ജൊഹാനസ്ബർഗ്∙ എവിടെ നിങ്ങളുടെ ക്യാപ്റ്റൻ ?, എവിടെ വാർണർ ? ... ദക്ഷിണാഫ്രിക്കൻ കാണികളുടെ ഈ ചോദ്യങ്ങൾ ഓസ്ട്രേലിയൻ താരങ്ങളുടെ കാതുകളിൽ സൃഷ്ടിച്ച അലോസരത്തിനിടെ ഓപ്പണർ ഐഡൻ മർക്രാം ബാറ്റുകൊണ്ടു കൂടി പ്രഹരത്തിനിറങ്ങിയാലോ !
മർക്രാമിന്റെ സെഞ്ചുറിക്കരുത്തിൽ നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയതു 313 റൺസ്. ടെസ്റ്റിൽ തന്റെ മികച്ച സ്കോർ കണ്ടെത്തിയ മർക്രാം 152 റൺസ് സ്വന്തമാക്കി. അംലയുടെയും മർക്രാമിന്റെയും നായകൻ ഫാഫ് ഡു പ്ലെസിയുടെയും വിക്കറ്റെടുത്ത പാറ്റ് കമ്മിൻസാണ് ഓസീസിന് ആദ്യദിനം ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചത്. തുടക്കക്കാരൻ ചാഡ് സായേഴ്സ് 64 റൺസിനു രണ്ടു വിക്കറ്റെടുത്തു. 69 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെയും നൈറ്റ്‌വാച്ച്മാൻ കാഗിസോ റബാദയുടെയും വിക്കറ്റാണു സായേഴ്സ് സ്വന്തമാക്കിയത്. ടെംബ ബാവുമ (25), ക്വിന്റൻ ഡി കോക്ക് (ഏഴ്) എന്നിവരാണ് ക്രീസിൽ.
മർക്രാം ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനു നങ്കൂരമിട്ടു. 216 പന്തുകളിൽ 17 ബൗണ്ടറിയും ഒരു സിക്സറുമടക്കമാണു നാലാം ടെസ്റ്റ് സെഞ്ചുറി മർക്രാം നേടിയത്. മൂന്ന് അർധ സെഞ്ചുറികളും മർക്രാമിന്റെ പേരിലുണ്ട്. പാറ്റ് കമ്മിൻസിന്റെ പന്തിൽ മിച്ചൽ മാർഷിനു ക്യാച്ച് നൽകി മർക്രാം മടങ്ങി. തൊട്ടടുത്ത പന്തിൽ ഡുപ്ലെസിയും പുറത്തായതോടെ ദക്ഷിണാഫ്രിക്ക സമ്മർദത്തിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഡിവില്ലിയേഴ്സും ബാവുമയും ചേർന്ന് 52 റൺസെടുത്തു.