കൗതുകം ഇത്തിരി കൂടുതലാണ് എന്ന സിനിമാ ഡയലോഗ് പോലെയാണ് ബംഗ്ലദേശ് ക്രിക്കറ്റ് ടീം. കളി ജയിക്കും മുന്‍പേ തുടങ്ങും ആഘോഷം. ആഹ്ലാദമെല്ലാം വെള്ളത്തിലാകുമെന്നതാണ് ഏറെ കൗതുകം. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയോട് ഒരു റണ്ണിനു തോല്‍ക്കുന്നിടത്തു തുടങ്ങിയതാണ് കഷ്ടകാലം. അന്നു കളി തീര്‍ക്കും മുന്‍പേ ചാടിക്കളി തുടങ്ങിയ മുഷ്ഫിഖുര്‍ റഹീമിനു പിന്നീട് കരയേണ്ടി വന്നു. ആ മുറിവുണങ്ങിയ ശേഷമാണ് ശ്രീലങ്കയില്‍ കഴിഞ്ഞമാര്‍ച്ചില്‍ നിദാഹാസ് ട്രോഫിക്ക് ബംഗ്ലക്കടുവകള്‍ എത്തുന്നത്.
മികച്ച പ്രകടനം കാഴ്ചവച്ച് അവര്‍ ഫൈനലിലെത്തി. ലീഗ് ഘട്ടത്തിലെ നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ച ശേഷം ബംഗ്ലദേശ് കളിക്കാര്‍ ഗ്രൗണ്ടില്‍ നടത്തിയ നാഗിന്‍ ഡാന്‍സ് ചര്‍ച്ചാ വിഷയമായിരുന്നു. നാഗത്തിന്റെ ഫണം പോലെ കൈകളാക്കി ഇളകിയാടി എതിര്‍ ടീമിനെ പരിഹസിക്കുന്ന ഡാന്‍സ്. ശ്രീലങ്കന്‍ ആരാധകരെ മുഴുവന്‍ വെറുപ്പിച്ച ചെയ്ത്തായിരുന്നു അത്. ഇന്ത്യ- ബംഗ്ലദേശ് ഫൈനലില്‍ മുഴുവന്‍ ശ്രീലങ്കക്കാരും ഇന്ത്യക്കു ജയ് വിളിപ്പിച്ചതില്‍ ആ നാഗിന്‍ ഡാന്‍സിനു നല്ല പങ്കുണ്ട്. ദിനേഷ് കാര്‍ത്തിക്കിന്റെ അവസാന ബോള്‍ സിക്‌സറില്‍ ഇന്ത്യ അവിശ്വസനീയ ജയംനേടിയപ്പോള്‍ ശ്രീലങ്കക്കാര്‍ തിരിച്ചു നാഗത്തെക്കാണിച്ച് ബംഗ്ല ടീമിനെ മടക്കിയയച്ചു
അവിടെ തീര്‍ന്നെന്നു കരുതിയതാണ്. അപ്പോഴാണ് അഫ്ഗാനിസ്ഥാനുമായി ട്വന്റി 20 പരമ്പര വരുന്നത്. ഇന്ത്യയിലെ ഡെറാഡൂണിലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര നടന്നത്. ആദ്യ രണ്ടെണ്ണം ക്രിക്കറ്റിലെ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാനോട് തോറ്റിട്ടും കടുവകളുടെ അഹങ്കാരത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷെഹ്‌സാദ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി പുറത്തായപ്പോള്‍ ബംഗ്ലദേശ് സ്പിന്നര്‍ നസ്മുല്‍ ഇസ് ലാം ഉടനെ 'നാഗത്തെ' പുറത്തെടുത്ത് യാത്രയയപ്പു നല്‍കി. ഷെഹ്‌സാദ് സംഗതി മനസ്സില്‍ കുറിച്ചു. മറ്റൊരു ത്രില്ലര്‍ ഓവറില്‍ ഒരു റണ്‍സിന് അഫ്ഗാന്‍ ജയിച്ച് പരമ്പര 3-0ത്തിന് സ്വന്തമാക്കിയപ്പോള്‍ ഷെഹ്‌സാദ് നാഗിന്‍ ഡാന്‍സ് തിരിച്ചു കൊടുത്തു പകരം വീട്ടി.അതുകൂടിയായപ്പോള്‍ ബംഗ്ലദേശ് കളിക്കാരുടെ മുഖം ഒന്നുകൂടി വാടി. എത്രയായാലും അവര്‍ മുറിവേറ്റ കടുവകളാണ്, തിരിച്ചടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണവര്‍ അന്നു നമുക്കു കാണാം നാഗിന്‍ ഡാന്‍സ് ഫുള്‍ വെര്‍ഷന്‍.