ജൊഹാനസ്ബർഗ്∙ നാൽപത്തെട്ടു വർഷത്തിനുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വിജയം. നാലാം ടെസ്റ്റിൽ 492 റൺസിന്റെ റെക്കോർഡ് ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര 3–1ന് സ്വന്തമാക്കി. റൺസിൽ ഓസീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ വിജയമാണിത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ റൺസിൽ ഏറ്റവും വലിയ നാലാമത്തെ ജയവും.
പന്തിൽ കൃത്രിമം കാട്ടിയതിന് ക്യപ്റ്റനും വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്റ്സ്മാനും ശിക്ഷിക്കപ്പെട്ടു പുറത്തായ പരമ്പരയിൽ ഓസീസ് ക്രിക്കറ്റിന്റെ നാണക്കേട് പൂർണമാക്കുന്ന പരാജയം. 612 എന്ന വിജയലക്ഷ്യത്തിനു മുന്നിൽ അവസാനദിനം മൂന്നിന് 83 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ 17 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ആറു വിക്കറ്റു കൂടി നഷ്ടമാക്കി പരാജയത്തിലേക്കു കൂപ്പുകുത്തി. സ്വിങ് ബോളിങ്ങിന്റെ എല്ലാ മനോഹാരിതയും പുറത്തെടുത്ത വെർനൻ ഫിലാൻഡർക്കായിരുന്നു എല്ലാ വിക്കറ്റും.
32 പന്തിൽ മൂന്നു റൺസിന് ആറു വിക്കറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ ഫിലാൻഡറുടെ ഏറ്റവും മികച്ച ബോളിങ്. ടെസ്റ്റിൽ ഫിലാൻഡർ 200 വിക്കറ്റ് (204) തികച്ചു. ടെസ്റ്റു ക്രിക്കറ്റിൽ അവസാന ഇന്നിങ്സ് കളിച്ച ഫാസ്റ്റ് ബോളർ മോണി മോർക്കലിന് (2–28) ഇന്നലെ വിക്കറ്റൊന്നും ലഭിച്ചില്ല. മൂന്നു ഫാസ്റ്റ് ബോളർമാരും പരുക്കിന്റെ പിടിയിലായതിനാൽ ഡിക്ലറേഷൻ വൈകിച്ച് ദക്ഷിണാഫ്രിക്ക ഓസീസിനു സമനില മോഹം നൽകിയതായിരുന്നു. എന്നാൽ ആത്മവീര്യം പൂർണമായും ചോർന്ന അവർക്കു പൊരുതാൻപോലുമായില്ല.
സ്കോർ: ദക്ഷിണാഫ്രിക്ക 488 ആറിന് 344 . ഓസ്ട്രേലിയ 221, 119
വൻ ജയം (റൺസിൽ)
1. ഇംഗ്ലണ്ട് 675 റൺസിന് ഓസ്ട്രേലിയയെ (ബ്രിസ്ബെയ്ൻ 1928)
2. ഓസ്ട്രേലിയ 562 റൺസിന് ഇംഗ്ലണ്ടിനെ (ലണ്ടൻ 1934)
3. ഓസ്ട്രേലിയ 530 റൺസിന് ദക്ഷിണാഫ്രിക്കയെ (മെൽബൺ 1911)
4. ദക്ഷിണാഫ്രിക്ക 492 റൺസിന് ഓസ്ട്രേലിയയെ (ജൊഹാനസ്ബർഗ്, 2018)
5. ഓസ്ട്രേലിയ 491 റൺസിന് പാക്കിസ്ഥാനെ (പെർത്ത് 2004).