ലണ്ടൻ ∙ ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട്–ഇന്ത്യ രണ്ടാം ഏകദിനത്തിനിടെ കാമുകിയോടു പ്രണയാഭ്യർഥന നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെയാണു സംഭവം. ഗാലറിയിൽ ഇരുന്ന ചെറുപ്പക്കാരൻ ഒപ്പമുള്ള യുവതിയോടു പ്രണയാഭ്യർഥന നടത്തുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട ക്യാമറാമാനാണ് കുസൃതി ഒപ്പിച്ചത്.
ക്യാമറ യുവതിക്കും യുവാവിനും നേരെ ഉറപ്പിച്ചതോടെ ദൃശ്യങ്ങൾ സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. യുവാവിന്റെ നിൽപും പരുങ്ങലും കണ്ടു കാര്യം മനസ്സിലാക്കിയ കമന്റേറ്റർമാരും ഇതോടെ ഉഷാറായി. ഇതിനിടെ യുവാവ് വിവാഹമോതിരവുമായി മുട്ടുകുത്തി യുവതിയോടു പ്രണയാഭ്യർഥനയും നടത്തി.
ഡിആർഎസിനു സമാനമായ രീതിയിൽ ഡിസിഷൻ പെൻഡിങ് എന്ന വാചകം അപ്പോൾ ബിഗ് സ്ക്രീനിൽ തെളിഞ്ഞു. യുവതി സമ്മതം മൂളിയതോടെ ഷീ സെഡ് യെസ് എന്നും സ്ക്രീനിലെ വാചകം പരിണമിച്ചു. പ്രണയസാക്ഷാൽക്കാരം കാണികൾ കരഘോഷങ്ങളോടെ പാസാക്കി. പന്തെറിയാൻ തയാറെടുത്തുനിന്ന ഇന്ത്യൻ ബോളർ യുസവേന്ദ്ര ചാഹൽ പോലും ക്ലൈമാക്സ് രംഗത്തിനു കൈയടിച്ചുപോയി. മൽസരത്തിൽ ഇംഗ്ലണ്ട് 86 റൺസിനു ജയിച്ചിരുന്നു.