ലണ്ടൻ∙ മഹേന്ദ്രസിങ് ധോണി. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ കിരീടം സമ്മാനിച്ച ക്യാപ്റ്റൻ, ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച ‘ബെസ്റ്റ് ഫിനിഷർ’, ടെസ്റ്റിൽ ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’... പറഞ്ഞിട്ടെന്ത്, ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകർ അതേ ക്യാപ്റ്റനെ ഇന്നലെ കൂവിവിട്ടു. മാത്രമല്ല, ധോണി പുറത്തായപ്പോൾ അവർ കയ്യടിക്കുകയും ചെയ്തു!
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിലാണ് ഇന്ത്യൻ നായകനെ ആരാധകർ കൂവി വിട്ടത്. ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കി ചരിത്ര മൽസരത്തിലാണ് ധോണി ഈ കൂവലും പരിഹാസവും ഏറ്റുവാങ്ങി സ്റ്റേഡിയം വിടേണ്ടിവന്നത് എന്നത് വിരോധാഭാസമായി. ഏകദിനത്തിൽ 10,000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണിയെന്നതും ശ്രദ്ധേയം.
ലോർഡ്സിൽ നടന്ന രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോ റൂട്ടിന്റെ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും, പിന്നീട് തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി തകരുകയായിരുന്നു.
59 പന്തുകൾ നേരിട്ട ധോണി രണ്ടു ബൗണ്ടറി ഉൾപ്പെടെ 37 റൺസെടുത്താണ് പുറത്തായത്. ഈ മെല്ലെപ്പോക്കാണ് ആരാധകരെ ധോണിക്ക് എതിരാക്കിയത്. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് മൂന്നിന് 60 റൺസ് എന്ന നിലയിൽ ഇന്ത്യ തകരുമ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, സുരേഷ് റെയ്ന എന്നിവർ നടത്തിയ രക്ഷാപ്രവർത്തനം ഇന്ത്യയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
56 പന്തിൽ രണ്ടു ബൗണ്ടറി ഉൾപ്പെടെ 45 റൺസെടുത്ത വിരാട് കോഹ്‍ലിയെ മോയിൻ അലി എൽബിയിൽ കുരുക്കിയതോടെയാണ് ധോണി ക്രീസിലെത്തിയത്. ഈ സമയത്ത് ഇന്ത്യയുടെ സ്കോർ 27 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ്. ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 138 പന്തിൽ 183 റൺസ്. അവശേഷിക്കുന്നത് ആറു വിക്കറ്റും. ശ്രമിച്ചാൽ വിജയം നേടാവുന്ന അവസ്ഥ.
എന്നാൽ, പന്തുകളുടെ കണക്കുനോക്കാതെ വിജയറണ്ണുകൾ നേടി ശീലിച്ച ധോണിയെ കാത്തിരുന്ന ആരാധകർക്കു മുന്നിലേക്കെത്തിയത് മെല്ലെപ്പോക്കുകാരനായ ധോണി. വലിയ ഷോട്ടുകളിലൂടെ റൺറേറ്റ് ഉയർത്തുന്നതിനു പകരം ക്രീസിൽ ചെലവഴിക്കാനുള്ള ധോണിയുടെ ശ്രമം ആരാധകർക്ക് ദഹിച്ചില്ലെന്നതാണ് സത്യം. കോഹ്‍ലിക്കു പിന്നാലെ 63 പന്തിൽ 46 റൺസുമായി സുരേഷ് റെയ്നയും കൂടാരം കയറിയതും ഇന്ത്യയെ വലച്ചു.
ഹാർദിക് പാണ്ഡ്യ–ധോണി സഖ്യം ഇന്ത്യയെ രക്ഷിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും 22 പന്തിൽ ഒരു ബൗണ്ടറി സഹിതം 21 റൺസെടുത്ത ഹാർദിക്കിനെ ലിയാം പ്ലങ്കറ്റ് മടക്കിയതോടെ ആരാധകരുടെ പ്രതീക്ഷ ഇടിഞ്ഞു.
അപ്പോഴും, 46–ാം ഓവർ തുടങ്ങുമ്പോൾ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 30 പന്തിൽ 110 റൺസ്. ഡേവിഡ് വില്ലി എറിഞ്ഞ ഈ ഓവറിലെ ആദ്യ നാലു പന്തുകളിൽ ധോണിക്ക് റൺ സ്കോർ ചെയ്യാൻ സാധിക്കാതെ പോയതോടെയാണ് ആരാധകർ ക്രുദ്ധരായത്. അടുത്തിടെയായി മെല്ലെപ്പോക്കിന് തുടർച്ചയായി പഴി കേൾക്കാറുള്ള ധോണി ഈ മൽസരത്തിലും ഇത് ആവർത്തിച്ചതോടെ ആരാധകർ കൂവിവിളിക്കുകയായിരുന്നു. ഓരോ പന്തിനുശേഷവും ആരാധകർ കൂവിയ കാഴ്ച, ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു കളിയിലെ കേമൻപട്ടം നേടിയ ജോ റൂട്ടിന്റെ പ്രതികരണം.
ഈ ഓവറിന്റെ അവസാനം ഷാർദുൽ താക്കൂറും അക്സർ പട്ടേലും കുടിവെള്ളവും പകരം നൽകാനുള്ള ബാറ്റുമായി സ്റ്റേഡിയത്തിലെത്തിയതു പോലും സ്കോറിങ്ങിനു വേഗം കൂട്ടാനുള്ള ടീമിന്റെ നിർദ്ദേശം ധോണിയെ അറിയിക്കാനാണെന്ന തരത്തിൽ കമന്ററി ബോക്സിൽനിന്നും അഭിപ്രായം ഉയരുകയും ചെയ്തു. ലിയാം പ്ലങ്കറ്റ് എറിഞ്ഞ അടുത്ത ഓവറിൽ കൂറ്റനടിക്കു ശ്രമിച്ച ധോണി, ബൗണ്ടറിക്കു സമീപം ഡീപ് മിഡ് വിക്കറ്റിൽ ക്യാച്ചു സമ്മാനിച്ചു പുറത്താവുകയും ചെയ്തു.
അതേസമയം, മൽസരശേഷം മാധ്യമങ്ങളെ കാണാനെത്തിയ യുസ്‌വേന്ദ്ര ചാഹൽ, ഇങ്ങനൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചു. സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ ധോണിക്ക് പ്രത്യേകം നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യ പുറത്തായശേഷം പിന്നീട് ഇറങ്ങാനുണ്ടായിരുന്നത് താനും സിദ്ധാർഥ് കൗളും ഉമേഷ് യാദവും കുൽദീപ് യാദവും മാത്രമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ സ്പെഷൽ ബാറ്റ്സ്മാൻമാർ ഇറങ്ങാനുള്ളതുപോലെ ധോണിക്ക് എങ്ങനെ ബാറ്റു ചെയ്യാനാകുമെന്നും ചാഹൽ ചോദിച്ചു.
ഈ സാഹചര്യത്തിൽ കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കുക എന്നതു തന്നെയായിരുന്നു ഉചിതമായ നടപടി. നേരത്തെ തന്നെ വലിയ ഷോട്ടിന് ശ്രമിച്ച് ധോണി പുറത്തായിരുന്നെങ്കിൽ, ഇന്നിങ്സിൽ 50 ഓവർ തികയ്ക്കാൻ പോലും ഇന്ത്യയ്ക്കു കഴിയുമായിരുന്നില്ലന്നും ചാഹൽ ചൂണ്ടിക്കാട്ടി.