ധനനഷ്ടം, മാനഹാനി; സ്മിത്തിന് നഷ്ടമായത് 23 കോടി രൂപ, വാർണറിന് 19.5 കോടി

പന്തിൽ കൃത്രിമം കാട്ടിയ സംഭവം സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും കരിയറിനും കീശയ്ക്കും വലിയ നഷ്ടങ്ങളുണ്ടാക്കും. വിലക്കു നേരിട്ട് 12 മാസം കളത്തിനു പുറത്തിരിക്കുമ്പോൾ സ്റ്റീവ് സ്മിത്തിനു നഷ്ടം 23 കോടി രൂപ. ഡേവിഡ് വാർണറുടെ വരുമാനത്തിൽ 19.5 കോടിയുടെ കുറവുണ്ടാകും. ടീമിൽ‌ നിന്നുള്ള വിലക്ക് പരസ്യ വരുമാനത്തിലും തിരിച്ചടിയാകും. 12 ടെസ്റ്റ് മൽസരങ്ങൾ, 26 ഏകദിനങ്ങൾ, 10 ട്വന്റി20 മൽസരങ്ങൾ എന്നിവയ്ക്കൊപ്പം പണമൊഴുകുന്ന ഐപിഎൽ സീസണുമാണ് ഈ കാലയളവിനുള്ളിൽ ഇവർക്കു നഷ്ടമാകുന്നത്. 

ജൂണിൽ നടക്കുന്ന ഓസീസ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം, ഒക്ടോബറിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം, നവംബറിൽ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം, ഫെബ്രുവരിയിൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം എന്നീ പ്രമുഖ മൽസരങ്ങളിൽ ഇവരുടെ സേവനമുണ്ടാകില്ല. അടുത്ത സീസണിലെ ബിഗ് ബാഷ് ലീഗും നഷ്ടമാകും. 

ഇംഗ്ലണ്ടിൽ മേയ് 30ന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിലും ഇരുവരുടെയും പങ്കാളിത്തം ആശങ്കയിലാണ്. വിലക്ക് കാലാവധി ഇതിനു മുൻപ് പൂർത്തിയാകുമെങ്കിൽ 12 മാസം രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുന്നവർക്കു മുൻപിൽ ഫോം തെളിയിക്കുകയെന്ന വലിയ കടമ്പ ബാക്കി നിൽക്കും. 

വാർഷിക കരാറിലും മാച്ച് ഫീയിലും സീനിയർ താരങ്ങളേക്കാൾ ഏറെ പിന്നിലുള്ള ബാൻക്രോഫ്റ്റിന് ധനനഷ്ടം താരതമ്യേന കുറവാണ്. 

സ്മിത്തിന്റെയും വാർണറുടെയും ഒരു വർഷത്തെ വരുമാന നഷ്ടം

സ്റ്റീവ് സ്മിത്ത്

മാച്ച് ഫീ:    444,512 യുഎസ് ഡോളർ

വാർഷിക കരാർ:  11,50, 260 യുഎസ് ഡോളർ

ഐപിഎൽ കരാർ:  19,16,300 യുഎസ് ഡോളർ

ആകെ വരുമാനം:    35,26,600 യുഎസ് ഡോളർ ഏകദേശം 23 കോടി രൂപ

ഡേവിഡ് വാർണർ 

മാച്ച് ഫീ:    444,512 യുഎസ് ഡോളർ

വാർഷിക കരാർ:   6,25,260 യുഎസ് ഡോളർ

ഐപിഎൽ കരാർ:   19,16,300   യുഎസ് ഡോളർ

ആകെ വരുമാനം:    29,99, 920 യുഎസ് ഡോളർ ഏകദേശം 19.5 കോടി രൂപ