ഇന്ത്യയ്ക്ക് വെറുമൊരു കളിയായിരിക്കും. പക്ഷേ അഫ്ഗാനിസ്ഥാന് ഇതു ചരിത്രപ്പിറവിയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശുഭ്രതയിലേക്കു പദമൂന്നുന്ന ടീമിന്റെ കന്നി മല്‍സരമാണ് ജൂണ്‍ 14ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുക. ആദ്യ മല്‍സരം തന്നെ ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീമിനെതിരെ കളിക്കുന്നതിന്റെ ആവേശത്തിലാണ് ടീം. എന്നാല്‍ ഇന്ത്യയാകട്ടെ, ക്യാപ്റ്റന് കൗണ്ടി കളിക്കാന്‍ അവധി നല്‍കി അഫ്ഗാനിസ്ഥാന് ഇത്രയൊക്കെയേ പ്രാധാന്യമുള്ളൂ എന്ന മട്ടിലാണ്.
ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളില്‍ മികവു തെളിയിക്കുന്ന അഫ്ഗാന്‍ നീണ്ട ഫോര്‍മാറ്റില്‍ എങ്ങനെ കളിക്കുമെന്നത് കൗതുകകരമാണ്. നീണ്ട മല്‍സരങ്ങള്‍ തീരേ കളിക്കാത്ത ടീമുമല്ല അഫ്ഗാനിസ്ഥാന്‍. അസോഷ്യേറ്റ് രാജ്യങ്ങളുമായുള്ള ചതുര്‍ദിന മല്‍സരങ്ങളില്‍ അവര്‍ മികച്ച കളി പുറത്തെടുക്കാറുണ്ട്. ഐസിസിയുടെ ചതുര്‍ദിന ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ കഴിഞ്ഞ ഡിസംബറില്‍ രണ്ടാം വര്‍ഷവും ടീം ജേതാക്കളായി.
മികച്ച അവസരം
റാഷിദ് ഖാനെയും മുജീബ് റഹ്മാനെയും പോലുള്ള മികച്ച സ്പിന്നര്‍മാരുടെ ഫാക്ടറിയാണ് അഫ്ഗാനിസ്ഥാനെന്ന് ഐപിഎല്‍ തന്നെകാണിച്ചു തരുന്നു.ഇവര്‍മാത്രമല്ല, ഇനിയും കാണാനിരിക്കുന്നു എന്നു ലോകത്തിനു മുന്നില്‍ വിളിച്ചറിയിക്കാനുള്ള അവസരമാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി. 5000 ലെഗ് സ്പിന്നര്‍മാരെങ്കിലും രാജ്യത്തുണ്ടെന്നാണ് റാഷിദ് ഖാന്‍ പറയുന്നത്.
ഇന്ത്യ മികച്ച ബാറ്റ്‌സ്മാന്‍മാരെ സംഭാവന ചെയ്യുന്നതു പോലെ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമൊക്കെ മികച്ച പേസര്‍മാരെ നല്‍കുന്നതുപോലെ അഫ്ഗാന്റെ തുറുപ്പുചീട്ട് സ്പിന്നര്‍മാരാണ്. ഭാവിയില്‍ ലോകം കീഴടക്കുന്ന സ്പിന്നര്‍മാര്‍ എന്റെ രാജ്യത്തുനിന്നു ഒട്ടേറെ ഉയര്‍ന്നു വരും- റാഷിദ് പറയുന്നു.
അതേ സ്പിന്‍ തന്നെയാകും ഇന്ത്യയും കരുതിയിരിക്കേണ്ട ഭീഷണി. സ്പിന്നിനെ നന്നായി കളിക്കുന്നവരാണ് ഇന്ത്യക്കാരെങ്കിലും ഐപിഎല്ലില്‍ റാഷിദ് ഖാന്റെയും മുജീബ് റഹ്മാന്റെയും ഗൂഗ്ലികള്‍ക്കു മുന്നില്‍ നമ്മുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പോലും പാളിപ്പോയത് മറക്കരുത്. ടെസ്റ്റിനായിതാന്‍ പുതിയ അഞ്ചു പന്തുകള്‍ പരീക്ഷിച്ച് മിനുക്കിയെടുക്കുകയാണെന്നാണ് റാഷിദ് ഖാന്‍ പറയുന്നത്.
തളരാത്ത വീര്യവും അങ്ങേയറ്റത്തെ ക്ഷമയും വേണ്ടതാണ് ടെസ്റ്റ് മല്‍സരങ്ങള്‍. ട്വന്റി 20 യില്‍ വിജയമാകുന്ന റാഷിദ്ടെ സ്റ്റില്‍ എങ്ങനെയിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. റാഷിദ് മാത്രമല്ല, മുജീബും മുഹമ്മദ് നബിയുമെല്ലാം അഫ്ഗാന്‍ നിരയിലെ മികച്ച സ്പിന്നര്‍മാരാണ്.
രഹാനെയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏകടെസ്റ്റ് പരീക്ഷണത്തിനുള്ള അവസരം തന്നെയാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എത്രത്തോളം തിളങ്ങാനാകുമെന്ന ചോദ്യത്തിനും ജൂണ്‍ മധ്യത്തോടെ ഉത്തരം കിട്ടും.