കണ്ണീരി‍ലുലഞ്ഞ് ക്രിക്കറ്റ് ലോകം; ശിക്ഷ കൂടിപ്പോയെന്ന വാദവുമായി താരങ്ങൾ

പന്തിൽ കൃത്രിമം കാട്ടിയ സ്മിത്തിനെയും വാർണറെയും പരിഹസിച്ചുള്ള വേഷങ്ങളിൽ ദക്ഷിണാഫ്രിക്കൻ ആരാധകർ നാലാം ടെസ്റ്റിനെത്തിയപ്പോൾ

സിഡ്നി∙ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിന്റെ കണ്ണീരിൽ കുതിർന്ന ക്ഷമാപണത്തോടെ കളംതിരിഞ്ഞു. ‘ഇത് പന്തിൽ കൃത്രിമം കാട്ടിയതല്ലേ, കൊലപാതകമല്ലല്ലോ’ – ബ്രിട്ടിഷ് പത്രം ദ് ടൈംസിന്റെ തലക്കെട്ടിലുണ്ട് സ്മിത്തിനോടും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനോടുമുള്ള ഇപ്പോഴത്തെ പൊതുവികാരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റിൽ പന്തിൽ കൃത്രിമം നടത്തിയതിനു വിലക്കു നേരിട്ട സ്മിത്ത് കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ടു പാപങ്ങൾ ഏറ്റുപറഞ്ഞപ്പോൾ സഹതാപതരംഗത്തിനു തുടക്കമായി. ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തിയ ശിക്ഷ അതികഠിനമായെന്ന കുറ്റപ്പെടുത്തലുകൾ വ്യാപകമായിക്കഴിഞ്ഞു. 

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ഒരു വർഷത്തേക്കും കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ഇതു കൂടാതെ സ്മിത്തിന് ഒരു വർഷം കൂടിയും ഡേവിഡ് വാർണർക്ക് ആജീവനാന്തവും ഓസീസ് ക്യാപ്റ്റൻസി വിലക്കുമുണ്ട്. സ്മിത്തിന്റെയും ബാൻക്രോഫ്റ്റിന്റെയും കുറ്റസമ്മതത്തിലെ വേദന ഉൾക്കൊണ്ടാണു പരിശീലക സ്ഥാനം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നു ഡാരൻ ലീമാൻ വെളിപ്പെടുത്തുകയും ചെയ്തതോടെ സഹതാപത്തിന് ആഴം കൂടി. വേദനിക്കുന്ന താരങ്ങൾക്കൊപ്പമെന്ന പ്രഖ്യാപനം പോലെയായി ലീമാന്റെ രാജി. 

‘‘പന്തിൽ കൃത്രിമം കാട്ടിയതിൽ ഞങ്ങൾക്കെല്ലാം എതിർപ്പുണ്ടായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നു പോലും ശങ്കിച്ച നിമിഷങ്ങൾ. കാരണം ഇത്തരം സാഹചര്യങ്ങൾ മുൻപു നേരിട്ടിട്ടില്ലല്ലോ. എന്നാൽ ശിക്ഷാവിധി അത്യാവേശത്തിലായിപ്പോയി. കുറ്റത്തിനു ചേരുന്നില്ല ഈ ശിക്ഷ. അതികഠിനം.’’– ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ കുറ്റപ്പെടുത്തി. ഒരു നിമിഷത്തെ മണ്ടത്തരം ഒഴിവാക്കി നിർത്തിയാൽ മാന്യന്മാരാണ് സ്മിത്തും ബാൻക്രോഫ്റ്റും. അവർക്ക് ഒരു അവസരം കൂടി നൽകേണ്ടതാണ്.– മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറഞ്ഞു. താരങ്ങളുടെ സംഘടനയായ ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷനും ശിക്ഷയ്ക്കെതിരെ രംഗത്തെത്തി. സമാന കുറ്റത്തിനു മുൻപു നൽകിയ ശിക്ഷയുമായി താരതമ്യപ്പെടുത്തിയാൽ ഇപ്പോഴത്തേതു കടുത്തതായിപ്പോയെന്നും അസോസിയേഷൻ വാദിക്കുന്നു.  

സ്മിത്തിന് പിന്തുണയുമായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനും രംഗത്തെത്തി. നിങ്ങൾ കരയുന്നതു ലോകത്തിനു കാണണമായിരുന്നു. ഇനി അവർ സംതൃപ്തിയോടെ ജീവിക്കും– തുടങ്ങിയ വാക്കുകളിലൂടെയാണ് അശ്വിൻ പിന്തുണ അറിയിച്ചത്. താരങ്ങളുടെ സംഘടന പിന്തുണമായി രംഗത്തെത്തണമെന്നും അശ്വിൻ ആവശ്യപ്പെടുന്നു.