സിഡ്നി∙ ലോകമെമ്പാടുമുള്ള കായികപ്രേമികൾക്കു മുൻപിൽ ക്രിക്കറ്റിനെ നാണംകെടുത്തിയ ഓസ്ട്രേലിയൻ ടീമിൽ അനിശ്ചിതത്വം തുടരുന്നു. സ്റ്റീവ് സ്മിത്തിനു പിന്നാലെ പരിശീലകൻ ഡാരൻ ലേമാനും സ്ഥാനം നഷ്ടപ്പെടുമെന്നാണു സൂചന. ലേമാന്റെയും കൂടിയുള്ള അറിവിലാണു ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടിയത്. ബാൻക്രോഫ്റ്റ് ക്യാമറ കണ്ണുകളിൽ കുടുങ്ങിയ വിവരം പന്ത്രണ്ടാമനായ പീറ്റർ ഹാൻഡ്സ്കോംബിനെ അറിയിച്ചതും ലേമാനായിരുന്നു. ഇതിന്റെ ഉത്തരവാദിത്തമേറ്റ് ലേമാൻ രാജിവയ്ക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനാണു ലേമാന്‍.
പന്തുചുരണ്ടൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ തന്നെ സ്റ്റീവ് സ്മിത്ത് നായകസ്ഥാനവും ഡേവിഡ് വാർണർ ഉപനായകസ്ഥാനവും രാജിവച്ചിരുന്നു. ആദ്യം രാജിക്കു തയാറായില്ലെങ്കിലും സർക്കാർ ആവശ്യപ്പെട്ടതോടെ രാജിവയ്ക്കുകയായിരുന്നു. ഒരോ ടെസ്റ്റ് മൽസരത്തിൽനിന്നും ഇരുവരെയും വിലക്കിയിരുന്നു. നിലവിൽ ഒരു വർഷത്തേക്ക് ഇരുവരെയും വിലക്കുന്നതിനുള്ള നീക്കമാണു നടക്കുന്നത്.
ശനിയാഴ്ച മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഫീൽഡിങ്ങിനിടെ ഓസ്ട്രേലിയൻ താരം കാമറൺ ബാൻക്രോഫ്റ്റാണു പോക്കറ്റിൽ കരുതിയ മഞ്ഞനിറത്തിലുള്ള ടേപ് ഉപയോഗിച്ചു പന്തിന്റെ മിനുസം നഷ്ടപ്പെടുത്തിയത്. ടിവി ചാനലുകളിൽ ദൃശ്യം വന്നതോടെ ക്രിക്കറ്റ് ലോകം പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഓസ്ട്രേലിയ സർക്കാർ രാജി ആവശ്യപ്പെടുകയായിരുന്നു. മൽസരശേഷം ബാൻക്രോഫ്റ്റുമൊന്നിച്ചു പത്രസമ്മേളനത്തിനെത്തിയ സ്മിത്ത് തെറ്റു സംഭവിച്ചുവെന്നും മൽസരം കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നടത്തിയ ‘അറ്റകൈ’ പ്രയോഗമായിരുന്നു അതെന്നും തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു.