ന്യൂലാൻഡ്സിലെ ‘ചതി’യിൽ ക്രിക്കറ്റിനു സംഭവിച്ചതു കാലം ഭേദമാക്കുന്നൊരു പരുക്കു മാത്രമാകും. പല സമയങ്ങളിലായി പല വിധത്തിൽ നേരിട്ടിട്ടുള്ള വെല്ലുവിളികളിലൊന്നു മാത്രമേയാകുന്നുള്ളൂ ജെന്റിൽമാൻ ഗെയിമിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ പ്രതിസന്ധി. എന്നത്തേയും പോലെ ഈ കറുത്ത പൊട്ടും മായ്ച്ചു ക്രിക്കറ്റിന്റെ ‘ഇന്നിങ്സ്’ മുന്നോട്ടുനീങ്ങും. ഈ ചതിക്കഥയിലെ നായകൻ പക്ഷേ, ക്രിക്കറ്റിന്റെ നഷ്ടമാകുകയാണ്. സ്റ്റീവൻ പീറ്റർ സ്മിത്ത് – ക്രിക്കറ്റിന്റെ തലമുറ മാറ്റത്തിന്റെ പ്രതീകമായി കാണുന്ന ക്രിക്കറ്റർമാരിലൊരാൾ. ലോക ക്രിക്കറ്റിലെ ആദ്യ സംഘടിത ചതിപ്രയോഗമെന്നു പറയാവുന്ന വിവാദത്തിലെ നായകനായി സ്റ്റീവ് സ്മിത്ത് കടന്നുവരുമ്പോൾ നിരാശയുടെ ഓരം ചേരുന്നവരിൽ ഓസ്ട്രേലിയക്കാർ ഒറ്റയ്ക്കായിരിക്കില്ല.
എങ്കിൽക്കൂടി, ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതർലൻഡിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. പന്ത് തിരിമറി വിവാദത്തിൽപ്പെട്ട മൂന്നു പേർക്കും മുന്നിൽ രാജ്യാന്തര ക്രിക്കറ്റിന്റെയോ ഓസ്ട്രേലിയൻ ടീമിന്റെയോ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
ആധുനിക ക്രിക്കറ്റിന്റെ അമരക്കാരനാകാൻ മൽസരിക്കുന്നവനാണ് സ്റ്റീവ് സ്മിത്ത് എന്ന ഇരുപത്തിയെട്ടുകാരൻ. ബാറ്റിങ് ജീനിയസുകളുടെ അപൂർവക്കൂട്ടായ്മയിലേയ്ക്ക് അപ്രതീക്ഷിതമെന്നോണം കടന്നുവന്ന താരം. ഈ തലമുറയിലെ ‘തെൻഡുൽക്കർ– ലാറ’ താരതമ്യപ്പെടുത്തലുകളിലെ സജീവസാന്നിധ്യം. ക്രീസിൽ അസാധാരണ ചലനങ്ങളുമായി കടന്നുവന്ന് അസാധാരണ പ്രകടനങ്ങൾ തീർത്ത സ്മിത്തിന്റെ അശ്വമേധത്തിനു ന്യൂലാൻഡ്സിലെ പിഴയിൽ ചുവടുതെറ്റുമ്പോൾ അതു ക്രിക്കറ്റിന്റെ കൂടെ നഷ്ടമാകും. ഇതിഹാസം ആകാനുള്ള മൽസരത്തിൽ നിന്നു സ്മിത്തിന്റെ വിക്കറ്റ് വീണുകഴിഞ്ഞു. എങ്കിലും, അതിനെ സ്മിത്ത് എങ്ങനെ നേരിടുമെന്ന കൗതുകത്തിലാണ് ആരാധകർ.
ബോളിങ് ക്രീസിൽ
ബാറ്റ്സ്മാൻ ആയിട്ടായിരുന്നില്ല ക്രിക്കറ്റിന്റെ കളത്തിലേയ്ക്കുള്ള സ്റ്റീവൻ സ്മിത്തിന്റെ വരവ്. ലെഗ് സ്പിന്നർ റോളിലാണ് ഇന്നു ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നു പേരെടുത്ത സ്മിത്തിന്റെ കരിയറിന്റെ തുടക്കം. അൺ ക്യാപ്ഡ് താരമെന്ന നിലയിൽ റോയൽ ചാലഞ്ചേഴ്സിന്റെ ഭാഗമായി ഐപിഎൽ കളിക്കാനെത്തുമ്പോൾ ഷെയ്ൻ വോണിന്റെ പിൻഗാമിയെന്നു പോലും ഇന്ത്യൻ മാധ്യമങ്ങൾ കൊച്ചുസ്മിത്തിനെ വാഴ്ത്തി. ലെഗ് സ്പിന്നറെന്ന നിലയിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിലും ഇടംകണ്ടെത്തിയ സ്മിത്തിനു പക്ഷേ ആ പ്രതീക്ഷ കാക്കാനായില്ല. എട്ടു വർഷം മുൻപു ലോർഡ്സിൽ പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയ സ്മിത്തിനു മൂന്നു വിക്കറ്റുകളാണ് അരങ്ങേറ്റ മൽസരം സമ്മാനിച്ചത്.
2011 ലെ ഏകദിന ലോകകപ്പിലും ഓസീസിന്റെ ടീമംഗമാകാൻ സ്മിത്തിനു വിളിയെത്തി. ലോകത്തെ മുൻനിര ടീമിന്റെ ലോകകപ്പ് സംഘത്തിലേയ്ക്കുള്ള ഇരുപത്തിയൊന്നുകാരന്റെ വരവിനെ അവിശ്വാസത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കണ്ടത്. തരക്കേടില്ലാതെ ബാറ്റും ചെയ്യുന്ന ലെഗ്സ്പിൻ ബോളർ എന്ന ലേബലിൽ ഭാവിതാരമെന്ന വിശേഷണത്തോടെയാണ് ഓസ്ട്രേലിയ തങ്ങളുടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളിലേയ്ക്കു പയ്യൻ താരത്തെ കൂടെക്കൂട്ടിയത്. പക്ഷേ ഒരു ഫോർമാറ്റിലും ബോളർ എന്ന നിലയിൽ സ്ഥാനം നിലനിർത്താൻ സ്മിത്തിനെ കഴിവും ഭാഗ്യവും തുണച്ചില്ല.
ബാറ്റിങ് ക്രീസിലെ പടയോട്ടം
ടീമിൽ നിന്നൊഴിവാക്കപ്പെട്ടു വെറും രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കാനുള്ള ക്ഷണം സ്മിത്തിനെ തേടിയെത്തി. ബാറ്റ്സ്മാൻ എന്ന നിലയ്ക്കായിരുന്നു രണ്ടാമൂഴം. ഒരു ദിനം കൊണ്ടുണ്ടായതല്ല സ്റ്റീവൻ സ്മിത്തിലെ ബാറ്റിങ് പ്രതിഭ. ലെഗ് സ്പിന്നിനും ബാറ്റിങ്ങിനുമിടയിലെ ആശങ്കയുടെ ക്രീസിൽ പാഡണിഞ്ഞിറങ്ങിയ കുട്ടിത്താരത്തിനു വഴികാട്ടിയായതു പരിശീലകൻ ട്രെന്റ് വുഡ്ഹില്ലിന്റെ സാന്നിധ്യമാണ്. വോണിന്റെ പോലും പിൻഗാമിയാകുമെന്നു പ്രവചിക്കപ്പെട്ട ശേഷം ശരാശരിക്കും താഴെയുള്ള പ്രകടനത്തോടെ അരങ്ങേറിയ സ്മിത്തിന്റെ കരിയർ തന്നെ ആ പരിശീലകന്റെ ഇടപെടൽ മാറ്റിയെഴുതി.
ബാറ്റിങ് ടെക്നിക്കിൽ മാത്രമല്ല താരത്തിന്റെ മനോഭാവത്തിൽ വരെ വുഡ്ഹിൽ മാറ്റങ്ങൾ വരുത്തി. പന്തിന്റെ പിന്നാലെ പോയി കനപ്പെട്ട ഷോട്ട് ഉതിർക്കുന്നതിനായി ശ്രമിച്ചിരുന്നയാളാണ് സ്മിത്ത്. ആ ശൈലി കളഞ്ഞു പന്ത് ബാറ്റിലേയ്ക്കെത്തുന്നതിനായി അൽപം കൂടി ക്ഷമിക്കാനായിരുന്നു ആ പരിശീലകൻ സ്മിത്തിനു നൽകിയ ഉപദേശം. ഓഫ് സ്റ്റംപിനു പുറത്തെ ഡെലിവറികൾ നേരിടുന്നതിനുള്ള പോരായ്മയ്ക്കും വുഡ്‌ഹിൽ ഉപായം കണ്ടെത്തി. ഓഫ് സ്റ്റംപ് ലൈനിൽ ഗാർഡ് എടുത്ത്, പന്തിന്റെ ലൈനിനു നേർക്കു ചെന്നുള്ള സ്ട്രോക്കുകളിലൂടെ സ്മിത്ത് ബോളർമാരുടെ പേടിസ്വപ്നമായി മാറിയത് ഇതിനു ശേഷമാണ്. ഇതിനൊപ്പം ഫൂട്‌വർക്കിൽ വരുത്തിയ മാറ്റങ്ങൾ കൂടിയായപ്പോൾ സ്മിത്തിലെ ബാറ്റ്സ്മാൻ വേറെ തലത്തിലെത്തി. ഫാസ്റ്റ് ബോളർമാർക്കെതിരെ പുൾ ഷോട്ടുകളും ഡ്രൈവുകളും പായിക്കുന്ന അതേ ലാഘവത്തോടെ തന്നെ സ്പിന്നിനെ കൈകാര്യം ചെയ്യാൻ പദചലനങ്ങളിൽ വന്ന വേഗവും മികവും ഈ ബാറ്റ്സ്മാനെ പ്രാപ്തനാക്കി.
2013 ൽ ആഷസ് പരമ്പരയിലെ ഓവൽ ടെസ്റ്റിൽ കരിയറിലെ ആദ്യശതകം കുറിച്ചുകൊണ്ടാണു സ്റ്റീവൻ സ്മിത്ത് തന്റെ തിരിച്ചുവരവ് അറിയിച്ചത്. ഇംഗ്ലിഷ് താരങ്ങളുടെ വെല്ലുവിളി നെഞ്ചുറപ്പോടെ അതിജീവിച്ച കരുതലും കരുത്തും സമ്മേളിച്ച ഇന്നിങ്സിനൊടുവിലൊരു ലോഫ്റ്റഡ് ഷോട്ടിൽ പിറന്ന സിക്സിന്റെ തിളക്കത്തിലായിരുന്നു താരത്തിന്റെ മൂന്നക്കപ്രവേശനം. കൂടുതൽ മികവ് ആർജിച്ച സ്മിത്തിനെയാണ് പിന്നീടുള്ള സീസണുകളിൽ ക്രിക്കറ്റ് ലോകം കണ്ടത്. 2014– 15 സീസൺ അക്ഷരാർഥത്തിൽ സ്മിത്തിന്റെ പടയോട്ടത്തിനാണു പിച്ച് ഒരുക്കിയത്. ഇന്ത്യക്കെതിരെ തുടർച്ചയായി നാല് ഒന്നാം ഇന്നിങ്സുകളിൽ സെഞ്ചുറി നേടി ഡോൺ ബ്രാഡ്മാന്റെ പിൻഗാമിയായ താരം തൊട്ടടുത്ത പരമ്പരയിൽ 769 റൺസ് വാരിക്കൂട്ടി ബ്രാഡ്മാന്റെ തന്നെ റെക്കോർഡ് മറികടന്നു. ആ വർഷത്തെ ആഷസ് കൂടി കഴിഞ്ഞതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പുത്തൻ തലമുറയുടെ ചെങ്കോൽ കൂടിയാണു സ്മിത്ത് ഏറ്റുവാങ്ങിയത്.