വിശ്വാസം തിരിച്ചുപിടിക്കാൻ പരിശ്രമിക്കും: സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത് (ഫയൽ ചിത്രം)

മെല്‍ബണ്‍∙ പന്തു ചുരണ്ടല്‍ വിവാദത്തിലൂടെ നഷ്ടമായ ‌വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ തന്നാലാകുന്നതെല്ലാം ചെയ്യുമെന്നു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ശപഥം. വിമര്‍ശനങ്ങള്‍ക്കിടയിലും തനിക്കു പിന്തുണ നല്‍കിയവരോടുള്ള കടപ്പാടും സ്മിത്ത് മറച്ചുവച്ചില്ല. ‘ഓസ്ട്രേലിയയില്‍ മടങ്ങിയെത്തിയതില്‍ സന്തോഷിക്കുന്നു, കാര്യങ്ങളുമായി പൊരുത്തപ്പെട്ടുവരാന്‍ അല്‍പം സമയമെടുത്തു. ഇനി തിരിച്ചുവരവിനുള്ള സമയമാണ്’, ഇന്‍സ്റ്റഗ്രാമിൽ സ്മിത്ത് കുറിച്ച വരികള്‍ ഇങ്ങനെ.

പിന്തുണ അറിയിച്ചുകൊണ്ടുള്ള നിരവധി കത്തുകളും ഇ– മെയിലുകളുമാണു തനിക്കു ലഭിച്ചതെന്നും നഷ്ടമായ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മല്‍സരത്തിനിടെ ഓസ്ട്രേലിയന്‍ താരങ്ങള്‍ പന്തു ചുരണ്ടിയതു വിവാദമായതോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞശേഷം ആദ്യമായാണ് ഭാവിപരിപാടികള്‍ സ്മിത്ത് വെളിപ്പെടുത്തുന്നത്. ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണു സ്മിത്ത് ഇപ്പോള്‍. സ്മിത്തിനൊപ്പം മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാർണറും ഓപ്പണിങ് ബാറ്റ്സ്മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റും വിലക്കു നേരിടുന്നുണ്ട്.