Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിപ്പട ജാഗ്രതൈ; ബാറ്റ് താഴെയിട്ട് റൂട്ട് ബോളെടുക്കുന്നു!

joe-root ജോ റൂട്ട് (ട്വിറ്റർ ചിത്രം)

ലണ്ടൻ ∙ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ആദ്യ രണ്ട് ഏകദിന മൽസരങ്ങളിലും ഇംഗ്ലണ്ട് ഏറ്റവുമധികം ഭയന്നത് ഇന്ത്യയുടെ സ്പിൻ ബോളിങ്ങിന് മുന്നിലാണ്. കുൽദീപ് യാദവും യുസ്‍വേന്ദ്ര ചഹലും ഇംഗ്ലിഷ് ബാറ്റിങ് നിരയിൽ ഉണ്ടാക്കിയ പ്രശ്നങ്ങളും ചില്ലറയല്ല. ഒയിൻ മോർഗനും ജോ റൂട്ടും തിളങ്ങിയ മൂന്നാം ഏകദിനത്തിൽ മാത്രമാണ് ഇന്ത്യയുടെ സ്പിൻ ഇരട്ടകൾക്കു മുന്നിൽ ഇംഗ്ലണ്ട് തിളങ്ങിയത്. 

എന്നാൽ അതേ സ്പിൻ തന്ത്രം ഇന്ത്യയ്ക്കെതിരെയും നടപ്പാക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. അഞ്ച് മൽസരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലിഷ് ബാറ്റ്സ്മാൻ ജോ റൂട്ടിലാണ് ഇംഗ്ലണ്ടിന്റെ സ്പിൻ പ്രതീക്ഷകൾ. കൗണ്ടി ക്രിക്കറ്റിൽ റൂട്ടിന്റെ സ്പിൻ ബോളിങ്ങാണ് ഇംഗ്ലിഷ് ടീമിന് പുത്തൻ പ്രതീക്ഷകള്‍ സമ്മാനിക്കുന്നത്.

കൗണ്ടി ക്രിക്കറ്റിൽ യോർക്‌ഷയറിന്റെ താരമാണ് ജോ റൂട്ട്. ജൂലൈ 22 മുതൽ 24 വരെ നടന്ന ലന്‍കൻഷെയർ- യോർക്‌ഷെയർ മൽസരത്തിലെ റൂട്ടിന്റെ ബോളിങ് പ്രകടനം കണ്ട് ഇംഗ്ലിഷ് താരങ്ങൾ തന്നെ അത്ഭുതപ്പെട്ടുപോയെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം ഇന്നിങ്സില്‍ 22ഉം രണ്ടാം ഇന്നിങ്സിൽ മൂന്ന് റൺസുമാണ് റൂട്ടിന് ആകെ നേടാനായത്. എന്നാൽ രണ്ടാം ഇന്നിങ്സിൽ എതിരാളികളുടെ നാല് വിക്കറ്റുകൾ റൂട്ട് പിഴുതു. 7.4 ഓവറുകളിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു റൂട്ടിന്റെ വിക്കറ്റ് നേട്ടം. ഇതിൽ അഞ്ച് ഓവറുകളിൽ ഒരു റൺസ് പോലും എതിരാളികൾക്ക് എടുക്കാനുമായില്ല. മാഞ്ചസ്റ്ററില്‍ നടന്ന മൽസരത്തില്‍ യോർക്‌ഷയർ 118 റൺസിന് ജയിക്കുകയും ചെയ്തു. 

ജോസ് ബട്‍ലർ, ഗ്രഹാം ഓനിയൻസ്, പാർക്കിൻസൺ, ജെയിംസ് ആൻഡേഴ്സൺ എന്നിവരുടെ വിക്കറ്റുകളാണ് ഈ മൽസരത്തിൽ റൂട്ട് സ്വന്തമാക്കിയത്. വലംകൈ ഓഫ് ബ്രേക്ക് ബോളറായ റൂട്ട് ഇന്ത്യയ്ക്കെതിരെയും സമാനമായ പ്രകടനം തുടരുമോ എന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 69 മൽസരങ്ങളിൽ നിന്നായി 19 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. 

കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് റൂട്ട് കൗണ്ടിയിൽ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ഓഗസ്റ്റ് ഒന്നിന് ബർമിങ്ഹാമിലാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം. ലണ്ടൻ, നോട്ടിങ്ഹാം, സതാംപ്ടൺ എന്നിവിടങ്ങളിലാണ് മറ്റു മൽസരങ്ങൾ. 

related stories