ഉരസിയോ ചുരണ്ടിയോ കൃത്രിമം കാണിച്ചാൽ കളിയുടെ ഗതി തന്നെ മാറ്റിമറിക്കാം എന്നു ക്രിക്കറ്റ് ലോകത്തിനു പണ്ടേയറിയാം. അതുകൊണ്ടു തന്നെ പന്തിൽ കൃത്രിമം കാണിച്ചുള്ള വിവാദങ്ങൾ പുതിയ കാര്യമല്ല. പക്ഷേ, ഓസ്ട്രേലിയയെപ്പോലെ ഇത്ര ആസൂത്രിതമായി ചെയ്ത് അതിനെ നിർലജ്ജം ന്യായീകരിച്ച സംഭവങ്ങൾ അധികമില്ല. ക്രിക്കറ്റ് ചരിത്രത്തിലെ കൃത്രിമ വിവാദങ്ങളിതാ...

∙ മൈക്കേൽ ആതർട്ടൻ–1994

ലോർഡ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കേൽ ആതർട്ടൻ പന്തിൽ കൃത്രിമം കാണിച്ചത്. പോക്കറ്റിൽനിന്ന് എന്തോ എടുത്തു പന്തിൽ പുരട്ടുകയാണ് ആതർട്ടൻ ചെയ്തത്. സംഭവം വിവാദമായപ്പോൾ കയ്യുണക്കാൻ പോക്കറ്റിൽ വച്ചിരുന്ന ചെളിയാണ് അതെന്നായിരുന്നു മറുപടി. എന്നാൽ മാച്ച് റഫറിക്കു മുൻപിൽ നിരപരാധിത്വം തെളിയിക്കാൻ ആതർട്ടനായില്ല. 

∙ സച്ചിൻ തെൻഡുൽക്കർ–2011

ക്രിക്കറ്റ് ലോകം രണ്ടു ചേരിയായി തിരിഞ്ഞ വിവാദം. പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് മാച്ച് റഫറി മൈക്ക് ഡെനിസ് സച്ചിനെ ഒരു മൽസരത്തിൽനിന്നു സസ്പെൻഡ് ചെയ്തു. സച്ചിൻ പന്തിന്റെ തുന്നൽ പറിച്ചെടുക്കുന്നത് ടിവി കാമറയിൽ കണ്ടു എന്നു പറഞ്ഞായിരുന്നു ഇത്. എന്നാൽ, പന്തിൽ പറ്റിപ്പിടിച്ച പുല്ല് നീക്കുക മാത്രമാണ് താൻ ചെയ്തത് എന്നു സച്ചിൻ. ആരോപണത്തിനു വംശീയച്ചുവ വരെ വന്നതോടെ വിവാദം കത്തിപ്പടർന്നു. ഡെനിസിനെ മൂന്നാം മൽസരത്തിൽനിന്ന് ഐസിസി വിലക്കി. മൽസരത്തിന്റെ ടെസ്റ്റ് പദവി റദ്ദാക്കി. സച്ചിനെ പിന്നീട് ഐസിസി കുറ്റവിമുക്തനാക്കുകയും ചെയ്തു.

∙ ഇംഗ്ലണ്ട്–പാക്കിസ്ഥാൻ 2006

മൂന്നു വർഷത്തോളം തുടർ ചലനങ്ങളുണ്ടാക്കിയ വിവാദം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ചു എന്നു പറഞ്ഞ് അംപയർമാരായ ഡാരെൽ ഹെയറും ബില്ലി ഡോക്ട്രോവും പാക്കിസ്ഥാൻ ടീമിന് അഞ്ചു റൺസ് പെനൽറ്റി നൽകി. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ പോൾ കോളിങ്‌വുഡിന് പന്ത് മാറ്റിയെടുക്കാനുള്ള അനുവാദവും നൽകി. ടീ സമയം വരെ പ്രതിഷേധമില്ലാതെ കളി തുടർന്ന പാക്കിസ്ഥാൻ പിന്നീടു ഗ്രൗണ്ടിലിറങ്ങാൻ വിസമ്മതിച്ചു. അംപയർമാർ വാണിങ് നൽകിയെങ്കിലും പാക്കിസ്ഥാൻ ടീം വഴങ്ങിയില്ല.

തുടർന്നു മൽസരത്തിൽ ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിച്ചു. ഒരു മണിക്കൂറിനുശേഷം രണ്ടു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോർഡുകളും തമ്മിൽ കളി തുടരാൻ ധാരണയായെങ്കിലും അംപയർമാർ വിസമ്മതിച്ചു. 2008ൽ കുറ്റവിമുക്തരാക്കപ്പെട്ടതിനുശേഷം മൽസരം സമനിലയെന്നു വിധിക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഐസിസിയെ സമീപിച്ചു. ഐസിസി ആദ്യം അതനുവദിച്ചെങ്കിലും പിന്നീടു മൽസരം വീണ്ടും ഇംഗ്ലണ്ടിനു തന്നെ നൽകി

∙ ആൻഡേഴ്സൺ, ബ്രോഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബോളർമാരായ സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സണും സ്പൈക്ക് കൊണ്ട് പന്തിനെ നിലത്തിട്ടുരച്ചെന്നായിരുന്നു ആരോപണം. എന്നാൽ, കേപ് ടൗണിലെ കടുത്ത ചൂടിൽ താൻ അലസമായി അതു ചെയ്തതാണ് എന്നായിരുന്നു ബ്രോഡിന്റെ വാദം. ടീം ഡയറക്ടറായിരുന്ന ആൻഡി ഫ്ലവർ, ബ്രോഡിനെയും ആൻഡേഴ്സണെയും ന്യായീകരിച്ചപ്പോൾ മുൻ ക്യാപ്റ്റൻ നാസിർ ഹുസൈൻ അവരെ ശക്തമായി വിമർശിച്ചു. ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി പരാതിപ്പെടാത്തതിനാൽ ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയില്ല.

∙ ഷാഹിദ് അഫ്രീദി– 2010

ഓസ്ട്രേലിയക്കെതിരെ ഒരു മൽസരത്തിൽ പന്തിന്റെ സീമിൽ കടിച്ചതിനെത്തുടർന്ന് ഷാഹിദ് അഫ്രീദിയെ രണ്ട് രാജ്യാന്തര ട്വന്റി20 മൽസരങ്ങളിൽനിന്നു വിലക്കി. താൻ പന്തിനെ മണത്തു നോക്കിയതേയുള്ളൂ എന്നായിരുന്നു അഫ്രീദിയുടെ വാദം.

∙ ദക്ഷിണാഫ്രിക്ക–ശ്രീലങ്ക 2014

ഒൻപതു മാസത്തിനിടെ ദക്ഷിണാഫ്രിക്ക രണ്ടാം വിവാദത്തിൽ കുടുങ്ങി. ഗോളിൽ നടന്ന മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിനാൽ ദക്ഷിണാഫ്രിക്കൻ ബോളർ വെർനോൺ ഫിലാൻഡർക്ക് കിട്ടിയത് മാച്ച് ഫീയുടെ 75 ശതമാനം പിഴ. ഇതിനു പിന്നാലെ മറ്റൊരു വിവാദവുമുണ്ടായി. ദക്ഷിണാഫ്രിക്കൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിക്കുന്നതിൽ വിദഗ്ധരാണെന്നു പറഞ്ഞ് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ രംഗത്തെത്തി.