ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരു മലയാളി കൂടി

ദേവദത്ത്

പാലക്കാട് ∙ ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളിയും. കർണാടക സീനിയർ ടീമംഗമായ ദേവദത്ത് പടിക്കലാണ് ഇന്ത്യൻ കുപ്പായമണിയാൻ ഒരുങ്ങുന്നത്. പാലക്കാട് ചിറ്റൂർ അണിക്കോട് കുന്നത്തു വീട്ടിൽ ബാബുനുവിന്റെയും മലപ്പുറം എടപ്പാൾ പടിക്കൽ കുടുംബാംഗം അമ്പിളിയുടെയും മകനായ ദേവദത്ത് പടിക്കൽ ഇടങ്കയ്യൻ ബാറ്റ്സ്മാനാണ്. കൂച്ബഹാർ ക്രിക്കറ്റ് ട്രോഫിയിൽ (അണ്ടർ–19) കർണാടകയ്ക്കായി 829 റൺസെടുത്തു 

ദേവദത്ത് ഒൻപതാം വയസ്സിൽ ഹൈദരാബാദിലെ ക്രിക്കറ്റ് അക്കാദമിയിലാണ് ആദ്യം ബാറ്റെടുത്തത്. 2011ൽ കുടുംബം ബെംഗളൂരുവിലേക്കു മാറി. തുടർന്നു കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റിൽ പരിശീലനം തുടങ്ങി. അണ്ടർ 14, 16, 19 ടീമിൽ ഇടം നേടി. കഴിഞ്ഞ വർഷം കർണാടക അണ്ടർ 19 ടീമിന്റെ വൈസ് ക്യാംപ്റ്റനുമായി.