മോണി മോർക്കൽ വിരമിച്ചു

ജൊഹാനസ്ബർഗ് ∙ മാന്യന്മാരുടെ മാന്യമായ കളിയെന്ന ക്രിക്കറ്റിന്റെ നിർവചനം അന്വർഥമാക്കിയ കളിജീവിതത്തിനുശേഷം ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ മോണി മോർക്കൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 11 വർഷം രാജ്യാന്തര ക്രിക്കറ്റിൽ 86 ടെസ്റ്റിൽ 309 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ അഞ്ചാമനായാണ് മുപ്പത്തിമൂന്നുകാരനായ മോർക്കൽ വിരമിക്കുന്നത്.

117 ഏകദിനത്തിൽ കളിച്ച മോർക്കൽ 188 വിക്കറ്റെടുത്തിട്ടുണ്ട്. 44 ട്വന്റി20യിൽ 44 വിക്കറ്റ്. കളിക്കളത്തിൽ ഒരിക്കലും സൗമ്യത വിടാത്ത ഈ ഉയരക്കാരൻ ബോളറുടെ പന്തുകൾക്കു മാത്രമേ ഫാസ്റ്റ് ബോളിങ്ങിന്റെ തീവ്രതയുണ്ടായിരുന്നുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരായ ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റുമായി ടീമിനു ജയം നേടിക്കൊടുത്ത മോർക്കൽ നാലാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പരുക്കു വകവയ്ക്കാതെ ബോൾ ചെയ്ത് ഓസ്ട്രേലിയയുടെ ആദ്യ രണ്ടു വിക്കറ്റെടുത്ത് ടീമിനെ ജയപാതയിലെത്തിച്ചാണു വിരമിച്ചത്.