ലണ്ടൻ ∙ 114 പന്തിൽ 15 ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 18–ാം ഏകദിന സെഞ്ചുറി തികച്ച (137*) രോഹിത് ശർമ ഒരു വശത്ത്. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ചൈനാമെൻ ബോളർ കുൽദീപ് യാദവ് മറുവശത്തും. ഇതിൽ ആർക്കു കൊടുക്കും കളിയിലെ കേമൻപട്ടം? ഇംഗ്ലണ്ടിലെ നോട്ടിങ്ങാമിൽ ക്രിക്കറ്റ് അധികൃതർ പകച്ചുപോയ ഈ ചോദ്യത്തിലുണ്ട് ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനത്തിന്റെ രത്നച്ചുരുക്കം. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇംഗ്ലിഷ് താരങ്ങളെ നിസാരരാക്കി ഇന്ത്യ നേടിയ എട്ടുവിക്കറ്റ് വിജയം, കോഹ്‍ലിപ്പടയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാകുന്നു!
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്തു ബാക്കിനിൽക്കെ 268 റൺസിന് പുറത്തായി. 10 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 70 റൺസ് പിന്നിട്ട ഇംഗ്ലണ്ടിനെ, ഒൻപതു റൺസിനിടെ നേടിയ മൂന്നു വിക്കറ്റ് ഉൾപ്പെടെ ആറു വിക്കറ്റ് പിഴുതെറിഞ്ഞ് വിരട്ടിയത് കുൽദീപ് യാദവ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏതാണ്ട് 10 ഓവർ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഏതാനു ആഴ്ചകൾക്കു മുൻപ് സാക്ഷാൽ ഓസ്ട്രേലിയയുടെ കണ്ണീരുവീഴ്ത്തിയ ഇംഗ്ലണ്ട് ബോളർമാരെ കശാപ്പു ചെയ്തത് ഇന്ത്യയുടെ ഒരേയൊരു ‘ഹിറ്റ്മാൻ’ രോഹിത് ശർമ!
ഈ ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–0). ഒടുവിൽ കളിയിലെ കേമൻ പട്ടം കുൽദീപിനു തന്നെ നൽകി.
മികച്ച തുടക്കം, തകർച്ച, തിരിച്ചുകയറ്റം
10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്റ്റോയും ഇന്ത്യൻ ബോളർമാരെ അനായാസമാണ് നേരിട്ടത്. എന്നാൽ, ചൈനാമെൻ ബോളർ കുൽദീപ് യാദവ് ബോൾ ചെയ്യാനെത്തിയതോടെ പതറിയ ഇംഗ്ലണ്ട്, ഒൻപതു റൺസിനിടെ നഷ്ടമാക്കിയത് മൂന്നു വിക്കറ്റ്.
35 പന്തിൽ ആറു ബൗണ്ടറികളോടെ 38 റൺസെടുത്ത റോയിയാണ് ആദ്യം മടങ്ങിയത്. കുൽദീപിന്റെ പന്തിൽ ഉമേഷ് യാദവിനായിരുന്നു ക്യാച്ച്. പിന്നാലെ സ്കോർ 81ൽ നിൽക്കെ വിശ്വസ്തനായ ജോ റൂട്ടും പുറത്ത്. ആറു പന്തിൽ മൂന്നു റൺസെടുത്ത റൂട്ടിനെ കുൽദീപ് എൽബിയിൽ കുരുക്കി. ഒരു റണ്ണുകൂടി നേടിയതിനു പിന്നാലെ ബെയർസ്റ്റോയും പുറത്തായി. 35 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 38 റൺസെടുത്ത ബെയർസ്റ്റോയെയും കുൽദീപ് എൽബിയിൽ കുരുക്കി.
തുടർന്ന് ക്രീസിൽ ഒരുമിച്ച ക്യാപ്റ്റൻ ഒയിൻ മോർഗനും ബെൻ സ്റ്റോക്സും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ സ്കോർ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ ചാഹൽ വക പ്രഹരം. 20 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 19 റൺസെടുത്ത മോർഗനെ ചാഹൽ സുരേഷ് റെയ്നയുടെ കൈകളിലെത്തിച്ചു.
ഇതോടെ അപകടം മണത്ത സ്റ്റോക്സ്, ജോസ് ബട്‍ലറുമായി ചേർന്ന് കളി മന്ദഗതിയിലാക്കി. വിക്കറ്റ് കളയാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ച സഖ്യം അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 93 റൺസ്. ഒടുവിൽ ഈ സഖ്യവും പിരിച്ചത് കുൽദീപ് തന്നെ. 51 പന്തിൽ 53 റൺസെടുത്ത ജോസ് ബട്‌ലറിനെ കുൽദീപ് ധോണിയുടെ കൈകളിലെത്തിച്ചു. സ്കോർ 214ൽ എത്തിയപ്പോൾ ‘മെല്ലെപ്പോക്കുകാരൻ’ ബെൻ സ്റ്റോക്സും പുറത്തായി. 103 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 50 റൺസെടുത്ത സ്റ്റോക്സിനെ കുൽദീപ്, കൗളിന്റെ കൈകളിലെത്തിച്ചു. പിന്നീട് ഡേവിഡ് വില്ലിയെയും (നാലു പന്തിൽ ഒന്ന്) പുറത്താക്കിയാണ് കുൽദീപ് വിക്കറ്റ് നേട്ടം ആറിലെത്തിച്ചത്.
എന്നാൽ അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മോയിൻ അലി (23 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24), ആദിൽ റഷീദ് (16 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 22 റൺസ്) എന്നിവരാണ് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. ഇംഗ്ലണ്ട് നിരയിൽ ലിയാം പ്ലങ്കറ്റ് ആറു പന്തിൽ 10 റൺസോടെ പുറത്തായി. ഇന്ത്യയ്ക്കായി 10 ഓവറിൽ 25 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് തിളങ്ങിയപ്പോൾ, ഉമേഷ് യാദവ് 9.5 ഓവറിൽ 70 റൺസ് വഴങ്ങി രണ്ടും യുസ്‍വേന്ദ്ര ചാഹൽ 10 ഓവറിൽ 51 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
പതിവുപോലെ ധവാൻ, പിന്നെ രോഹിത്, കോഹ്‍ലി
ഓസ്ട്രേലിയയെ ഞെട്ടിച്ചതിന്റെ പകിട്ടോടെ കാത്തിരുന്ന ഇംഗ്ലണ്ടിനെ, അഫ്ഗാനിസ്ഥാനെ നേരിടുന്ന ലാഘവത്തോടെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ നേരിട്ടതെന്നു പറയേണ്ടിവരും! ഇന്ത്യൻ ഇന്നിങ്സിന്റെ ഒരു ഘട്ടത്തിൽപ്പോലും ബാറ്റ്സ്മാൻമാർക്കു വെല്ലുവിളി ഉയർത്താൻ ഇംഗ്ലണ്ട് താരനിരയ്ക്കായില്ല. മാർക്ക് വുഡും ലിയാം പ്ലങ്കറ്റും ഉൾപ്പെടുന്ന ഇംഗ്ലിഷ് ബോളിങ് നിര ശിഖർ ധവാനും രോഹിത് ശർമയ്ക്കും വിരാട് കോഹ്‍ലിക്കും മുൻപിൽ തീർത്തും നിഷ്പ്രഭരായിപ്പോയി.
ഒന്നാം വിക്കറ്റിൽ ധവാനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും (59) രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (167), പിരിയാത്ത മൂന്നാം വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം 43 റൺസും കൂട്ടിച്ചേർത്ത രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹീറോ.
വെറും 47 പന്തിലാണ് ഒന്നാം വിക്കറ്റിൽ രോഹിത്–ധവാൻ സഖ്യം 59 റൺസെടുത്തത്. കൂട്ടത്തിൽ കൂടുതൽ ആക്രമണകാരിയായിരുന്ന ധവാൻ തന്നെ ആദ്യം പുറത്തായി. വെറും 27 പന്തിൽ എട്ടു ബൗണ്ടറികളോടെ 40 റൺസെടുത്ത ധവാനെ മോയിൻ അലിയുെട പന്തിൽ ആദിൽ റഷീദ് ക്യാച്ചെടുത്ത് മടക്കി.
പിന്നീട് ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ള യാതൊരു വകയും ഇന്ത്യൻ താരങ്ങൾ നൽകിയില്ല. മികച്ച സ്ട്രോക്കുകൾ കെട്ടഴിച്ച് അനായാസം മുന്നേറിയ രോഹിതും കോഹ്‍ലിയും അനായായം ഇന്ത്യൻ സ്കോർ 200 കടത്തി. ചേസിങ്ങിലെ രാജാക്കൻമാരാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച ഇരുവരും രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 167 റൺസ്! കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യ വിജയം പിടിക്കുമെന്ന് തോന്നിച്ചെങ്കിലും അൽപം ആവേശത്തിലായിപ്പോയ കോഹ്‍ലിയെ ആദിൽ റഷീദിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ സ്റ്റംപ് ചെയ്തുപുറത്താക്കി. 82 പന്തിൽ ഏഴു ബൗണ്ടറികളോടെ നേടിയ 75 റൺസുമായിട്ടായിരുന്നു ക്യാപ്റ്റന്റെ മടക്കം.
പിന്നീട് ക്രീസിലെത്തിയ ലോകേഷ് രാഹുലിനെ ഒരറ്റത്ത് സാക്ഷി നിർത്തി രോഹിത് വേഗം ചടങ്ങ് തീർത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ രോഹിത്–രാഹുൽ സഖ്യം കൂട്ടിച്ചേർത്ത 43 റൺസിൽ രാഹുലിന്റെ സമ്പാദ്യം ഒൻപതു റൺസ് മാത്രം. ഒടുവിൽ ഇന്ത്യ വിജയത്തിലെത്തുമ്പോവ്‍ 114 പന്തിൽ 137 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. 15 ബൗണ്ടറികളും നാലു സിക്സും നിറം ചാർത്തിയ ഇന്നിങ്സ്!
കൗളിന് അരങ്ങേറ്റം, കുൽദീപിന് ആദ്യ അഞ്ചുവിക്കറ്റും!
ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിയ സിദ്ധാർഥ് കൗളിന്റെ ഏകദിന അരങ്ങേറ്റമായിരുന്നു ഈ മൽസരത്തിന്റെ പ്രത്യേകത. ഡെത്ത് ഓവർ സ്പെഷലിസ്റ്റുകളിലെ രണ്ടാമനായ ഭുവനേശ്വർ കുമാറിനെയും പരുക്കുമൂലം നഷ്ടമായതിന്റെ വേദനയും ആഘാതവും ഒരു വശത്തു നിൽക്കുമ്പോഴായിരുന്നു സിദ്ധാർഥ് കൗളിന്റെ അരങ്ങേറ്റം. വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ബെൻ സ്റ്റോക്സിനെ പുറത്താക്കാനെടുത്ത ആ ക്യാച്ചായിരിക്കും അരങ്ങേറ്റ മൽസരത്തിലെ കൗളിനെ ആരാധകർക്കു മുന്നിൽ അടയാളപ്പെടുത്തുക. 10 ഓവർ ബോൾ ചെയ്ത കൗൾ 62 റൺസ് വഴങ്ങിയിരുന്നു.
കൗളിനെയും ഉമേഷ് യാദവിനെയും ഒരുവശത്ത് മികച്ച രീതിയിൽ ‘കൈകാര്യം’ ചെയ്തെങ്കിലും, ചൈനാമെൻ ബോളർ കുൽദീപ് യാദവിന്റെ പന്തുകൾ വായിച്ചെടുക്കുന്നതിൽ വന്ന ഗുരുതുര പിഴവാണ് ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെ പിന്നോട്ടുവലിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് മികച്ച തുടക്കമിട്ട ഓപ്പണർമാരെ രണ്ടുപേരെയും മടക്കിയത് കുൽദീപ് തന്നെ.
പിന്നീട് നിലയുറപ്പിക്കാൻ ശ്രമിച്ച ബെൻ സ്റ്റോക്സ്–ജോസ് ബട്‍ലർ സഖ്യത്തെയും കുൽദീപ് തന്നെ പുറത്താക്കി. ഇതിനു പുറമെ ‘ഇംഗ്ലണ്ടിന്റെ വിരാട് കോഹ്‍ലി’ ജോ റൂട്ടിനെയും മടക്കിയ കുൽദീപ് അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തി. വാലറ്റത്തെ പാവപ്പെട്ട ഡേവിഡ് വില്ലിയെയും പുറത്താക്കിയതാടെ കരിയറിലാദ്യമായി ആറാം തമ്പുരാനുമായി, ആരാധകരുടെ കുൽദീപ്! കുൽദീപ് 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയാണ് ആറു വിക്കറ്റ് സ്വന്തമാക്കിയത്.
ട്വന്റി20 പരമ്പരയിൽ ഒരു മൽസരത്തിൽ അൽപം ഫോം ഔട്ടായതിന്റെ പേരിൽ കുൽദീപിനെ തിരികെ കയറ്റിയിരുത്തിയതാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. അതിനുള്ള മറുപടി കൂടി കരുതിയാണ് ആദ്യ ഏകദിനത്തിൽ കുൽദീപ് ഇറങ്ങിയതെന്ന് വ്യക്തം. മാത്രമല്ല, ടെസ്റ്റ് മല്‍സരങ്ങളിൽ അശ്വിനും ജഡേജയ്ക്കുമൊപ്പം പരിഗണിക്കപ്പെടാനുള്ള മികവു തനിക്കുണ്ടെന്നുള്ള അവകാശവാദം കൂടി കോഹ്‍ലിക്കു മുന്നിൽ കുൽദീപ് ഉയർത്തിക്കഴിഞ്ഞു.