ഇന്ത്യയുടെ കാര്യം നോക്കാൻ ഇവിടെ ആളുണ്ട്, അഫ്രീദി ബുദ്ധിമുട്ടേണ്ട: സച്ചിൻ

ന്യൂഡൽഹി∙ കശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ പരാമർശം നടത്തിയ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളുടെയും മുൻ താരങ്ങളുടെയും രൂക്ഷവിമർശനം. ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട കാര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ എങ്ങനെ നയിക്കണമെന്ന് അറിയാവുന്ന വിദഗ്ധരായ ആളുകൾ ഇന്ത്യയിലുണ്ട്. ഇത്തരം കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഉപദേശമോ ഇടപെടലോ ആവശ്യമില്ല – സച്ചിൻ വ്യക്തമാക്കി.

‘ഇന്ത്യൻ അധീന കശ്മീരിൽ നിഷ്കളങ്കരായ’ വ്യക്തികൾക്കു നേരെ നടക്കുന്ന അതിക്രമത്തെ അപലപിച്ചും ഇതിൽ ഐക്യരാഷ്ട്ര സംഘടന ഇടപെടാത്തതിൽ അദ്ഭുതം രേഖപ്പെടുത്തിയുമാണ് അഫ്രീദി ട്വിറ്ററിലൂടെ രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിനും നിശ്ചയദാർഢ്യത്തിനും വേണ്ടി ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ ശ്രമം, നിഷ്കളങ്കരായ സാധാരണക്കാർ കശ്മീരിൽ വെടിയേറ്റു വീഴുന്നതിന് ഇടയാക്കുന്നുവെന്നായിരുന്നു അഫ്രീദിയുടെ കുറിപ്പ്. ഇത്തരം ‘മനുഷ്യാവകാശ ധ്വംസനങ്ങൾ’ നടക്കുമ്പോൾ യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകൾ എവിടെയാണെന്നും അഫ്രീദി കുറിച്ചിരുന്നു. ഇതാണ് ഇന്ത്യക്കാരെ പ്രകോപിപ്പിച്ചത്.

നേരത്തെ, ഇന്ത്യൻ ദേശീയ ടീം നായകൻ വിരാട് കോഹ്‍ലി, ഇന്ത്യൻ‌ താരം ഗൗതം ഗംഭീർ തുടങ്ങിയവരും അഫ്രീദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ജനതയുടെ താൽപര്യങ്ങളെ ഹനിക്കുന്ന യാതൊന്നിനെയും താൻ പിന്തുണയ്ക്കില്ലെന്നായിരുന്നു കോഹ്‍ലിയുടെ പരാമർശം.

ഇന്ത്യക്കാരനെന്ന നിലയിൽ എപ്പോഴും രാജ്യത്തിന് ഹിതകരമായതെന്തോ അതാണ് എന്റെയും അഭിപ്രായം. രാജ്യത്തിന് ഗുണകരമായത് സംഭവിക്കണമെന്നാണ് എന്റെ ആഗ്രഹവും. ഇതിനെതിരായ എന്തു സംഭവിച്ചാലും അതിനെ പിന്തുണയ്ക്കാൻ എനിക്കാവില്ല – കോഹ്‍ലി പറഞ്ഞു.

ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തേക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയില്ലാത്തിടത്തോളം കാലം പ്രതികരിക്കുന്നത് ശരിയല്ല. അതേസമയം, എന്റെ താൽപര്യം എപ്പോഴും ഇന്ത്യയുടെ താൽപര്യത്തിന് അനുസൃതമാണു താനും – കോഹ്‍ലി ചൂണ്ടിക്കാട്ടി.

അതേസമയം, ഇത്തരമൊരു പരാമർശം നടത്തിയ അഫ്രീദിക്ക് എന്തിനിത്ര പ്രാധാന്യം നൽകുന്നുവെന്നായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ചോദ്യം. ഈ അഫ്രീദി ആരാണ്? അയാൾക്കെന്തിനാണ് ഇത്ര പ്രാധാന്യം നൽകുന്നത്? ഇത്തരം ആളുകൾക്ക് യാതൊരു പ്രാധാന്യവും നൽകേണ്ടതില്ല – കപിൽ അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നായിരുന്നു ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ പ്രതികരണം. അത് എക്കാലവും അങ്ങനെതന്നെ തുടരുമെന്നും റെയ്ന വ്യക്തമാക്കി. എന്റെ പിതാമഹൻമാർ ജനിച്ച സ്ഥലമാണ് കശ്മീർ. നമ്മുടെ കശ്മീരിൽ പാക്ക് സൈന്യം നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് അഫ്രീദി ആവശ്യപ്പെട്ടതെന്നാണ് എനിക്കു തോന്നുന്നത്. നമുക്കു വേണ്ടത് സമാധാനമാണ്. രക്തച്ചൊരിച്ചിലും സംഘർഷവുമല്ല – റെയ്ന ചൂണ്ടിക്കാട്ടി.

നേരത്തെ, കശ്മീർ താഴ്‌‌വരയിൽ ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെ അപലപിച്ച് ട്വിറ്ററിലൂടെ അഫ്രീദി നടത്തിയ വിമർശനത്തിന് ട്വിറ്ററിലൂടെത്തെന്നെ രൂക്ഷ മറുപടിയുമായി ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. എന്നത്തേയും പോലെ, ഇക്കുറിയും നോബോളിൽ വിക്കറ്റെടുത്ത് അത് ആഘോഷിക്കുകയാണ് അഫ്രീദിയെന്ന് ഗംഭീർ ട്വീറ്റ് ചെയ്തു. അഫ്രീദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനായി മാധ്യമങ്ങൾ തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തിയാണ് ഗംഭീറിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. തുടർന്നാണ് ‘നോബോളിലെ വിക്കറ്റ് ആഘോഷമെന്ന’ പ്രയോഗത്തിലൂടെ ഗംഭീറിന്റെ ഗംഭീര പ്രതികരണമെത്തിയത്.

കശ്മീരിലെ ഷോപിയാനിലും അനന്ത്നാഗിലുമായി നടന്ന മൂന്ന് ഏറ്റുമുട്ടലുകളിലായി സൈന്യം 13 ഭീകരരെ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഭീകരരുടെ പരിശീലനകേന്ദ്രം എന്നറിയപ്പെട്ടിരുന്ന ഷോപിയാനിലാണ് ഇതിൽ പത്തുപേരും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകളിൽ മൂന്നു സൈനികരും വീരമൃത്യു വരിച്ചിരുന്നു. നാലു നാട്ടുകാരും കൊല്ലപ്പെട്ടു. ഇതിനോടുള്ള പ്രതികരണമായാണ് അഫ്രീദിയുടെ ട്വീറ്റ് എത്തിയത്.